Nepal Protest: സംഘര്‍ഷങ്ങള്‍ ഒഴിയുന്നു, നേപ്പാള്‍ ശാന്തതയിലേക്ക്, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
Nepal New Election: സുശീല കാര്‍ക്കിയുടെ നേതൃത്വത്തില്‍ നാളെ 'മിനി കാബിനറ്റ്' രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല കാര്‍ക്കി വഹിക്കും

പ്രതിഷേധങ്ങളില്‍ മരിച്ചവരെ അനുസ്മരിച്ച് നേപ്പാളില്‍ യുവാക്കള്‍ ഒത്തുകൂടിയപ്പോള്‍
കാഠ്മണ്ഡു: നേപ്പാളില്‍ അരങ്ങേറിയ പ്രതിഷേധ പരമ്പരകള്‍ക്ക് പിന്നാലെ പ്രസിഡന്റ് രാമചന്ദ്ര പൗഡൽ നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് അഞ്ചിന് പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിയെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് അടുത്ത തിരഞ്ഞെടുപ്പിന്റെ തീയതി പ്രസിഡന്റിന്റെ ഓഫീസ് പ്രഖ്യാപിച്ചത്. രാമചന്ദ്ര പൗഡലും സൈനിക മേധാവി അശോക് രാജ് സിഗ്ഡലും രണ്ട് ദിവസം നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുശീല കാര്‍ക്കിയെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.
ജെന്‍ സി പ്രതിഷേധത്തെ തുടര്‍ന്ന് കെപി ശര്‍മ ഒലിക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതാണ് സുശീല കാര്‍ക്കിക്ക് വഴിയൊരുക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനത്തെ എതിര്‍ത്തും, അഴിമതി അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചുമാണ് പ്രതിഷേധം അലയടിച്ചത്. പ്രക്ഷോഭം അക്രമാസക്തമായതോടെ കാര്യങ്ങള്‍ കൈവിട്ടു.
തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ നിരോധനം പിന്‍വലിച്ചിട്ടും പ്രക്ഷോഭങ്ങള്‍ കെട്ടടങ്ങിയില്ല. അമ്പതോളം പേര്‍ മരിക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ അക്രമിച്ചു. മുന്‍മന്ത്രിമാര്‍ അടക്കമുള്ളവരെ കൈകാര്യം ചെയ്തു.
സുശീല കാര്‍ക്കിയെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ശേഷമാണ് പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയത്. പലയിടത്തും കര്‍ഫ്യൂ പിന്‍വലിച്ചു. അതേസമയം, കാര്‍ക്കിയുടെ നേതൃത്വത്തില്‍ നാളെ ‘മിനി കാബിനറ്റ്’ രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആഭ്യന്തരം, വിദേശകാര്യം, പ്രതിരോധം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതല കാര്‍ക്കി വഹിക്കും.