Iran-US War: യുദ്ധച്ചെലവിനായി 80 ബില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ട് പെന്റഗണ്‍; യുഎസിന്റെ ആയുധങ്ങള്‍ തീര്‍ന്നതായി റിപ്പോര്‍ട്ട്
Pentagon Pushes for $80 Billion War Fund Amid Rising US-Iran Tensions: കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനെതിരെ ആരംഭിച്ച യുദ്ധം യുഎസിന്റെ സൈനിക ചെലവുകള്‍ 25 മുതല്‍ 29 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചെലവ് ഇതിലും കൂടുതലാകാമെന്നും വിലയിരുത്തലുണ്ട്.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിനോട് ഏകദേശം 80 ബില്യണ്‍ ഡോളര്‍ അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്റഗണ്‍ ആവശ്യപ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുദ്ധത്തിന്റെയും മറ്റ് അടിയന്തര ചെലവുകളുടെയും ഭാഗമായാണ് നീക്കം. അമേരിക്കന്‍ ഉപപ്രതിരോധ സെക്രട്ടറി സ്റ്റീഫന്‍ ഫൈന്‍ബര്‍ഗും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നതെന്നാണ് വിവരം.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഇറാനെതിരെ ആരംഭിച്ച യുദ്ധം യുഎസിന്റെ സൈനിക ചെലവുകള്‍ 25 മുതല്‍ 29 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ചെലവ് ഇതിലും കൂടുതലാകാമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ ആവശ്യപ്പെട്ടിരിക്കുന്ന തുര, യുദ്ധച്ചെലവുകള്‍ക്ക് പുറമെ, ആയുധ ശേഖരം പുനഃസ്ഥാപിക്കല്‍, സൈനികരുടെ ശമ്പളം, കപ്പല്‍ ഓപ്പറേഷനുകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്കും ഉപയോഗിക്കും.
ഫണ്ട് ഉടന്‍ അനുവദിച്ചില്ല എങ്കില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കേണ്ടതായി വരുമെന്ന മുന്നറിയിപ്പും പെന്റഗണ്‍ നല്‍കുന്നു. സൈനിക പരിശീലന പരിപാടികളും അതോടൊപ്പം യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ സൈനിക വിന്യാസവും കുറയ്‌ക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടം രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ നേരിടുന്ന ഘട്ടത്തിലാണ് പെന്റഗണ്‍ യുദ്ധ സഹായധനം ആവശ്യപ്പെടുന്നത്. ട്രംപും ഇറാനും തമ്മിലുണ്ടാക്കിയ കരാറില്‍ നിയമനിര്‍മാതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടുമൊരു യുദ്ധമുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതിനിടെ 1.5 ട്രില്യണ്‍ ഡോളര്‍ വൈറ്റ് ഹൗസ് പെന്റഗണിനായി അഭ്യര്‍ത്ഥിച്ചു. ഈ തുക നിലവിലെ സാമ്പത്തിക വര്‍ഷത്തെ ഫണ്ടിങ് നിലവാരത്തേക്കാള്‍ ഏകദേശം 50 ശതമാനം കൂടുതലാണ്.
അമേരിക്കയില്‍ ആയുധങ്ങള്‍ക്കും ക്ഷാമം
വിവിധ രാജ്യങ്ങളുമായി അമേരിക്ക തുടരുന്ന പോര്, സാമ്പത്തികമായി മാത്രമല്ല ആയുധങ്ങളുടെ കാര്യത്തിലും രാജ്യത്തിന്മേല്‍ തീര്‍ക്കുന്നത് വലിയ സമ്മര്‍ദമാണ്. ഇറാനുമായുള്ള യുദ്ധം അമേരിക്കന്‍ ആയുധ ശേഖരത്തെ സാരമായി ബാധിച്ചുവെന്നും സെനറ്റ് ഭൂരിപക്ഷ നേതാവ് ജോണ്‍ തുണ്‍ പ്രതികരിച്ചു. യുദ്ധം മൂലം വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും വേഗത്തില്‍ ചെലവാകുന്നതായാണ് വിലയിരുത്തല്‍.
ഇറാനുമായുള്ള യുദ്ധത്തിലല്ല, അതിന് മുമ്പും അമേരിക്കയുടെ ഒരുപാട് യുദ്ധോപകരണങ്ങള്‍ തീര്‍ന്നുപോയിരുന്നു. അതെല്ലാം വീണ്ടും വിതരണം ചെയ്യുന്നതിനും നിറയ്ക്കുന്നതിനും ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും തുണ്‍ അഭിപ്രായപ്പെട്ടു.
യുദ്ധം ചെയ്യാന്‍ കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചിട്ടില്ലെന്ന ആരോപണവും ട്രംപ് നേരിടുന്നുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അനുമതി നേടാതെയാണ് ട്രംപ് ഇറാനുമായി സംഘര്‍ഷത്തിന് ഇറങ്ങിയതെന്ന് ഡൊമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. വാര്‍ പവര്‍ ആക്ട് പ്രകാരം യുദ്ധം ആരംഭിച്ച് 60 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയിരിക്കണം. അതല്ലാതെ യുദ്ധം തുടരാന്‍ സാധിക്കില്ല.
യുഎസില്‍ വിലക്കയറ്റവും, ഇന്ധനക്ഷാമവുമെല്ലാം രൂക്ഷമാകുമ്പോള്‍ വിദേശ രാജ്യങ്ങളുമായി യുദ്ധം ചെയ്യാന്‍ വന്‍ തുക ചെലവഴിക്കുന്നത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ജനങ്ങളുടെ നികുതിപണം രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി തന്നെ ഉപയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. ഈയൊരു സാഹചര്യത്തില്‍ പെന്റഗണിന് 80 ബില്യണ്‍ ഡോളര്‍ ഫണ്ട് അനുവദിക്കാന്‍ ഒരുപക്ഷെ രാജ്യത്തിന് സാധിച്ചേക്കില്ല.
English Summary
The Pentagon is reportedly seeking $80 billion in additional funding from Congress to cover costs related to the Iran conflict, military operations and replenishment of weapons stockpiles. The funding request comes amid uncertainty surrounding US-Iran peace talks and growing political debate over military spending.