Vladimir Putin: ആ ഉടമ്പടി നീട്ടേണ്ടെന്ന് യുഎസ് തീരുമാനിച്ചാല്‍ റഷ്യയ്ക്ക് ഒരു പ്രശ്‌നവുമില്ല; ട്രംപിനോട് പുടിന്‍
New START treaty: സ്റ്റാര്‍ട്ട് ഉടമ്പടി നീട്ടുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ കുറച്ച് മാസങ്ങള്‍ മതിയാകുമോയെന്ന് പുടിന്‍ ചോദിച്ചു. നല്ല മനസുണ്ടെങ്കില്‍ ഈ കരാറുകള്‍ നീട്ടാനാകും. അതിന്റെ ആവശ്യമില്ലെന്നാണ് അമേരിക്ക തീരുമാനിക്കുന്നതെങ്കില്‍, തങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് പുടിന്‍

വ്‌ളാഡിമിർ പുടിൻ
സ്റ്റാര്‍ട്ട് ഉടമ്പടി (New START Treaty) നീട്ടേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചാല്‍, റഷ്യയ്ക്ക് ഒരു പ്രശ്‌നവുമില്ലെന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ദീര്‍ഘകാല ആയുധ നിയന്ത്രണ ചട്ടക്കൂടില്‍ ഒന്നും ബാക്കിയില്ലെങ്കില്‍ അത് ‘നാണക്കേടാ’ണെന്നും പുടിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആയുധ മത്സരം ഇതിനകം നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ പുടിന്‍, റഷ്യ ആണവായുധങ്ങൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും സ്ഥിരീകരിച്ചു. താജിക്കിസ്ഥാനിൽ നടന്ന ഒരു ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് പുടിന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്റ്റാര്‍ട്ട് ഉടമ്പടി നീട്ടുന്നതിനെക്കുറിച്ച് തീരുമാനിക്കാന്‍ കുറച്ച് മാസങ്ങള്‍ മതിയാകുമോയെന്ന് പുടിന്‍ ചോദിച്ചു. നല്ല മനസുണ്ടെങ്കില്‍ ഈ കരാറുകള്‍ നീട്ടാനാകും. അതിന്റെ ആവശ്യമില്ലെന്നാണ് അമേരിക്ക തീരുമാനിക്കുന്നതെങ്കില്‍, തങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ലെന്ന് പുടിന്‍ പറഞ്ഞു. യുഎസിന് സമ്മതമാണെങ്കില്‍ ഉടമ്പടിയിലെ ധാരണകള്‍ പാലിക്കാന്‍ റഷ്യയും തയ്യാറാണെന്നും പുടിന്‍ വ്യക്തമാക്കി. ഫെബ്രുവരിയിലാണ് സ്റ്റാര്‍ട്ട് ഉടമ്പടിയുടെ കാലാവധി അവസാനിക്കുന്നത്.
”ഇത് സ്വീകാര്യമാണെങ്കില്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്. ഇല്ലെങ്കില്‍ വേണ്ട. പക്ഷേ, അത് നാണക്കേടാണ്. ഒരു വര്‍ഷത്തേക്കെങ്കിലും കരാര്‍ നീട്ടുന്നത് നല്ല ആശയമായിരുന്നു”-പുടിന്‍ പറഞ്ഞു.
മറ്റ് ചില രാഷ്ട്രങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുന്നുണ്ടാകാമെന്നും, ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെ റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങള്‍ തയ്യാറെടുപ്പ് നടത്തിയാല്‍ തങ്ങളും അങ്ങനെ ചെയ്യുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്. പുടിന്റെ പരാമര്‍ശങ്ങളോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്റ്റാര്‍ട്ട് ഉടമ്പടി
2010-ലാണ് യുഎസും റഷ്യയും ഈ ഉടമ്പടിയില്‍ ഒപ്പുവച്ചത്. ആണവായുധങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.