AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IPL 2025: കലാശപ്പോരില്‍ ആര്‍സിബിയുടെ എതിരാളികള്‍ പഞ്ചാബ് കിങ്‌സ്, മുംബൈയ്ക്ക് കണ്ണീര്‍ മടക്കം

Royal Challengers Bengaluru will face Punjab Kings in the IPL 2025 final: നാളെ നടക്കുന്ന ഫൈനലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഐപിഎല്ലിനെ കാത്തിരിക്കുന്നത് ചരിത്രനിമിഷം. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്

IPL 2025: കലാശപ്പോരില്‍ ആര്‍സിബിയുടെ എതിരാളികള്‍ പഞ്ചാബ് കിങ്‌സ്, മുംബൈയ്ക്ക് കണ്ണീര്‍ മടക്കം
ശ്രേയസ് അയ്യര്‍ Image Credit source: facebook.com/IPL
jayadevan-am
Jayadevan AM | Updated On: 02 Jun 2025 01:55 AM

കിരീടമില്ലാത്തവരെന്ന നാണക്കേട് നാളെ ഇല്ലാതാക്കുന്നത്‌ പഞ്ചാബ് കിങ്‌സോ, അതോ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ? നാളെ നടക്കുന്ന ഫൈനലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ഐപിഎല്ലിനെ കാത്തിരിക്കുന്നത് ചരിത്രനിമിഷം. രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്. സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്: 20 ഓവറില്‍ ആറു വിക്കറ്റിന് 203, പഞ്ചാബ് കിങ്‌സ്: 19 ഓവറില്‍ അഞ്ച് വിക്കറ്റിന് 207. ആവേശപ്പോരില്‍ പുറത്താകാതെ 41 പന്തില്‍ 87 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യരാണ് പഞ്ചാബിനെ ഫൈനലിലേക്ക് ആനയിച്ചത്.

മഴ മൂലം രണ്ട് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്ററില്‍ തിളങ്ങിയ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പഞ്ചാബിനെതിരായ ക്വാളിഫയറില്‍ നിരാശപ്പെടുത്തി. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത്‌ മാര്‍ക്കസ് സ്‌റ്റോയിനിസ് എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോ-തിലക് വര്‍മ സഖ്യം മുംബൈയ്ക്ക് കുതിപ്പേകി. ഏഴാം ഓവറിലെ അവസാന പന്തില്‍ ബെയര്‍‌സ്റ്റോയെ പുറത്താക്കി വൈശാക് വിജയ് കുമാര്‍ ഈ കൂട്ടുക്കെട്ട് പൊളിച്ചു. പിന്നീടാണ് പഞ്ചാബിന് ഏറെ തലവേദന സമ്മാനിച്ച കൂട്ടുക്കെട്ട് ഉദയം കൊണ്ടത്. മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും 72 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.

മുംബൈയുടെ ടോപ് സ്‌കോറര്‍മാരായ ഇരുവരും 44 റണ്‍സ് വീതമെടുത്തു. ഇതിനിടെ ഐപിഎല്ലിലെ ഒരു സീസണില്‍ 700 റണ്‍സ് നേടുന്ന ഓപ്പണറല്ലാത്ത ആദ്യ ബാറ്ററെന്ന നേട്ടവും സൂര്യ സ്വന്തമാക്കി. 14-ാം ഓവറില്‍ സൂര്യയും, പതിനഞ്ചാം ഓവറില്‍ തിലകും പുറത്തായതോടെ പഞ്ചാബ് ആശ്വാസം വീണ്ടെടുത്തു. യുസ്വേന്ദ്ര ചഹലാണ് സൂര്യയുടെ വിക്കറ്റ് സ്വന്തമാക്കിയത്. തിലക് വര്‍മ കൈല്‍ ജാമിസണ് വിക്കറ്റ് സമ്മാനിച്ചു.

തുടര്‍ന്ന് ക്രീസിലെത്തിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. 13 പന്തില്‍ 15 റണ്‍സെടുത്ത് പാണ്ഡ്യ മടങ്ങി. എന്നാല്‍ അവസാന ഓവറുകളില്‍ നമന്‍ ധിര്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനം മുംബൈ സ്‌കോര്‍ 200 കടത്തി. 18 പന്തില്‍ 37 റണ്‍സാണ് നമന്‍ നേടിയത്. പാണ്ഡ്യയുടെയും നമന്‍ ധിറിന്റെയും വിക്കറ്റുകള്‍ അസ്മത്തുല്ല ഒമര്‍സയി സ്വന്തമാക്കി.

രാജ് ബാവയും (നാല് പന്തില്‍ എട്ട്), മിച്ചല്‍ സാന്റ്‌നറും (ഒരു പന്തില്‍ പൂജ്യം) പുറത്താകാതെ നിന്നു. പഞ്ചാബിനായി ഒമര്‍സയി രണ്ടും, ജാമിസണ്‍, സ്റ്റോയിനിസ്, വൈശാഖ്, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. അര്‍ഷ്ദീപ് സിങിന് മാത്രം വിക്കറ്റ് ലഭിച്ചില്ല.

മുംബൈയെ പോലെ പഞ്ചാബിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. മുംബൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് മൂന്നാം ഓവറിലെ രണ്ടാം പന്തിലാണെങ്കില്‍, പഞ്ചാബിന്റെ ആദ്യ വിക്കറ്റ് പോയത് മൂന്നാം ഓവറിലെ ആദ്യ പന്തിലാണ്. ഇമ്പാക്ട് പ്ലയറായെത്തിയ പ്രഭ്‌സിമ്രാനെ (ഒമ്പത് പന്തില്‍ 6) പുറത്താക്കി ട്രെന്‍ഡ് ബോള്‍ട്ടാണ് പഞ്ചാബിന് ആദ്യ പ്രഹരം നല്‍കിയത്.

രണ്ടാം വിക്കറ്റില്‍ പ്രിയാന്‍ഷ് ആര്യയും, ജോഷ് ഇംഗ്ലിസും നടത്തിയ ചെറിയ രക്ഷാപ്രവര്‍ത്തനം പഞ്ചാബിന് ആശ്വാസമായി. എന്നാല്‍ മുംബൈയുടെ ഇമ്പാക്ട് പ്ലയറായ അശ്വനി കുമാറിന്റെ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി പ്രിയാന്‍ഷ് പുറത്തായി. 10 പന്തില്‍ 20 റണ്‍സായിരുന്നു പ്രിയാന്‍ഷിന്റെ സംഭാവന. അധികം വൈകാതെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് വിക്കറ്റ് നല്‍കി ഇംഗ്ലിസും മടങ്ങി. 21 പന്തില്‍ 38 റണ്‍സാണ് ഇംഗ്ലിസ് പഞ്ചാബിനായി അടിച്ചുകൂട്ടിയത്.

നാലാം വിക്കറ്റില്‍ നെഹാല്‍ വധേരയ്‌ക്കൊപ്പം ചേര്‍ന്ന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പഞ്ചാബ് ഇന്നിങ്‌സിന് മിന്നല്‍വേഗം പകര്‍ന്നു. 84 റണ്‍സാണ് ശ്രേയസ്-വധേര സഖ്യം പഞ്ചാബ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. അശ്വനി കുമാര്‍ വീണ്ടും ആഞ്ഞടിച്ചപ്പോള്‍ അര്‍ധ സെഞ്ചുറിക്ക് രണ്ട് റണ്‍സകലെ വധേര പുറത്തായി. 29 പന്തിലാണ് വധേര 48 റണ്‍സെടുത്തത്. പിന്നാലെ ക്രീസിലെത്തിയ ശശാങ്ക് സിങിനെ മനോഹരമായ ഡയറക്ട് ത്രോയിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ റണ്ണൗട്ടാക്കി.

Read Also: IPL 2025: ആര്‍സിബി കപ്പടിക്കണമെന്ന് വാര്‍ണര്‍, അങ്ങനെ സംഭവിച്ചാല്‍ ദിനേശ് കാര്‍ത്തിക് അസഹനീയമാകുമെന്ന്‌ മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍

ഇതോടെ പഞ്ചാബ് പ്രതിരോധത്തിലായെങ്കിലും മികച്ച ഫോമിലുള്ള ശ്രേയസിനൊപ്പം വമ്പനടികള്‍ക്ക് പേരുകേട്ട സ്റ്റോയിനിസ് ക്രീസിലെത്തിയത് പഞ്ചാബിന് പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ പഞ്ചാബിനെ വിജയത്തിലെക്കാനുള്ള ദൗത്യം ഏറ്റെടുത്ത ശ്രേയസ് സ്റ്റോയിനിസിനെ ഒരറ്റത്ത് സാക്ഷിയാക്കി അടിച്ചുതകര്‍ത്തു. അശ്വനി കുമാര്‍ എറിഞ്ഞ 19-ാം ഓവറിലാണ് മുംബൈ പ്രതീക്ഷകള്‍ കൈവിട്ടത്. നാല് സിക്‌സറുകളാണ് അശ്വനിയുടെ ആ ഓവറില്‍ ശ്രേയസ് നേടിയത്. ഇതുകൂടാതെ ഓരോ നോബോളും, വൈഡും അശ്വനി 19-ാം ഓവറില്‍ വഴങ്ങി.