Investment Scheme for Girl Child: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; മികച്ച നിക്ഷേപ പദ്ധതികൾ ഇതാ
Best investment schemes for girl child: വിദ്യാഭ്യാസം, വിവാഹം, മറ്റ് പ്രധാന ജീവിതച്ചെലവുകൾ തുടങ്ങി നിങ്ങളുടെ കുട്ടികൾക്ക് വ്യത്യസ്ത ഘട്ടങ്ങളിൽ സാമ്പത്തിക സഹായം ആവശ്യമായി വരും. നിങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ചില നിക്ഷേപ പദ്ധതികൾ പരിചയപ്പെട്ടാലോ;

പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുക എന്നത് ഒരു രക്ഷിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, വിവാഹം, മറ്റ് പ്രധാന ജീവിതച്ചെലവുകൾ തുടങ്ങി നിങ്ങളുടെ കുട്ടികൾക്ക് വ്യത്യസ്ത ഘട്ടങ്ങളിൽ സാമ്പത്തിക സഹായം ആവശ്യമായി വരും.
നിങ്ങളുടെ മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന ചില നിക്ഷേപ പദ്ധതികൾ പരിചയപ്പെട്ടാലോ;
സുകന്യ സമൃദ്ധി യോജന (എസ്.എസ്.വൈ)
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അക്കൗണ്ട് തുറക്കാം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങളും നൽകുന്നു. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനോ വിവാഹ ചെലവുകൾക്കോ ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയുള്ള ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. നിലവിൽ 7.1 ശതമാനമാണ് പലിശ നിരക്ക്. പിപിഎഫിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരം നികുതി കിഴിവുകൾക്ക് അർഹതയുണ്ട്. കൂടാതെ 15 വർഷത്തെ ലോക്ക്-ഇൻ കാലയളവും ഉണ്ട്.
ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി)
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് എന്നത് ഒരു സ്ഥിര വരുമാന നിക്ഷേപ പദ്ധതിയാണ്. ഇതിന് അഞ്ച് വർഷത്തെ നിശ്ചിത കാലാവധിയുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 1000 രൂപയുടെ നിക്ഷേപമാണ് ആവശ്യം. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ഫണ്ട് ശേഖരിക്കുന്നതിനുള്ള സുരക്ഷിത നിക്ഷേപ മാർഗമാണിത്.
ALSO READ: പിഎഫ് പണം പിൻവലിക്കുന്നുണ്ടോ? ഈ മണ്ടത്തരങ്ങൾ ഒരിക്കലും ചെയ്യല്ലേ…
യൂണിറ്റ്-ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ
ലൈഫ് ഇൻഷുറൻസും നിക്ഷേപ വരുമാനവും വാഗ്ദാനം ചെയ്യുന്ന ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയാണിത്. അടച്ച പ്രീമിയത്തിന്റെ ഒരു ഭാഗം ലൈഫ് ഇൻഷുറൻസ് പരിരക്ഷയ്ക്കായി നീക്കിവയ്ക്കുന്നു. ഇതിൽ അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്. സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങളും നൽകുന്നു.
ചിൽഡ്രൻ മ്യൂച്വൽ ഫണ്ടുകൾ
കുട്ടികളുടെ വിദ്യാഭ്യാസ സംബന്ധമായ ചെലവുകൾക്കും, അവരുടെ വിവാഹത്തിന്റെ ആവശ്യങ്ങൾക്കും ഇത്തരം നിക്ഷേപങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി)
ഒരു നിശ്ചിത കാലയളവിൽ ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർഗങ്ങളാണിവ. മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവായിരിക്കാം. ചില ബാങ്കുകൾ കുട്ടികൾക്കായി പ്രത്യേക എഫ്ഡികൾ വാഗ്ദാനം ചെയ്യുന്നു, ഇത് വിദ്യാഭ്യാസ ചെലവുകൾക്കായി ഉപയോഗിക്കാവുന്നതാണ്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.