Gold Loan New Rule: പുതിയ ചട്ടത്തില്‍ ‘കുടുക്കരുത്’! 2 ലക്ഷം വരെ സ്വര്‍ണ വായ്പയ്ക്ക് കേന്ദ്രത്തിന്റെ ആശ്വാസം
Gold Loan New Rule From January 2026: ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്ര നീക്കം. സമയബന്ധിതമായും തടസങ്ങളില്ലാതെയും വായ്പകള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളെ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.

പ്രതീകാത്മക ചിത്രം
കഴിഞ്ഞ ദിവസമാണ് സ്വര്‍ണ വായ്പയ്ക്ക് മേല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കടുത്ത നിബന്ധനകള്‍ കൊണ്ടുവന്നത്. എന്നാല്‍ ഇവയില്‍ പലതും സാധാരണക്കാരെ ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ളതായിരുന്നു. ഇപ്പോഴിതാ പുതിയ നിബന്ധനകളില്‍ നിന്ന് രണ്ട് ലക്ഷം രൂപ വരെ വായ്പ എടുക്കുന്നവരെ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മാത്രമല്ല പുതിയ മാറ്റങ്ങള്‍ 2026 ജനുവരി 1 മുതല്‍ നടപ്പാക്കിയാല്‍ മതിയെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുകയാണ്.
ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് കേന്ദ്ര നീക്കം. സമയബന്ധിതമായും തടസങ്ങളില്ലാതെയും വായ്പകള്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകളെ ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കിയത്.
2025 ഏപ്രിലിലാണ് സ്വര്‍ണ വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍, ബാങ്കിതര സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, ഗ്രാമീണ്‍ ബാങ്കുകള്‍ എന്നിവയ്ക്ക് റിസര്‍വ് ബാങ്ക് കരട് ചട്ടം പുറത്തിറക്കിയത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് സുതാര്യവും സുരക്ഷിതവുമായ വായ്പകളെല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വായ്പ കൈപ്പറ്റുന്നയാളുടെ ക്രെഡിറ്റ് സ്‌കോര്‍ അനുസരിച്ച് പണം നല്‍കുക, വായ്പാ മൂല്യ അനുപാതം 75 ശതമാനമാക്കി കുറയ്ക്കും, നിങ്ങള്‍ പണയം വെക്കാന്‍ കൊണ്ടുപോകുന്ന സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം, സ്വര്‍ണത്തിന്റെ പരിശുദ്ധിയുമായി സംബന്ധിച്ച് ബാങ്ക് ഉപയോക്താവിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
ഒരു വ്യക്തിക്ക് പണയം വെക്കാവുന്ന ആകെ സ്വര്‍ണത്തിന്റെ പരിധി 1 കിലോ, സ്വര്‍ണത്തിന്റെ മൂല്യം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലായിരിക്കണം, പണയം വെക്കുന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട് വായ്പ കരാര്‍ ഉണ്ടായിരിക്കണം, പൂര്‍ണമായ തിരിച്ചടവിന് ശേഷമോ അല്ലെങ്കില്‍ ഒത്തുതീര്‍പ്പാക്കിയ ശേഷമോ വായ്പ നല്‍കുന്ന സ്ഥാപനം സ്വര്‍ണം ഏഴ് ദിവസത്തിനുള്ളില്‍ തിരികെ നല്‍കിയിരിക്കണം എന്നിങ്ങനെയായിരുന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നത്.