KEAM Rank List 2025: കീം റാങ്ക് ലിസ്റ്റ് ഈയാഴ്ചയോ? മുന്നില്‍ ഇനിയും കടമ്പകള്‍; കാലതാമസത്തിലേക്ക് നയിച്ചത്
KEAM 2025 Engineering Rank List is expected to be released soon: വിദ്യാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്ത മാര്‍ക്കുകളുടെ പരിശോധന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈയൊരു കടമ്പ മാത്രമാണ് ഇനി റാങ്ക് ലിസ്റ്റിന് മുന്നോടിയായി അവശേഷിക്കുന്നത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പുറത്തുവിടും

പ്രതീകാത്മക ചിത്രം
എഞ്ചിനീയറിങ്ക് റാങ്ക് ലിസ്റ്റിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് തുടരുന്നു. ജൂണ്‍ പകുതിയോടെ റാങ്ക് ലിസ്റ്റ് പുറത്തുവിടുമെന്നായിരുന്നു പ്രതീക്ഷകളെങ്കിലും അതുണ്ടായില്ല. റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നതില്‍ നേരിയ കാലതാമസമുണ്ടാകുമെന്നാണ് സൂചന. എങ്കിലും ജൂണില്‍ തന്നെ റാങ്ക് ലിസ്റ്റ് പുറത്തുവിടും. ഈയാഴ്ചയോ, അടുത്തയാഴ്ചയോ പുറത്തുവിടാനാണ് സാധ്യത. യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം) രണ്ടാം വര്‍ഷത്തിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുടെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതിനും, വെരിഫിക്കേഷനുമുള്ള സമയപരിധി പലതവണ ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. ഇതാണ് മുന്‍വിലയിരുത്തലുകളില്‍ നിന്നു വ്യത്യസ്തമായി റാങ്ക് ലിസ്റ്റ് നേരിയ തോതില്‍ വൈകാന്‍ കാരണം.
എഞ്ചിനീയറിങ്, ഫാര്‍മസി കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ സ്‌കോര്‍ മെയ് 14നാണ് പുറത്തുവിട്ടത്. പിന്നീട് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ മെയ് രണ്ട് വരെ സമയം അനുവദിച്ചു. പിന്നീട് ഇത് മെയ് നാല് വരെ ദീര്‍ഘിപ്പിച്ചു. തുടര്‍ന്ന് മെയ് 10ന് വൈകുന്നേരം ആറു വരെ മാര്‍ക്ക് പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തി.
അപ്ലോഡ് ചെയ്ത മാര്‍ക്കുകള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനും, പിഴവുകള്‍ തിരുത്തുന്നതിനുമുള്ള അവസരമായിരുന്നു ഇത്. ഇതിന് പിന്നാലെ മാര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മെയ് 10ന് രാത്രി 11.59 വരെയും ദീര്‍ഘിപ്പിച്ചു നല്‍കി. അതിനുശേഷം മാര്‍ക്ക് പരിശോധിക്കുന്നതിനുള്ള അവസരം മെയ് 12ന് രാത്രി 11.59 വരെയായും ദീര്‍ഘിപ്പിച്ചു.
ഇനി വിദ്യാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്ത മാര്‍ക്കുകളുടെ പരിശോധന പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈയൊരു കടമ്പ മാത്രമാണ് ഇനി റാങ്ക് ലിസ്റ്റിന് മുന്നോടിയായി അവശേഷിക്കുന്നത്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം റാങ്ക് ലിസ്റ്റ് പുറത്തുവിടും.