Donald Trump: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടു; അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്
Donald Trump About India Pakistan Conflict: ഞങ്ങള്‍ ഒരുപാട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വളരെ ഗൗരവമുള്ളതായിരുന്നു. അത് നടന്നുകൊണ്ടിരിക്കുന്നതിനിടെ ഞങ്ങള്‍ അവിടെ നിന്നും വിമാനങ്ങള്‍ വെടിവെക്കുകയായിരുന്നു.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ സൈനിക സംഘര്‍ഷത്തിനിടെ യുഎസ് അഞ്ച് ജെറ്റുകള്‍ വെടിവെച്ചിട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഏത് ഭാഗത്ത് വെച്ചാണ് ഇത് സംഭവിച്ചതെന്ന് ട്രംപ് പറഞ്ഞില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ തന്റെ ഭരണകൂടത്തിന്റെ പങ്കിനെ കുറിച്ചും വീണ്ടും ട്രംപ് അവകാശവാദം ഉന്നയിക്കുകയായിരുന്നു.
ഞങ്ങള്‍ ഒരുപാട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വളരെ ഗൗരവമുള്ളതായിരുന്നു. അത് നടന്നുകൊണ്ടിരിക്കുന്നതിനിടെ ഞങ്ങള്‍ അവിടെ നിന്നും വിമാനങ്ങള്‍ വെടിവെക്കുകയായിരുന്നു. അഞ്ച് ജെറ്റ് വിമാനങ്ങളാണ് വെടിവെച്ചിട്ടതായാണ് തോന്നുന്നതെന്ന് വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ യുഎസ് നിയമസഭാംഗങ്ങള്‍ക്കൊപ്പമുള്ള അത്താഴവിരുന്നില്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
വാസ്തവത്തില്‍ അവ രണ്ടും ആണവ രാജ്യങ്ങളാണ്. അവ പരസ്പരം പോരടിക്കുകയായിരുന്നു. അതൊരു പുതിയ തരത്തിലുള്ള യുദ്ധമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മെയ് 10ന് മുതല്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വെടിനിര്‍ത്തലിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്. ട്രംപിന്റെ ഇടപെടലിന്റെയും വ്യാപാര ചര്‍ച്ചകള്‍ വിച്ഛേദിക്കുമെന്ന ഭീഷണിയുടെയും ഫലമായാണ് വെടിനിര്‍ത്തല്‍ സംഭവിച്ചതെന്നാണ് ട്രംപ് വാദിച്ചതെങ്കിലും ഇന്ത്യ ഇത് നിഷേധിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് പുറത്തുനിന്നുള്ള ഇടപെടല്‍ ഇല്ലാതെയാണെന്ന് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെടിനിര്‍ത്തലിന് വഴിവെച്ചത് തന്റെ വ്യാപാര കരാറാണെന്ന് ട്രംപ് ആവര്‍ത്തിക്കുകയാണ്.