IPL 2025: അനായാസ വിജയം; ആര്‍സിബി ഫൈനലില്‍, പഞ്ചാബിന് ഇനി അഗ്നിപരീക്ഷ
Royal Challengers Bengaluru enter IPL 2025 final: ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളെ ജൂണ്‍ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സ് നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ജൂണ്‍ മൂന്നിന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ആര്‍സിബിയുമായി ഏറ്റുമുട്ടും
മൊഹാലി: ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ നിഷ്പ്രയാസം തകര്‍ത്ത് ഫൈനലിലേക്ക് രാജകീയമായി പ്രവേശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എട്ട് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ ആര്‍സിബി മറികടന്നു. സ്‌കോര്‍: പഞ്ചാബ് കിങ്‌സ്: 14.1 ഓവറില്‍ 101, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: 10 ഓവറില്‍ രണ്ട് വിക്കറ്റിന് 106.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങിന് ഇറങ്ങിയ ആര്‍സിബിയെ പുറത്താകാതെ 27 പന്തില്‍ 56 റണ്‍സെടുത്ത ഫില്‍ സാള്‍ട്ട് അനായാസം ഫൈനലിലെത്തിച്ചു. എട്ട് പന്തില്‍ 15 റണ്‍സുമായി ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ പുറത്താകാതെ നിന്നു. 12 പന്തില്‍ 12 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും, 13 പന്തില്‍ 19 റണ്‍സെടുത്ത മയങ്ക് അഗര്‍വാളിന്റെയും വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. കോഹ്ലിയുടെ വിക്കറ്റ് കൈല്‍ ജാമിസണും, അഗര്‍വാളിന്റെ വിക്കറ്റ് മുഷീര്‍ ഖാനും സ്വന്തമാക്കി.
ടോസ് നേടിയ ആര്‍സിബി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബി ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. പഞ്ചാബ് നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 17 പന്തില്‍ 26 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ, രണ്ട് വിക്കറ്റെടുത്ത യാഷ് ദയാല്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് പഞ്ചാബ് ബാറ്റിങിന്റെ നട്ടെല്ലൊടിച്ചത്.




Read Also: IPL 2025: എന്താ ഇപ്പോള്‍ സംഭവിച്ചേ? എന്ത് മൂഡ്, ആര്‍സിബി മൂഡ്! തകര്‍ന്നടിഞ്ഞ് പഞ്ചാബ് ബാറ്റിങ്
നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ്-മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളെ ജൂണ്‍ ഒന്നിന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സ് നേരിടും. ഈ മത്സരത്തിലെ വിജയികള്‍ ജൂണ്‍ മൂന്നിന് നടക്കുന്ന ഫൈനലില്‍ ആര്‍സിബിയുമായി ഏറ്റുമുട്ടും.