Israel-Iran Conflict: അവര്‍ കരാര്‍ ലംഘനം നടത്തിയില്ലെങ്കില്‍ ഇറാനും ചെയ്യില്ലെന്ന് പ്രസിഡന്റ്; ഇസ്രായേലിനോട് അതൃപ്തി പ്രകടിപ്പിച്ച് ട്രംപ്
Trump Says Iran and Israel Violated Ceasefire Agreement: ഇസ്രായേല്‍ ബോംബുകള്‍ ഇടരുത്. അങ്ങനെ ചെയ്യുന്നത് വലിയ കരാര്‍ ലംഘനമാകും. പൈലറ്റുമാരെയെല്ലാം തിരികെ വിളിക്കൂ, എന്നാണ് തന്റെ സോഷ്യല്‍ മീഡിയ മാധ്യമമായ ട്രൂത്തില്‍ ട്രംപ് കുറിച്ചത്.

ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിന്‍ നെതന്യാഹു
വാഷിങ്ടണ്‍: ഇസ്രായേലും ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് നേരെയും ട്രംപ് കടുത്ത ഭാഷയില്‍ വിമര്‍ശനം തൊടുത്തു.
ഇസ്രായേല്‍ ബോംബുകള്‍ ഇടരുത്. അങ്ങനെ ചെയ്യുന്നത് വലിയ കരാര്‍ ലംഘനമാകും. പൈലറ്റുമാരെയെല്ലാം തിരികെ വിളിക്കൂ, എന്നാണ് തന്റെ സോഷ്യല്‍ മീഡിയ മാധ്യമമായ ട്രൂത്തില്‍ ട്രംപ് കുറിച്ചത്.
യുദ്ധം നിര്‍ത്താന്‍ ഇസ്രായേലും ഇറാനും ഒരുപോലെ ആഗ്രഹിച്ചു. എല്ലാ ആണവ സൗകര്യങ്ങളും ശേഷിയും നശിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണ്. താന്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇരുരാജ്യങ്ങളും ലംഘിച്ചുവെന്നും ട്രംപ് കുറിച്ചു.
ഇസ്രായേയും ഇറാനും കരാര്‍ ലംഘിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. കരാറില്‍ ഏര്‍പ്പെട്ട് ഉടന്‍ തന്നെ അത് ലംഘിച്ചതില്‍ ഇസ്രായേലിനോട് അതൃപ്തിയുണ്ടെന്ന കാര്യവും ട്രംപ് മറച്ചുവെച്ചില്ല.
അതേസമയം, ഇറാനില്‍ ഭരണമാറ്റം താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഭരണമാറ്റം സംഭവിക്കുന്നത് മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റിന്റെ നിലപാടിലും സൈനിക തങ്ങളുടെ സൈനിക നിലപാടിലും മാറ്റങ്ങളൊന്നും തന്നെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഇസ്രായേല്‍ പാലിക്കുന്നുണ്ടെങ്കില്‍ അതിനെ ഇറാനും മാനിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ പറഞ്ഞതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ മിസൈലുകള്‍ തൊടുത്തതിന് പിന്നാലെയാണ് ടെഹ്‌റാനില്‍ ആക്രമണം നടത്താന്‍ താന്‍ നിര്‍ദേശിച്ചതെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രതികരിച്ചു. ഇറാന്‍ അയച്ച മിസൈലുകള്‍ പ്രതിരോധിച്ചതായി ഐഡിഎഫ് അറിയിച്ചു.
എന്നാല്‍ ഇസ്രായേലിന്റെ ആരോപണം ഇറാന്‍ നിഷേധിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ 9 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.