Sanju Samson: സഞ്ജു ഏഷ്യാ കപ്പില്‍ കളിക്കും? കെസിഎല്ലില്‍ നല്‍കിയത് വലിയ സൂചന
Sanju Samson Asia Cup 2025: സമീപകാല ടി20കളില്‍ സഞ്ജുവും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ ഏഷ്യാ കപ്പ് ടീമില്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ഇടം പിടിച്ചതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം കിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്

സഞ്ജു സാംസണ്‍
ഏഷ്യാ കപ്പില്‍ സഞ്ജു സാംസണ്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്ററായി കളിച്ചേക്കുമെന്ന് അഭ്യൂഹം. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ ഇന്നലെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍, കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായ സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഇന്ത്യയുടെ ടി20 ടീമിലും, ഐപിഎല്ലിലും ഓപ്പണറായാണ് സഞ്ജു അടുത്തകാലത്ത് കളിച്ചത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആദ്യം ഓപ്പണറായി കളിച്ചെങ്കിലും, പിന്നീട് വൈഭവ് സൂര്യവംശി ആ സ്ഥാനത്തെത്തിയതോടെ സഞ്ജു വണ്‍ ഡൗണ്‍ പൊസിഷനിലേക്ക് മാറിയിരുന്നു.
എന്നാല്‍ കെസിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഞ്ചാം നമ്പര്‍ ബാറ്ററായിരുന്നു സഞ്ജു. എന്നാല്‍ 98 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊച്ചി മറികടന്നതിനാല്‍ സഞ്ജുവിന് ബാറ്റിങിന് ഇറങ്ങേണ്ടി വന്നില്ല. എങ്കിലും സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ചര്‍ച്ചകള്‍ ശക്തമായി.
സഞ്ജു എത്തുമെന്ന കരുതിയ ഓപ്പണിങ് പൊസിഷനില്‍ വിനൂപ് മനോഹരനും, ജോബിന്‍ ജോബിയുമാണ് ബാറ്റിങിന് വന്നത്. ഏഷ്യാ കപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സഞ്ജു ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതെന്നാണ് സൂചന.
Also Read: KCL 2025: അവസാന ഓവർ ത്രില്ലർ; കാലിക്കറ്റിനെതിരെ ഒരു വിക്കറ്റിൻ്റെ ആവേശജയവുമായി കൊല്ലം
സമീപകാല ടി20കളില്‍ സഞ്ജുവും, അഭിഷേക് ശര്‍മയുമായിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. എന്നാല്‍ ഏഷ്യാ കപ്പ് ടീമില്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ഇടം പിടിച്ചതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം കിട്ടില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.
മൂന്നാമതായി തിലക് വര്‍മയും, നാലാമതായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ബാറ്റു ചെയ്യും. പിന്നീടുള്ള ബാറ്റിങ് പൊസിഷനുകളിലാണ് സഞ്ജുവിന്റെ സാധ്യത. ഐപിഎല്ലില്‍ അടക്കം ഫിനിഷറായി മികച്ച രീതിയില്‍ പ്രകടനം പുറത്തെടുത്ത ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി ടീമിലുണ്ടെന്നതാണ് സഞ്ജുവിന്റെ വെല്ലുവിളി.
സഞ്ജുവിന് പനി
അതേസമയം, മത്സരദിനം സഞ്ജുവിന് പനിയും, ചുമയും അനുഭവപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണോ താരം ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് വന്നതെന്നും വ്യക്തമല്ല. മത്സരശേഷം സഞ്ജു ആശുപത്രിയില്‍ അഡ്മിറ്റായതായാണ് വിവരം. എന്നാല്‍ പിന്നീട് ഡിസ്ചാര്‍ജായി. തുടര്‍ന്ന് താരം വീട്ടിലേക്ക് പോയി. നാളെ നടക്കുന്ന ആലപ്പി റിപ്പിള്‍സിനെതിരായ മത്സരത്തില്‍ താരം കളിച്ചേക്കുമെന്നാണ് സൂചന.