US Government: എക്കാലത്തെയും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടല്‍; യുഎസില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയിലേക്ക്?
Trump Administration Crisis: 42 ദശലക്ഷത്തിലധികം വരുന്ന അമേരിക്കക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യസഹായം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു.

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ രണ്ടാം മാസത്തിലേക്ക്. എക്കാലത്തെയും ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടിലാണ് നിലവില്‍ യുഎസ് സാക്ഷ്യം വഹിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യസഹായങ്ങള്‍ ഉള്‍പ്പെടെ ഇതുവഴി നഷ്ടപ്പെടും. ആരോഗ്യ സംരക്ഷണ സബ്‌സിഡികള്‍ കാലഹരണപ്പെടാനും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
എന്നാല്‍ 42 ദശലക്ഷത്തിലധികം വരുന്ന അമേരിക്കക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷ്യസഹായം നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു. അടിയന്തര ധനസഹായത്തില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. ഇതേതുടര്‍ന്ന് ഭക്ഷ്യസഹായം ലഭിക്കുന്ന അമേരിക്കക്കാര്‍ക്ക് അവരുടെ സാധാരണ പ്രതിമാസ വിഹിതത്തിന്റെ പകുതി ലഭിക്കുമെന്ന് യുഎസ് കൃഷിവകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച ഫയലിങില്‍ പറയുന്നു.
ഭക്ഷ്യ സ്റ്റാമ്പുകള്‍ എന്നറിയപ്പെടുന്ന സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍ എങ്ങനെ നല്‍കുമെന്ന കാര്യം വ്യക്തമാക്കാന്‍ കോടതി ട്രംപ് ഭരണകൂടത്തിന് തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഒരു മാസത്തിലേറെ നീണ്ട അടച്ചുപൂട്ടല്‍ കാരണം ധനസഹായ വിതരണം അനിശ്ചിതത്വത്തിലായിരുന്നു.
പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന പൗരന്മാര്‍ക്ക് ഭാഗികമായെങ്കിലും പണം നല്‍കുന്നതിന് യുഎസ്ഡിഎ അടിയന്തര ഫണ്ടുകളില്‍ 5.25 ബില്യണ്‍ ഡോളര്‍ ഉപയോഗിക്കണമെന്ന് മസാച്യുസെറ്റ്‌സിലെയും റോഡ് ഐലന്‍ഡിലെയും ഫെഡറല്‍ ജഡ്ജിമാര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പദ്ധതിയ്ക്കായി പ്രതിമാസം ഏകദേശം 8 ബില്യണ്‍ ഡോളറാണ് സര്‍ക്കാരിന് വേണ്ടിവരിക. അടിയന്തര സാഹചര്യങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പണം ഉപയോഗിച്ച് ട്രംപ് ഭരണകൂടത്തിന് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് കോടതി വ്യക്തമാക്കി.