India vs England Test: എട്ട് വര്‍ഷത്തിനു ശേഷം കരുണ്‍ നായരുടെ തിരിച്ചുവരവ്; പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പ്? ബിസിസിഐ നല്‍കിയത് വലിയ സൂചന
Karun Nair: പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ കരുണ്‍ കളിച്ചേക്കില്ലെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ നെറ്റ്സിൽ നേരിടുന്നതിനിടെ പന്ത് താരത്തിന്റെ ശരീരത്തിടിക്കുകയായിരുന്നു. എന്നാല്‍ കരുണ്‍ വീണ്ടും പരിശീലനം തുടര്‍ന്നു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ലീഡ്‌സില്‍ നടക്കും. ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനെ നേരത്തെ പ്രഖ്യാപിച്ചെങ്കിലും, ഇന്ത്യയുടെ അന്തിമ ഇലവനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ടോസിന്റെ സമയത്ത് മാത്രമേ ലഭ്യമാകൂ. കരുണ്‍ നായര്‍ പ്ലേയിങ് ഇലവനിലുണ്ടാകുമോയെന്നതിലാണ് ആകാംക്ഷ. എട്ട് വര്‍ഷത്തിന് ശേഷമാണ് കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. കരുണ്‍ നായര്‍ പ്ലേയിങ് ഇലവനിലുണ്ടാകുമെന്ന സൂചനയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെ ബിസിസിഐ നല്‍കുന്നതെന്നാണ് ആരാധകരുടെ അനുമാനം. ‘കരുണ്‍ നായര്‍ റെഡി ടു ഗോ’ എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ ചിത്രം ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഇന്ത്യയ്ക്കുവേണ്ടി വീണ്ടും ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നതായിരുന്നു എല്ലാ ദിവസവും തന്റെ ചിന്തയെന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി ബിസിസിഐ പങ്കുവച്ച മറ്റൊരു വീഡിയോയില്‍ കരുണ്‍ പറഞ്ഞു. ആ ചിന്തയായിരിക്കാം മുന്നോട്ടു നയിച്ചത്. എല്ലാ ദിവസവും പരിശീലിക്കാനുള്ള പ്രേരകശക്തിയും അതായിരിക്കാം. ഈ ജഴ്‌സി ധരിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ടെന്നും കരുണ്‍ കൂട്ടിച്ചേര്‍ത്തു.




This is Karun Nair and he is 𝗥𝗲𝗮𝗱𝘆 𝗧𝗼 𝗚𝗼! 👍 👍#TeamIndia | #ENGvIND | @karun126
— BCCI (@BCCI) June 20, 2025
എന്നായിരിക്കും തനിക്ക് വീണ്ടും അവസരം ലഭിക്കുകയെന്ന് ചിന്തിച്ച് ടിവിയിലേക്ക് നോക്കിയിരുന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ഒടുവില്‍ വീണ്ടും ഡ്രസിങ് റൂമിലെത്തിയപ്പോഴാണ് താന്‍ തിരിച്ചെത്തിയെന്ന് ബോധ്യപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ കരുണ്‍ കളിച്ചേക്കില്ലെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. പേസ് ബൗളർ പ്രസിദ്ധ് കൃഷ്ണയെ നെറ്റ്സിൽ നേരിടുന്നതിനിടെ പന്ത് താരത്തിന്റെ ശരീരത്തിടിക്കുകയായിരുന്നു. എന്നാല്‍ താരം വീണ്ടും പരിശീലനം തുടര്‍ന്നു. പരിക്ക് നിസാരമാണെന്നാണ് സൂചന.