UAE Gold: നികുതിയില്‍ വലഞ്ഞ് പ്രവാസികള്‍; സ്വര്‍ണത്തിന് ഒടുക്കേണ്ടത് 1 ലക്ഷത്തിലധികം രൂപ
Gold Customs Duty in India: ആറ് മാസത്തിനിടെ യാത്ര ചെയ്യുകയാണെങ്കില്‍ നികുതിഭാരം വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വാങ്ങിക്കുന്ന സ്വര്‍ണത്തിന് നാട്ടിലെ ജ്വല്ലറികളില്‍ വന്‍ ഡിമാന്‍ഡാണ്. അതിനാല്‍ വില്‍ക്കുന്ന സമയത്ത് വലിയ വില ലഭിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം
ലോകമൊന്നാകെ സ്വര്‍ണക്കുതിപ്പിലാണ്. നമ്മുടെ രാജ്യത്ത് സ്വര്‍ണത്തിന് വില ഉയരുമ്പോഴെല്ലാം പ്രവാസികള്‍ക്ക് ആശ്വാസമായിരുന്ന യുഎഇയിലും ചരിത്രവില തുടരുന്നു. എന്നിരുന്നാലും ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്നത് ലക്ഷങ്ങളുടെ നികുതിഭാരമാണ്.
നാട്ടിലേക്ക് എത്തിക്കുന്ന ഓരോ തരി പൊന്നിനും കസ്റ്റംസ് നിയമപ്രകാരം വലിയ സംഖ്യ തന്നെ നികുതിയടയ്ക്കണം. അബുദബിയില്‍ നിന്ന് കേരളത്തിലേക്ക് 30 ഗ്രാം സ്വര്‍ണം കൊണ്ടുവന്ന പ്രവാസിയ്ക്ക് നികുതിയായി മാത്രം 10,7000 രൂപയാണ് അടയ്‌ക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും വലിയ തുക നികുതി ഒടുക്കേണ്ടി വരുന്നതിനാല്‍ തന്നെ നിലവില്‍ പിന്തുടരുന്ന നിയമം മാറ്റേണ്ടത് അനിവാര്യമാണെന്നാണ് പ്രവാസികള്‍ പറയുന്നത്.
നിലവിലെ നിയമം
വിദേശത്ത് ആറ് മാസത്തിലധികം താമസിച്ചയാളുകള്‍ക്ക് നികുതി അടയ്ക്കാതെ ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാനാകും. എന്നാല്‍ ഇങ്ങനെ കൊണ്ടുവരുന്നതിന് പുരുഷന്മാര്‍ക്ക് 20 ഗ്രാമും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 40 ഗ്രാമും എന്നാണ് കണക്ക്. 20 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം 50,000 രൂപയോ 40 ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം 1 ലക്ഷമോ മറികടക്കാന്‍ പാടില്ല.
ഈ നിയമം വരുന്നത് 2016ലാണ്. അന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 2500 രൂപയായിരുന്നു വില. എന്നാല്‍ ഇന്ന് 10,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഈ സാഹചര്യത്തില്‍ 20 ഗ്രാം സ്വര്‍ണമെല്ലാം അനുവദനീയമാണെങ്കില്‍ പോലും നികുതി അടയ്ക്കണം. നികുതിയില്ലാതെ കൊണ്ടുവരുന്ന സ്വര്‍ണത്തില്‍ അധികമായുള്ളതിന്റെ 10 ശതമാനം നികുതി അടയ്ക്കണമെന്ന് നിയമത്തില്‍ പറയുന്നു.
ആറ് മാസത്തിനിടെ യാത്ര ചെയ്യുകയാണെങ്കില്‍ നികുതിഭാരം വര്‍ധിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ വാങ്ങിക്കുന്ന സ്വര്‍ണത്തിന് നാട്ടിലെ ജ്വല്ലറികളില്‍ വന്‍ ഡിമാന്‍ഡാണ്. അതിനാല്‍ വില്‍ക്കുന്ന സമയത്ത് വലിയ വില ലഭിക്കുകയും ചെയ്യും. ഇതാണ് ഭൂരിഭാഗം ആളുകളെയും പണം സ്വരുക്കൂട്ടി വെച്ച് സ്വര്‍ണം വാങ്ങിക്കാന്‍ പ്രേരിപ്പിക്കുന്നത്.
Also Read: UAE Gold: ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാം, പക്ഷെ ഗുണവും ദോഷവും അറിയാതെ പോകല്ലേ
എന്നാല്‍ ഇവിടെ കാലഹരണപ്പെട്ട നിയമങ്ങള്‍ക്ക് പ്രവാസികള്‍ക്ക് വെല്ലുവിളിയാകുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കുറഞ്ഞ അളവിലുള്ള സ്വര്‍ണം പോലും സമ്മാനിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് അവര്‍ക്ക് പറയാനുള്ളത്. സ്വര്‍ണവിലയില്‍ നാള്‍ക്കുനാള്‍ കുതിപ്പ് തുടരുന്നതിനാല്‍ നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരാനാകുന്ന സ്വര്‍ണത്തിന്റെ തൂക്കം പുതുക്കി നിശ്ചയിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.