Russian Airstrike in Ukraine: യുക്രെയ്‌നിലേക്ക് എത്തിയത് റഷ്യയുടെ 367 ഡ്രോണുകളും മിസൈലുകളും; 13 പേര്‍ കൊല്ലപ്പെട്ടു
Russian Ukraine Attack: നിരവധിയാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട 12 പേരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്‌മെല്‍നിറ്റ്‌സികി തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍
കീവ്: യുക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യ നടത്തുന്ന ഏറ്റവും മാരകമായ വ്യോമാക്രമണമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. യുക്രെയ്‌നിലെ 30 ലധികം പ്രദേശങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. 367 മിസൈലുകളും ഡ്രോണുകളും വര്‍ഷിച്ചതായാണ് വിവരം. 13 പേര്‍ കൊല്ലപ്പെട്ടു.
നിരവധിയാളുകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട 13 പേരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കീവ്, ഖാര്‍കിവ്, മൈക്കോലൈവ്, ടെര്‍നോപില്‍, ഖ്‌മെല്‍നിറ്റ്‌സികി തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്.
റഷ്യ അയച്ച 266 ഡ്രോണുകളും 45 മിസൈലുകളും യുക്രെയ്ന്‍ പ്രതിരോധ സേന തകര്‍ത്തതായാണ് വിവരം. രാജ്യത്ത് കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി അപ്പാര്‍ട്ട്‌മെന്റുകളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കീവ് ദിനത്തോടനുബന്ധിച്ചായിരുന്നു ആക്രമണം നടന്നത്. കീവില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് കെട്ടിടങ്ങള്‍ തകര്‍ന്നു. ഖ്‌മെല്‍നിറ്റ്‌സ്‌കിയില്‍ നാലുപേരും, മൈക്കോലൈവില്‍ ഒരാളും മരിച്ചു. മാര്‍ഖാലിവ്ക ഗ്രാമത്തില്‍ നിരവധി വീടുകള്‍ കത്തിനശിച്ചു.
ആക്രമണത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ പ്രതികരിക്കാത്തതിനെതിരെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി രംഗത്തെത്തി. റഷ്യയ്‌ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.