Gold Investment: 1 ലക്ഷമൊന്നും സ്വര്‍ണത്തിന് വേണ്ട, വിലക്കുറവില്‍ സ്വന്തമാക്കാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം
Gold ETF vs Gold Mutual Fund: ഗോള്‍ഡ് ഇടിഎഫുകളാണോ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളാണോ കൂടുതല്‍ നേട്ടം സമ്മാനിക്കുന്നതെന്ന ചോദ്യം നിക്ഷേപകരില്‍ അവശേഷിക്കുന്നു. അവ രണ്ടും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
സ്വര്‍ണത്തെ എപ്പോഴും സുരക്ഷിത നിക്ഷേപമായാണ് ആളുകള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സ്വര്‍ണവില ഏകദേശം 50 മുതല്‍ 60 ശതമാനം വരെയാണ് വര്‍ധിച്ചത്. ചെറിയ ഇടിവുകള്‍ സംഭവിച്ചെങ്കിലും സ്വര്‍ണത്തിലുള്ള ദീര്‍ഘകാല പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. 10 ഗ്രാം സ്വര്‍ണത്തിന് നിലവില്‍ 1 ലക്ഷം രൂപയ്ക്ക് മേല്‍ വിലയുണ്ട്.
സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് സംഭവിക്കാത്തതിനാല്‍ തന്നെ, അതില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കുറയുന്നില്ല. എന്നാല്‍ അവയില്‍ ഗോള്‍ഡ് ഇടിഎഫുകളാണോ ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളാണോ കൂടുതല്‍ നേട്ടം സമ്മാനിക്കുന്നതെന്ന ചോദ്യം നിക്ഷേപകരില്‍ അവശേഷിക്കുന്നു. അവ രണ്ടും തമ്മിലുള്ള വ്യത്യാസം പരിശോധിക്കാം.
ഗോള്‍ഡ് ഇടിഎഫുകള്‍
സ്വര്‍ണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) എന്നത് ഒരു മാര്‍ക്കറ്റ് ട്രേഡഡ് സംവിധാനമാണ്. ഇത് ഭൗതിക സ്വര്‍ണത്തിന്റെ ആഭ്യന്തര വില ട്രാക്ക് ചെയ്യുന്നു. സ്വര്‍ണ ഇടിഎഫിന്റെ ഓരോ യൂണിറ്റും സാധാരണയായി ഒരു ഗ്രാമിനെയാണ് പ്രതിനിധീകരിക്കുന്നത്.
ഓഹരികള്‍ പോലെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് ഇവയും വ്യാപാരം നടത്തുന്നത്. ഇടിഎഫുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഡീമാറ്റ് അക്കൗണ്ടുകള്‍ ആവശ്യമാണ്. ഡിജിറ്റലായി സ്വര്‍ണം സൂക്ഷിക്കാനുള്ള സൗകര്യം ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കുന്നു.
എന്നാല്‍ ഡീമാറ്റ് അക്കൗണ്ട് ചാര്‍ജുകള്‍ ചെലവ് വര്‍ധിപ്പിക്കാനിടയുണ്ട്. നേരിട്ടുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ ഓപ്ഷനും ഇവിടെ വാഗ്ദാനം ചെയ്യപ്പെടുന്നില്ല.
സ്വര്‍ണ മ്യൂച്വല്‍ ഫണ്ടുകള്‍
ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രധാനമായും ഗോള്‍ഡ് ഇടിഎഫുകളിലാണ് നിക്ഷേപിക്കുന്നത്. ഫണ്ട് ഹൗസുകളാണ് ഇവ കൈകാര്യം ചെയ്യുന്നത്. ഇടിഎഫുകളില്‍ നിന്ന് വ്യത്യസ്തമായി, മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ഡീമാറ്റ് അക്കൗണ്ടിന്റെ ആവശ്യമില്ല. ഏത് മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം വഴിയും നിങ്ങള്‍ക്ക് നേരിട്ട് നിക്ഷേപം നടത്താം.
മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപി ഓപ്ഷന്‍ ലഭ്യമാണ്. സ്വര്‍ണത്തിന്റെ പ്രകടനത്തെ ആശ്രയിച്ച് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ സാധിക്കും. ഫണ്ട് മാനേജ്‌മെന്റ് ചെലവുകള്‍ കൂടുതലാണ്.
രണ്ടും തമ്മിലുള്ള വ്യത്യാസം
- ചെലവ് അനുപാതം- ഇടിഎഫ്- 05 ശതമാനം- 1 ശതമാനം, മ്യൂച്വല്‍ ഫണ്ട്- 1 ശതമാനം-1.5 ശതമാനം
- എസ്‌ഐപി ഓപ്ഷന്‍- മ്യൂച്വല്‍ ഫണ്ടില്‍ ലഭ്യമാണ്, ഇടിഎഫില്‍ ഇല്ല
ഏതാണ് മികച്ചത്
വരുമാനത്തിന്റെ കാര്യത്തില്‍ ഗോള്‍ഡ് ഇടിഎഫുകളും ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളും ഏകദേശം സമാനമായ പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍, പദ്ധതിയുടെ ചെലവ് അനുപാതം, നിക്ഷേപ രീതി, മാര്‍ക്കറ്റ് സമയക്രമവും ഹോള്‍ഡിങ് കാലയളവും, എന്നിവയെ ആശ്രയിച്ച് വരുമാനം വ്യത്യാസപ്പെടാം. കുറഞ്ഞ ചെലവ് അനുപാതം കാരണം, ഗോള്‍ഡ് ഇടിഎഫുകള്‍ മ്യൂച്വല്‍ ഫണ്ടുകളേക്കാള്‍ വരുമാനം വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ സാധാരണ നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യമുള്ളതും എളുപ്പമുള്ളതുമാണ്.