IPL 2025: എന്താ ഇപ്പോള്‍ സംഭവിച്ചേ? എന്ത് മൂഡ്, ആര്‍സിബി മൂഡ്! തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്
IPL 2025 Qualifier 1 RCB vs PBKS: ആര്‍സിബിക്കായി ഹേസല്‍വുഡും സുയാഷും മൂന്ന് വിക്കറ്റ് വീതവും, ദയാല്‍ രണ്ട് വിക്കറ്റും, ഭുവനേശ്വറും, ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്ക് മാത്രം വിക്കറ്റ് ലഭിച്ചില്ല
മൊഹാലിയിലെ തട്ടകത്തില്‍ ഐപിഎല്‍ ഫൈനല്‍ സ്വപ്‌നം കണ്ട് ബാറ്റിങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിനെ പ്രഹരിച്ച് ആര്‍സിബി ബൗളര്‍മാര്‍. 14.1 ഓവറില്‍ 101 റണ്‍സിനാണ് പഞ്ചാബ് പുറത്തായത്. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാറിന് പിഴച്ചില്ലെന്ന് തെളിയിക്കുന്നതായിരുന്നു ആര്‍സിബിയുടെ ബൗളിങ് പ്രകടനം. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പഞ്ചാബിന് നഷ്ടപ്പെട്ടു. അഞ്ച് പന്തില്‍ ഏഴ് റണ്‍സെടുത്ത പ്രിയാന്‍ഷിനെ യാഷ് ദയാലാണ് പുറത്താക്കിയത്. മൂന്നാം ഓവറിലെ അവസാന പന്തില്‍ മറ്റൊരു ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങിനെ കൂടി നഷ്ടമായതോടെ പഞ്ചാബ് അപകടം മണുത്തു. 10 പന്തില്‍ 18 റണ്‍സാണ് പ്രഭ്‌സിമ്രാന്‍ എടുത്തത്. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്.
തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറിനെ (മൂന്ന് പന്തില്‍ രണ്ട്) ജോഷ് ഹേസല്‍വുഡ് മടക്കിയതോടെ പഞ്ചാബിന്റെ പതനം ഏറെക്കുറെ പൂര്‍ത്തിയായി. ഏഴ് പന്തില്‍ നാല് റണ്‍സെടുത്ത ജോഷ് ഇംഗ്ലിസിന്റെ കൂടി വിക്കറ്റ് പിഴുത് ഹേസല്‍വുഡ് വീണ്ടും ആഞ്ഞടിച്ചു. ആര്‍സിബിയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ച ദയാലിന്റേതായിരുന്നു അടുത്ത ഊഴം. 10 പന്തില്‍ എട്ട് റണ്‍സെടുത്ത നെഹാല്‍ വധേരയായിരുന്നു ദയാലിന്റെ രണ്ടാമത്തെ ഇര.
പിന്നീട് ക്രീസിലെത്തിയ മാര്‍ക്കസ് സ്റ്റോയിനിസ് പഞ്ചാബിന് താങ്ങാകാന്‍ ശ്രമിച്ചെങ്കിലും മറ്റ് ബാറ്റര്‍മാരുടെ പിന്തുണ കിട്ടിയില്ല. ശശാങ്ക് സിങ് (അഞ്ച് പന്തില്‍ മൂന്ന്), ഇമ്പാക്ട് പ്ലയറായെത്തിയ മുഷീര്‍ ഖാന്‍ (മൂന്ന് പന്തില്‍ പൂജ്യം), എന്നിവരെ തുടരെ തുടരെ സുയാഷ് ശര്‍മ പുറത്താക്കിയതോടെ ഏഴ് വിക്കറ്റിന് 60 എന്ന നിലയിലായി പഞ്ചാബ്.




പഞ്ചാബിന്റെ ടോപ് സ്‌കോററായ മാര്‍ക്കസ് സ്‌റ്റോയിനിസിനെയും പുറത്താക്കി സുയാഷ് തന്റെ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയര്‍ത്തി. അവസാനം അസ്മത്തുല്ല ഒമര്‍സയി നടത്തിയ ചെറുപരിശ്രമമാണ് പഞ്ചാബിനെ 100 കടത്തിയത്.
12 പന്തില്‍ 18 റണ്‍സെടുത്ത ഒമര്‍സയി ഹേസല്‍വുഡിന്റെ പന്തിലാണ് വീണത്. 11 പന്തില്‍ നാല് റണ്‍സെടുത്ത ഹര്‍പ്രീത് ബ്രാറിനെ റൊമാരിയോ ഷെപ്പേര്‍ഡ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ആര്‍സിബിക്കായി ഹേസല്‍വുഡും സുയാഷും മൂന്ന് വിക്കറ്റ് വീതവും, ദയാല്‍ രണ്ട് വിക്കറ്റും, ഭുവനേശ്വറും, ഷെപ്പേര്‍ഡും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയ്ക്ക് മാത്രം വിക്കറ്റ് ലഭിച്ചില്ല.