Vaikom Muhammad Basheer: യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ? പള്ളിക്കെന്തിനാ പൊൻകുരിശ്… ബഷീർ മറഞ്ഞിട്ട് 31 വർഷം
Vaikom Muhammad Basheer Death Anniversary: കാമുകി സാറാമ്മയ്ക്ക് മുന്നിൽ തലകുത്തി നിന്നു പ്രേമിക്കുന്ന കാമുകൻ കേശവൻ നായരും കൂരാകൂരിരുട്ടത്ത് ചാണക കൂമ്പാരം ആണെന്ന് കരുതി ആനയെ തൂമ്പാ കൊണ്ട് വെട്ടിക്കോരി കുട്ടയിലാക്കാൻ നോക്കിയ ആനവാരി രാമൻ നായരും പ്രേമ ഭാജനത്തിന് പ്രേമോപഹാരം ആയി കക്കൂസ് സമർപ്പിക്കുന്ന നിസാർ അഹമ്മദും എല്ലാം വെറൈറ്റി കഥാപാത്രങ്ങൾ തന്നെ.

Vaikom Muhammad Basheer
കണക്കിന് പോലും സ്വന്തമായ സമവാക്യങ്ങൾ കൊടുത്തു പുതിയ തീയറികൾ സൃഷ്ടിച്ച ഒരേയൊരു സാഹിത്യകാരനേ മലയാളത്തിൽ ഉണ്ടാകൂ. അത് മറ്റാരുമല്ല ഒന്നും ഒന്നും ചേർന്നാൽ രണ്ടല്ല ഇമ്മിണി ബല്യ ഒന്നാണെന്ന് കണ്ടെത്തിയ ബേപ്പൂരിന്റെ സുൽത്താൻ… നമ്മുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ.
1994 ജൂലൈ 5 ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. നാളെ അദ്ദേഹത്തിന്റെ ഓർമ്മകൾ വീണ്ടും നമ്മെ തേടിവരുന്ന ബഷീർ ദിനമാണ്. സരസമായ ഭാഷയും മഹത്തായ ചിന്താഗതിയും കൊണ്ട് നമ്മളെ ഏറെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ബഷീർ, നാട്ടുഭാഷയുടെ കൂടി സുൽത്താൻ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ വാമൊഴിയിലൂടെ നമ്മോട് സംസാരിച്ചത് എല്ലാം വെറും തമാശകൾ മാത്രമായിരുന്നില്ല പച്ചയായ ജീവിതയാഥാർത്ഥ്യങ്ങൾ കൂടിയായിരുന്നു.
കള്ളസ്സാച്ചി പറേങ്കയ്യേല….
നിരവധി പ്രയോഗങ്ങൾ മലയാളത്തിന് സമ്മാനിച്ച അദ്ദേഹത്തിന്റെ പല കൃതികളിലും കഥാപാത്രങ്ങൾ പറഞ്ഞ പല പ്രയോഗങ്ങളും ഇന്നും മായാതെ മങ്ങാതെ നിൽക്കുന്നു.
ഞാ ഞ്ഞീം മാന്തും എന്ന് പറഞ്ഞ ബാല്യകാല സഖിയെ മറക്കാൻ പറ്റുമോ? സ്ഥലത്തെ പ്രധാന ദിവ്യന് പുഴു പുസു ആയിരുന്നു… പുസു ചെറിയൻ പുസു എന്നയാൾ ഉറക്കെ ഉറക്കെ പറഞ്ഞു. പത്ക്ക പറാ…. (പാത്തുമ്മയുടെ ആട് )
കള്ളസാച്ചി പറേങ്കയ്യേല ( ന്റുപ്പാപ്പാക്കി ഒരാനേണ്ടാർന്ന് ) അത് പെറാറായി ( പാത്തുമ്മയുടെ ആട് ) എന്നിങ്ങനെ നീളുന്നു വാമൊഴികളുടെ ശ്രേണി.
തന്റെ മുന്നിലൂടെ പോകുന്ന എന്തിനെയും ബഷീർ നന്നായി നിരീക്ഷിക്കും. അത് കല്ലോ പൊടിയോ ഉറുമ്പോ പൂച്ചയോ ആനയോ ആടോ എന്തായാലും നന്നായി നിരീക്ഷിച്ചു മനസ്സിൽ സൂക്ഷിക്കും. കൃത്യസമയത്ത് കഥാപാത്രങ്ങളായി അവ പ്രത്യക്ഷപ്പെടും. അങ്ങനെയാണ് പുസ്തകം തിന്നുന്ന ആടും ചാണകമായി തോന്നിയ ആനയും എല്ലാം കഥാപാത്രങ്ങളായി മാറിയത്.
യേശുമിശിഹാ തമ്പുരാനെ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ… പള്ളിക്കെന്തിനാ പൊൻകുരിശ്…
അടിപൊളി പേരുള്ള കഥാപാത്രങ്ങളും പൊളപ്പൻ ഡയലോഗുകളും ബഷീറിന്റെ കഥാപാത്രങ്ങളുടെ ഏറ്റവും വലിയ സവിശേഷതയായിരുന്നു. പള്ളിയിൽ കയറി പൊൻകുരിശു മോഷ്ടിക്കുന്നതിനെ എത്രമാത്രം ന്യായീകരിക്കാമോ അത്രമാത്രം ന്യായീകരിച്ച ഒരു കള്ളനുണ്ടായിരുന്നു…യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ? പള്ളിക്കെന്തിനാ പൊൻകുരിശ്… എന്നാണ് അയാൾ ചോദിച്ചത്. കേട്ടാൽ ന്യായമെന്നു തോന്നുന്ന ഈ മഹത്തായ സിദ്ധാന്തം പൊൻകുരിശു തോമയെക്കൊണ്ടു പറയിച്ച ഒരു കഥാകൃത്ത് മലയാളത്തിലല്ലാതെ മറ്റൊരിടത്തും കാണില്ല.
ഒന്നും ഒന്നും കൂട്ടിയാൽ എത്രയാണെടാ എന്ന മാഷിന്റെ ചോദ്യത്തിന് ഇമ്മിണി ബല്യ ഒന്ന് എന്ന ഉത്തരം പറഞ്ഞ മജീദ് ഇന്നും ഹീറോ തന്നെ. കാമുകി സാറാമ്മയ്ക്ക് മുന്നിൽ തലകുത്തി നിന്നു പ്രേമിക്കുന്ന കാമുകൻ കേശവൻ നായരും കൂരാകൂരിരുട്ടത്ത് ചാണക കൂമ്പാരം ആണെന്ന് കരുതി ആനയെ തൂമ്പാ കൊണ്ട് വെട്ടിക്കോരി കുട്ടയിലാക്കാൻ നോക്കിയ ആനവാരി രാമൻ നായരും പ്രേമ ഭാജനത്തിന് പ്രേമോപഹാരം ആയി കക്കൂസ് സമർപ്പിക്കുന്ന നിസാർ അഹമ്മദും എല്ലാം വെറൈറ്റി കഥാപാത്രങ്ങൾ തന്നെ.
സങ്ങതി അറിഞ്ഞോ… എന്ന് ചോദ്യം ചോദിച്ച് എല്ലായിടത്തും എത്തുന്ന എട്ടുകാലി മമ്മൂഞ്ഞുമാർ പല പേരുകളിൽ പല ഭാവത്തിൽ ഇന്നും നമുക്കിടയിൽ ഇല്ലേ. ഡോക്ടർ വരാതെ പ്രസവിക്കില്ലെന്ന് പറഞ്ഞ് ഐഷു കുട്ടിയും പൂവമ്പഴത്തിനുവേണ്ടി ശാഠ്യം പിടിച്ച ജമീല ബീവിയും നമ്മുടെയെല്ലാം പതിപ്പ് തന്നെ. മരിച്ചു മുപ്പത്തൊന്നാണ്ടു പിന്നിടുമ്പോഴും ബഷീർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. ഓരോ നിമിഷവും ഓരോ മികച്ച തമാശകൾ പറഞ്ഞ് നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ…