‘കിരീട ശാപ’മുള്ള ആ ടീം ഫിഫ കപ്പടിക്കും! പ്രമുഖരുടെ ആരാധകർക്ക് ചങ്കിടിപ്പ് കൂട്ടി ഗണിതജ്ഞന്റെ പ്രവചനം
FIFA World Cup 2026 winner prediction: ഇതിനകം മൂന്ന് ഫിഫ ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ളയാളാണ് ക്ലെമെന്റ്. 2014 ബ്രസീൽ ലോകകപ്പിൽ തന്റെ ജന്മനാടായ ജർമ്മനിയുടെ വിജയവും, 2018 റഷ്യ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയവും 2022ൽ നടന്ന ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയവും ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ 2026 വേൾഡ്കപ്പിലെ വിജയി ആരായിരിക്കുമെന്ന ക്ലെമന്റിന്റെ പ്രവചനം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ഫിഫ ലോകകപ്പ് 2026 (FIFA World Cup 2026) മത്സരങ്ങൾ തുടങ്ങും മുമ്പ് തന്നെ വിജയി ആര് എന്ന നിലയ്ക്കുള്ള പ്രവചനങ്ങളുടെ കുത്തൊഴുക്കാണ്. ഇതിന് മുൻപ് കൃത്യമായി ലോകകപ്പ് വിജയികളെ പ്രവചിച്ചിട്ടുള്ളവരും ഫുട്ബോൾ രംഗത്തെ പ്രമുഖരും ഉൾപ്പെടെ ഇത്തവണത്തെ വിജയി ആരെന്ന തങ്ങളുടെ പ്രവചനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തുകയുണ്ടായി. അതിൽ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച പ്രവചനങ്ങളിലൊന്ന് ജർമ്മൻ ഗണിതശാസ്ത്രജ്ഞനായ ജോക്കിം ക്ലെമെന്റിന്റേത് (Joachim Klement) ആയിരുന്നു. തങ്ങളുടെ ഇഷ്ട ടീം വിജയിക്കുമെന്നാണ് ആരാധകർ ഓരോരുത്തരും ആഗ്രഹിക്കുന്നത്. എങ്കിലും വിജയികളാരായിരിക്കും എന്ന പ്രവചനങ്ങൾക്ക് കേൾവിക്കാർ ഏറെ ഉണ്ടാകാറുണ്ട്. പ്രവചനം വിജയിക്കുമോയെന്ന ആളുകളുടെ കൗതുകവും ഇത്തരം പ്രവചനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.
ഇതിനകം മൂന്ന് ഫിഫ ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ളയാളാണ് ക്ലെമെന്റ്. 2014 ബ്രസീൽ ലോകകപ്പിൽ തന്റെ ജന്മനാടായ ജർമ്മനിയുടെ വിജയവും, 2018 റഷ്യ ലോകകപ്പിൽ ഫ്രാൻസിന്റെ വിജയവും 2022ൽ നടന്ന ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ വിജയവും ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരുന്നു. ഈ മുൻ വിജയങ്ങളുടെ കൂടി പശ്ചാത്തലത്തിൽ ഈ വേൾഡ്കപ്പിലെ വിജയികൾ ആരായിരിക്കുമെന്ന ക്ലെമന്റിന്റെ പ്രവചനം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
ALSO READ: ഫിഫ ലോകകപ്പ് മത്സരങ്ങൾ ദൂരദർശനിൽ സൗജന്യമായി കാണാം? വാസ്തവം ഇതാണ്
‘കിരീട ശാപം തീരും’
ഫിഫ ലോകകപ്പ് ടൂർണമെന്റുകളിൽ കിരീട ശാപമുള്ള ടീമുകളിലൊന്നായാണ് നെതർലൻഡ്സ് കരുതപ്പെടുന്നത്. എന്നാൽ ഇത്തവണ ഈ ‘ഓറഞ്ച് പട’ ലോകകപ്പ് കിരീടത്തിൽ മുത്തമിടും എന്നാണ് ജോക്കിം ക്ലെമെന്റ് പ്രവചിച്ചിരിക്കുന്നത്. മുൻപ് മൂന്ന് തവണ ലോകകപ്പ് റണ്ണേഴ്സ്-അപ്പ് ആയിട്ടുള്ള ടീം കൂടിയാണ് നെതർലൻഡ്സ്. 1974, 1978, 2010 വർഷങ്ങളിലായിരുന്നു അത്.
ഈ ലോകകപ്പിൽ കപ്പ് നേടുമെന്ന് അധികമാരും കരുതാത്ത ഒരു ടീമാണ് നെതർലൻഡ്. 2026 ലോകകപ്പിൽ ജപ്പാൻ, സ്വീഡൻ, ടുണീഷ്യ എന്നിവരോടൊപ്പം ഗ്രൂപ്പ് F-ലാണ് നെതർലൻഡ്സ് മത്സരിക്കുന്നത്. ഏഷ്യൻ കരുത്തരായ ജപ്പാനും യൂറോപ്പിൽ നിന്നുള്ള കടുത്ത എതിരാളികളായ സ്വീഡനും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഡച്ച് പടയ്ക്ക് വെല്ലുവിളിയുയർത്താൻ ശേഷിയുള്ളവരാണ്.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം എന്ന് ചോദിച്ചാൽ അതിന് ജോക്കിം ക്ലെമെന്റ് നൽകുന്ന ഉത്തരം അൽപ്പം വിചിത്രവും നമ്മുടെ യുക്തിക്ക് വിശ്വസിക്കാനാകാത്തതുമാണ്. ഓരോ രാജ്യത്തിന്റെയും പ്രതിശീർഷ ജിഡിപി പോലുള്ള നിരവധി പ്രധാന വേരിയബിളുകൾ കണക്കിലെടുത്താണ് ക്ലെമെന്റിന്റെ മോഡൽ പ്രവർത്തിക്കുന്നതത്രേ. ജനസംഖ്യാ വലുപ്പം, സമൂഹത്തിൽ ഫുട്ബോളിന്റെ നില, ലോക റാങ്കിംഗിൽ ദേശീയ ടീമിന്റെ സ്ഥാനം തുടങ്ങിയ ഘടകങ്ങളും അദ്ദേഹത്തിന്റെ ഈ മോഡലുമായി ബന്ധപ്പെട്ടിരിക്കുന്നു.
സെമിഫൈനലിൽ സ്പെയിനിനെ തോൽപ്പിക്കാനും തുടർന്ന് കിരീടപ്പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിക്കാനും നെതർലൻഡ്‌സിന് കഴിയുമെന്നാണ് ക്ലമെന്റിന്റെ പ്രവചനം. എന്നാൽ തന്റെ പ്രവചനം ഗൗരവമായി എടുക്കരുതെന്ന് അദ്ദേഹം തന്നെ മറ്റുള്ളവർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. “ഇത് പൂർണ്ണമായും യുക്തിരഹിതമാണ്, ഇത് ലോട്ടറി കളിക്കുന്നത് പോലെയാണ്” എന്നാണ് ജോക്കിം ക്ലെമെന്റ് പറഞ്ഞിരിക്കുന്നത്.
തന്റെ പ്രവചനത്തെ അടിസ്ഥാനമാക്കി അടുത്ത ലോക ചാമ്പ്യൻ ആരായിരിക്കുമെന്ന് ആരെങ്കിലും പന്തയം വെച്ചാൽ, അതിൽ തനിക്ക് പങ്കില്ലെന്നും ജോക്കിം പറയുന്നു. ഇത് നാണയം വച്ച് ടോസിടുന്നപോലെയാണ്. ഹെഡ് വീഴുമെന്ന് തുടർച്ചയായി നാല് തവണ നിങ്ങൾക്ക് പ്രവചിക്കാൻ കഴിയും, അത് സത്യമായേക്കാം. പക്ഷേ അടുത്ത തവണ അത് വീണ്ടും സംഭവിക്കുമെന്നതിന് ഒരു ഉറപ്പുമില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
English Summary
German mathematician Joachim Clement has come forward with a prediction about who will win the 2026 FIFA World Cup. He has predicted that the Netherlands will win the cup this time. Clement has already correctly predicted three FIFA World Cup winners. Joachim Clement predicted his native Germany’s victory in the 2014 Brazil World Cup, France’s victory in the 2018 Russia World Cup and Argentina’s victory in the 2022 Qatar World Cup.