IPL 2025: അവസാന ഓവറില്‍ മാത്രം നാല് വൈഡും, ഒരു നോബോളും; റണ്‍സുകള്‍ ദാനം ചെയ്ത് റോയല്‍സ് ബൗളര്‍മാര്‍; വിജയലക്ഷ്യം 189 റണ്‍സ്
IPL 2025 Rajasthan Royals vs Delhi Capitals: ഓപ്പണര്‍ അഭിഷേക് പോറല്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സഹ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ രാജസ്ഥാന്‍ മൂന്നാം ഓവറില്‍ തന്നെ വീഴ്ത്തി. സീസണില്‍ മോശം ഫോമിലുള്ള മക്ഗുര്‍ക്കിന് നേടാനായത് ആറു പന്തില്‍ ഒമ്പത് റണ്‍സ് മാത്രം. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ യശ്വസി ജയ്‌സ്വാള്‍ ക്യാച്ചെടുത്താണ് മക്ഗുര്‍ക്ക് പുറത്തായത്

ബൗളര്‍മാര്‍ എക്‌സ്ട്രാസിന്റെ പെരുമഴ തീര്‍ത്ത മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയലക്ഷ്യം 189 റണ്‍സ്. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ അഭിഷേക് പോറല്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സഹ ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കിനെ രാജസ്ഥാന്‍ മൂന്നാം ഓവറില്‍ തന്നെ വീഴ്ത്തി. സീസണില്‍ മോശം ഫോമിലുള്ള മക്ഗുര്‍ക്കിന് നേടാനായത് ആറു പന്തില്‍ ഒമ്പത് റണ്‍സ് മാത്രം. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ യശ്വസി ജയ്‌സ്വാള്‍ ക്യാച്ചെടുത്താണ് മക്ഗുര്‍ക്ക് പുറത്തായത്. തൊട്ടുപിന്നാലെ കരുണ്‍ നായരും പുറത്തായി കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി തകര്‍ത്തടിച്ച കരുണ്‍ നിര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടിലാണ് ഔട്ടായത്. മൂന്ന് പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും നേടാതെയായിരുന്നു കരുണിന്റെ മടക്കം.
മൂന്നാം വിക്കറ്റില്‍ കെ.എല്‍. രാഹുല്‍-പോറല്‍ സഖ്യം ഡല്‍ഹിക്ക് 67 റണ്‍സിന്റെ അടിത്തറ നല്‍കി. കൂടുതല്‍ വിക്കറ്റുകള്‍ പോകാതിരിക്കാനായിരുന്നു രണ്ട് ബാറ്റര്‍മാരുടെയും ശ്രമം. 32 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചറാണ് ഈ കൂട്ടുക്കെട്ട് പൊളിച്ചത്. അധികം വൈകാതെ പോറലും ഔട്ടായി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വനിന്ദു ഹസരങ്കയാണ് പോറലിന്റെ വിക്കറ്റ് വീഴ്ത്തിയത്.




സ്‌കോര്‍ബോര്‍ഡില്‍ വേണ്ടത്ര റണ്‍സ് ഇല്ലെന്ന് ബോധ്യമുണ്ടായിരുന്ന ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, വന്നയുടന്‍ അടിച്ചുതകര്‍ത്തു. സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുന്നതിനുള്ള അക്‌സറിന്റെ ശ്രമം വിജയിച്ചു. 14 പന്തില്‍ 34 റണ്‍സാണ് അക്‌സര്‍ നേടിയത്.
Read Also : IPL 2025: അതുശരി ! അക്‌സര്‍ പട്ടേലിന് എണ്ണ എത്തിച്ചു നല്‍കിയിരുന്നത് സഞ്ജുവായിരുന്നോ? വീഡിയോ വൈറല്‍
മഹീഷ് തീക്ഷ്ണയുടെ പന്തില്‍ ധ്രുവ് ജൂറലെടുത്ത ക്യാച്ചിലാണ് അക്‌സര്‍ പുറത്തായത്. ആറാം വിക്കറ്റില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സും (പുറത്താകാതെ 18 പന്തില്‍ 34), അശുതോഷ് ശര്‍മയും (പുറത്താകാതെ 11 പന്തില്‍ 15) ഡല്‍ഹിയുടെ സ്‌കോര്‍ 180 കടത്തി.
അവസാന ഓവറിലെ പിഴവ്
സന്ദീപ് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിക്ക് അപ്രതീക്ഷിതമായി റണ്‍സുകള്‍ ലഭിച്ചു. നാല് വൈഡുകളും, ഒരു നോബോളുമാണ് സന്ദീപ് എറിഞ്ഞത്. ആദ്യ പന്ത് തന്നെ വൈഡായിരുന്നു. അടുത്ത പന്തില്‍ ഡല്‍ഹിക്ക് റണ്‍സെടുക്കാനായില്ല. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്ന് വൈഡുകള്‍ എറിഞ്ഞു. ഇതിനു ശേഷം എറിഞ്ഞത് നോബോളുമായി. തുടര്‍ന്ന് ലഭിച്ച ഫ്രീഹിറ്റില്‍ ഡല്‍ഹി ബൗണ്ടറിയും നേടി.