Israel Gaza Attack: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 74 പേര്‍ കൊല്ലപ്പെട്ടു; കുട്ടികളുടെ മരണനിരക്ക് ഉയരുന്നു
Israel-Palestine Conflict Update: ജൂലൈ ആദ്യ പകുതിയില്‍ ഗാസയിലെ സേവ് ദി ചില്‍ഡ്രന്‍ കേന്ദ്രങ്ങളില്‍ പരിശോധിച്ച ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും 43 ശതമാനം പേര്‍ക്കും പോഷകാഹാരക്കുറവുണ്ടെന്നും സഭ ചൂണ്ടിക്കാട്ടി.

ഗാസയില്‍ നിന്നുള്ള ദൃശ്യം
ഗാസ സിറ്റി: ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 74 പലസ്തീനികള്‍ കൊല്ലപ്പെട്ടു. സഹായം തേടിയെത്തിയ ആളുകളാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും. ഇസ്രായേലിന്റെ ആക്രമണവും പട്ടിണിയും മൂലം ഒരു ദിവസം 28 കുട്ടികള്‍ മരണപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കുന്നു.
ജൂലൈ ആദ്യ പകുതിയില്‍ ഗാസയിലെ സേവ് ദി ചില്‍ഡ്രന്‍ കേന്ദ്രങ്ങളില്‍ പരിശോധിച്ച ഗര്‍ഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും 43 ശതമാനം പേര്‍ക്കും പോഷകാഹാരക്കുറവുണ്ടെന്നും സഭ ചൂണ്ടിക്കാട്ടി. ഇസ്രായേല്‍ സ്വയം ഉണ്ടാക്കിയെടുത്ത പട്ടിണിയും വംശഹത്യയുമാണിതെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ഒസാമ ഹംദാന്‍ പറഞ്ഞു.
അതേസമയം, യുണൈറ്റഡ് അറബ ്എമിറേറ്റ്‌സ്, ജോര്‍ദാന്‍, ഈജിപ്ത്, ജര്‍മനി, ബെല്‍ജിയം, കാനഡ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തുന്ന സഹായ വിതരണത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ സൈന്യം പ്രഖ്യാപിച്ചു. ഗാസയിലേക്ക് 9,800 കിലോഗ്രാം സഹായം വിമാനമാര്‍ഗം എത്തിച്ചതായി കാനഡ വ്യക്തമാക്കുന്നു.
ഗാസയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് അവിടേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയാണ് ഇസ്രായേല്‍ ചെയ്യേണ്ടതെന്ന് യുഎന്‍ ഏജന്‍സികള്‍ പറഞ്ഞു. ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സഹായവുമായി ഗാസയുടെ അതിര്‍ത്തിയില്‍ 22,000 ട്രക്കുകളാണ് അനുമതിയ്ക്കായി കാത്തുനില്‍ക്കുന്നത്.
നിലവില്‍ പ്രതിദിനം 600 ട്രക്കുകളെങ്കിലും ഗാസയിലേക്ക് എത്തിയെങ്കില്‍ മാത്രമേ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും തികയൂ. റെഡ് ക്രോസുമായി സഹകരിച്ച് ബന്ദികള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തങ്ങള്‍ തയാറാണെന്ന് ഹമാസും അറിയിച്ചിട്ടുണ്ട്. അതിനായി ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഇസ്രായേല്‍ അനുവദിക്കണമെന്ന് ഹമാസ് പറഞ്ഞു.