Israel Iran Conflict: ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇസ്രായേല്‍, തിരിച്ചടിക്കാന്‍ ഉത്തരവ്; സംഘര്‍ഷം തീരുന്നില്ല?
Israel Iran Ceasefire Violation: വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം ഇസ്രായേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ചിട്ടില്ലെന്ന് സായുധ സേന ജനറൽ സ്റ്റാഫ്. ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി

ടെല്‍ അവീവില്‍ തകര്‍ന്ന കെട്ടിടം
ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രായേല്‍ രംഗത്ത്. ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്ന് ഇറാന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം ഇസ്രായേലിനെതിരെ മിസൈലുകൾ വിക്ഷേപിച്ചിട്ടില്ലെന്ന് സായുധ സേന ജനറൽ സ്റ്റാഫ് വ്യക്തമാക്കിയതായി ഇറാന്റെ നൂർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാൻ അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ചതിന്റെ വെളിച്ചത്തിൽ, ടെഹ്‌റാനിലെ ഭരണകൂട സ്വത്തുക്കളെയും ഭീകര അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നായിരുന്നു ഇസ്രായേല്‍ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
നേരത്തെ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെന്നും, അത് ലംഘിക്കരുതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ അവകാശവാദം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഖ്‌ചി തള്ളി. ഇസ്രായേൽ ആക്രമണം നിർത്തിയാൽ ഇറാനും ആക്രമണങ്ങള്‍ നിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതിന് പിന്നാലെ വെടിനിര്‍ത്തല്‍ ധാരണയിലെത്തി. ഇതോടെ 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം അവസാനിച്ചെന്ന് കരുതിയെങ്കിലും, വീണ്ടും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
വെടിനിര്‍ത്തലിന് തൊട്ടുമുമ്പ് തെക്കൻ ഇസ്രായേലി നഗരമായ ബീർഷെബയിൽ നടന്ന ആക്രമണങ്ങളില്‍ നാലു പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വടക്കൻ ഇറാനിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ആണവ ശാസ്ത്രജ്ഞൻ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തിയാല്‍ ഉചിതമായി പ്രതികരിക്കാന്‍ ഇറാൻ സുരക്ഷാ സേന തയ്യാറാണെന്ന് സുരക്ഷാ ഏജൻസി മുന്നറിയിപ്പ് വ്യക്തമാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി തിങ്കളാഴ്ച വൈകുന്നേരം ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇതുവരെ ഇറാനില്‍ 400-ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രായേലില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു.