Cibil Score: പയ്യന് സിബിൽ സ്കോർ കുറവ്, വിവാഹത്തിൽ നിന്ന് പിന്മാറി പെൺവീട്ടുകാർ; ഈ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം
What is Cibil Score: വായ്പ കൃത്യമായി തിരിച്ചടയ്ക്കാത്തതാണ് ഇവിടെ വരനെ ചതിച്ചത്. പല ബാങ്കുകളിലും അയാള്‍ക്ക് വായ്പകളുണ്ടായിരുന്നുവെന്നും പലതും കൃത്യ സമയത്തും തിരിച്ചടയ്ക്കുന്നില്ലെന്നും വധുവിന്റെ കുടുംബം കണ്ടെത്തുകയായിരുന്നു.

വരന് സിബില്‍ സ്‌കോര്‍ കുറഞ്ഞതിനെ തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ വാര്‍ത്ത കേട്ടില്ലെ? മറ്റെവിടെയുമല്ല ഇന്ത്യയില്‍ തന്നെ മുര്‍തിജാപൂരിലാണ് സംഭവം നടക്കുന്നത്. വരന്റെ സ്വഭാവവും ജോലിയും വീടും മാത്രമല്ല ഇന്നത്തെ കാലത്ത് ഒരു വിവാഹം നടക്കണമെങ്കില്‍ സിബില്‍ സ്‌കോറും വളരെ അനിവാര്യമാണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
വായ്പ കൃത്യമായി തിരിച്ചടയ്ക്കാത്തതാണ് ഇവിടെ വരനെ ചതിച്ചത്. പല ബാങ്കുകളിലും അയാള്‍ക്ക് വായ്പകളുണ്ടായിരുന്നുവെന്നും പലതും കൃത്യ സമയത്തും തിരിച്ചടയ്ക്കുന്നില്ലെന്നും വധുവിന്റെ കുടുംബം കണ്ടെത്തുകയായിരുന്നു.
ഇതെല്ലാം അവിടെ നില്‍ക്കട്ടെ, നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളുടെ സിബില്‍ സ്‌കോറിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വായ്പകള്‍ എടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും, പലപ്പോഴും വന്നെത്തുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൃത്യ സമയത്തുള്ള തിരിച്ചടവിനെ ബാധിക്കുന്നു. അതിനാല്‍ തന്നെ സിബില്‍ സ്‌കോറിനെ കുറിച്ച് മനസിലാക്കുന്നത് ഗുണം ചെയ്യും.




എന്താണ് സിബില്‍ സ്‌കോര്‍
ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ലിമിറ്റഡ് നല്‍കുന്ന ഒരു ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സ്‌കോറാണ് സിബില്‍ സ്‌കോര്‍. ഒരാളെടുക്കുന്ന വായ്പയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം, തിരിച്ചടവിന്റെ വിവരങ്ങള്‍ തുടങ്ങിയ നിങ്ങളുടെ സിബില്‍ സ്‌കോറിനെ ബാധിക്കുന്നു.
300 മുതല്‍ 900 വരെയാണ് സിബില്‍ സ്‌കോര്‍ കണക്കാക്കുന്നത്. 750 മുതല്‍ 900 വരെയുള്ള സ്‌കോറാണ് നല്ലത്. 600 മുതല്‍ 750 സ്‌കോര്‍ ആണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ചില കടബാധ്യതകളെ സൂചിപ്പിക്കുന്നു. 600 ന് താഴെയാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കാന്‍ സാധ്യതയില്ല.
സിബില്‍ സ്‌കോറുകള്‍ ഉയര്‍ന്നതാണെങ്കില്‍ നിങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കാന്‍ എളുപ്പമാണ്. എന്നാല്‍ വായ്പകള്‍ ലഭിച്ചതിന് ശേഷം തിരിച്ചടവ് മുടക്കുന്നത് സിബില്‍ സ്‌കോറിനെ മോശമായി ബാധിക്കും.
സിബില്‍ സ്‌കോര്‍ ഉയര്‍ത്താം
- വായ്പകളുടെ തിരിച്ചടവ് കൃത്യസമയത്ത് നടത്തുക എന്നതാണ് സിബില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനുള്ള പ്രധാനമാര്‍ഗം. ഇഎംഐ പല തവണ വൈകിപ്പിക്കുന്നത് സിബില്‍ സ്‌കോര്‍ കുറയുന്നതിന് കാരണമാകും.
- ക്രെഡിറ്റ് കാര്‍ഡ് കൈവശമുണ്ടെങ്കില്‍ അത് ഉത്തരവാദിത്തതോടെ ഉപയോഗിക്കുക. പണം ഒരുപാട് ചെലവഴിക്കാതെ കൃത്യ സമയത്ത് തന്നെ അടച്ച് തീര്‍ക്കുന്നതാണ് നല്ലത്.
- ഒരുപാട് വായ്പകള്‍ എടുക്കുന്നത് ഗുണം ചെയ്യില്ല. അങ്ങനെയെങ്കില്‍ നിങ്ങള്‍ വലിയ കടക്കാരനാണെന്ന് ബാങ്കിന് തോന്നും. മാത്രമല്ല, വായ്പകള്‍ വര്‍ധിക്കുന്നത് സിബില്‍ സ്‌കോര്‍ താഴ്ത്തുകയും ചെയ്യും.
- പഴയ ബാങ്ക് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നതും സിബില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിക്കും.
- നിങ്ങള്‍ക്ക് ലഭ്യമായിട്ടുള്ള ക്രെഡിറ്റിന്റെ 30 ശതമാനത്തില്‍ താഴെ മാത്രം എപ്പോഴും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.