Sabarimala Mandala Kalam 2025: മാളികപ്പുറത്തമ്മയ്ക്കു മുന്നിലെ തേങ്ങ ഉരുട്ടൽ; വിശ്വാസത്തിനു പിന്നിലെ യാഥാർത്ഥ്യം
Malikappurathamma in Sabarimala: ഇതുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. ശബരിമല മാളികപ്പുറത്തിനു മുന്നിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ഒന്നും....
വീണ്ടും ഒരു മണ്ഡലകാലം എത്തിയിരിക്കുകയാണ്. അയ്യപ്പ ദർശനത്തിനായി നിരവധി പേരാണ് മല കയറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. കുട്ടികളും വയോധികരും അടക്കം വ്രതം അനുഷ്ടിച്ച് അയ്യപ്പ ദർശനത്തിനായി മല കയറുകയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള മറ്റൊന്നാണ് മാളികപ്പുറം. മണികണ്ഠന്റെ ഭക്ത ആണ് മാളികപ്പുറത്തമ്മ എന്നാണ് വിശ്വാസം.
അതിനാൽ അയ്യപ്പനെ ദർശിക്കാൻ എത്തുന്നവർ മാളികപ്പുറത്തമ്മയെ കാണാതെ പോകാറില്ല. പ്രത്യേകിച്ചും 10 വയസ്സിൽ താഴെ ഉള്ള പെൺകുട്ടികളും 50 വയസ്സിന് മുകളിലുള്ള സ്ത്രീകളും അയ്യപ്പസ്വാമിയെ കാണാനായി പതിനെട്ടാം പടി ചവിട്ടി എത്തിയാൽ മാളികപ്പുറത്തമ്മയുടെ അനുഗ്രഹവും നേടാറുണ്ട്. മാളികപ്പുറത്തുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ചുറ്റും തേങ്ങ ഉരട്ടുന്ന ഒരു ചടങ്ങ് നടത്താറുണ്ട്.
പല വിശ്വാസങ്ങളാണ് ഇതിന് പിറകിലുള്ളത്. അതിൽ പ്രധാനമാണ് ഒന്ന് വിവാഹവുമായി ബന്ധപ്പെട്ട് മറ്റൊന്ന് പരിഹാരക്രിയ എന്ന രീതിയിലും. തേങ്ങ ഉരുട്ടി ദേവിയെ വലം വെക്കുന്നത് ഒരുതരം പ്രദക്ഷിണം പോലെയാണ് കണക്കാക്കപ്പെടുന്നത്. മറ്റൊന്ന് പരിഹാരക്രിയ എന്ന വിശ്വാസത്തിലാണ്.
ശബരിമലയിൽ എത്തുന്ന ഭക്തർക്ക് അറിഞ്ഞോ അറിയാതെയോ വ്രതാനുഷ്ഠാനങ്ങളിൽ വരുന്ന വീഴ്ചകൾക്കും തെറ്റുകൾക്കും പരിഹാരമായിട്ടാണ് മാളികപ്പുറത്തമ്മയുടെ മുന്നിലെത്തി തേങ്ങ ഉരുട്ടുന്നത്. ശുദ്ധമായ മനസ്സോടെ തേങ്ങ ഉരുട്ടി പ്രതിക്ഷണം ചെയ്യുന്നതോടെ ചെയ്തുപോയ എല്ലാ പാപങ്ങളും ദോഷങ്ങളും മാറും എന്നും ഭക്തർ വിശ്വസിക്കുന്നു.
ALSO READ:ഇരുമുടിക്കെട്ടിൽ കരുതേണ്ട പ്രധാനപ്പെട്ട വസ്തുക്കൾ എന്തെല്ലാം?
കൂടാതെ മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനു സമീപത്ത് ഉള്ള അയ്യപ്പന്റെ എഴുന്നള്ളത്തിന്റെ ശിരയിൽ നെല്ലും അവലും കദളിപ്പഴവും മഞ്ഞളും സമർപ്പിക്കുന്നത് ശബരിമല തീർത്ഥാടനത്തിൽ ഉള്ള പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. കൂടാതെ മാളികപ്പുറത്തമ്മയ്ക്ക് വഴിപാടായി മഞ്ഞൾപൊടി പട്ട് താലപ്പൊലി എന്നിവയും സമർപ്പിക്കാറുണ്ട്.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. ശബരിമല മാളികപ്പുറത്തിനു മുന്നിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപൊടി വിതറുന്നതും ഒന്നും വിശ്വാസമില്ലെന്നും അതൊന്നും ആചാരമായി ഉൾക്കൊള്ളാൻ സാധിക്കില്ല എന്നും ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതൊന്നും ആചാരങ്ങളുടെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സബരിമല മുൻ തന്ത്രി കണ്ഠര് രാജീവരും പ്രതികരിച്ചിട്ടുണ്ട്. മാളികപ്പുറത്തിന് ചുറ്റും തേങ്ങ ഉരുട്ടുന്നത് ഒരു ആചാരമേയല്ല.
അങ്ങനെയൊരു വഴിപാടില്ല. കൂടാതെ ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറുന്നതും അനാചാരമാണ്. കൂടാതെ മണിമണ്ഡപത്തിൽ ഭസ്മം വിതറുന്നതും ഒരു ആചാരമോ വഴിപാടോ ആയി കണക്കാക്കാൻ സാധിക്കില്ല എന്നും രാജീവർ ഇതിനോടകം വ്യക്തമാക്കിയതാണ്. ഇതെല്ലാം കർശനമായി നിരോധിക്കേണ്ടതായിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ഇപ്പോഴും ഈ പ്രവണത വിശ്വാസം എന്ന പേരിൽ തുടരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)