Russian Airstrike: ഏഴുപേരുടെ ജീവനെടുത്ത് കീവില്‍ റഷ്യയുടെ വ്യോമാക്രമണം
Russian Attack in Kyiv: ജനവാസ മേഖലകള്‍, ആശുപത്രികള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രെയ്ന്‍ ആഭ്യന്തരമന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ പറഞ്ഞു. കീവിലെ ബഹുനില കെട്ടിടത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.

കീവില്‍ നിന്നുള്ള ദൃശ്യം
കീവ്: യുക്രെയ്‌ന്റെ തലസ്ഥാനമായ കീവില്‍ വ്യോമാക്രമണം നടത്തി റഷ്യ. കുറഞ്ഞത് ഏഴ് പേരെങ്കിലും റഷ്യന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം.
ജനവാസ മേഖലകള്‍, ആശുപത്രികള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നതായി യുക്രെയ്ന്‍ ആഭ്യന്തരമന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ പറഞ്ഞു. കീവിലെ ബഹുനില കെട്ടിടത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ പറഞ്ഞു.
ഇതുവരെ 22 പേര്‍ക്ക് പരിക്കേറ്റു എന്ന വിവരമാണ് പുറത്തുവരുന്നത്. ആക്രമണത്തില്‍ കീവിലെ പത്ത് ജില്ലകളില്‍ ആറെണ്ണത്തില്‍ നാശനഷ്ടമുണ്ടായതായും വിവരമുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങി കിടക്കുന്നതായി ക്ലൈമെന്‍കോ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയോളമായി യുക്രെയ്‌നില്‍ റഷ്യ വന്‍ വ്യോമാക്രമണം നടത്തി വരികയാണ്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ലണ്ടനിലേക്ക് പുറപ്പെട്ടു.
കീവില്‍ നിന്നും ഏകദേശം 85 കിലോമീറ്റര്‍ അകലെ തെക്കുപടിഞ്ഞാറായി ബില സെര്‍ക്വ നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും എട്ട് പേര്‍ക്ക് പരിക്കേറ്റതായുമുള്ള വിവരവും പുറത്തുവരുന്നുണ്ട്.
ഏറ്റവും പുതിയ ആക്രമണത്തില്‍ 352 ഡ്രോണുകളും 16 മിസൈലുകളും യുക്രെയ്ന്‍ ലക്ഷ്യമാക്കി റഷ്യ അയച്ചുവെന്ന് യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ പറയുന്നു.