KEAM Result 2025 Cancelled: കാത്തിരുന്നതൊക്കെ വെറുതെയായി, കീം ഫലം റദ്ദാക്കി; കാരണം ആ മാറ്റം
High Court Cancels KEAM Result 2025: വെയിറ്റേജ് അടക്കം കണക്കാക്കുന്ന രീതിയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. 2011 മുതലുള്ള വെയിറ്റേജ് അനുസരിച്ച് മുന്നോട്ടുപോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്

കീം 2025
കീം ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്ടസില്‍ അടക്കം വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. വെയിറ്റേജ് അടക്കം കണക്കാക്കുന്ന രീതിയെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. സംസ്ഥാന സര്‍ക്കാരിനും, കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും കനത്ത തിരിച്ചടിയാണ് ഇത്. 2011 മുതലുള്ള വെയിറ്റേജ് അനുസരിച്ച് മുന്നോട്ടുപോകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതായി സൂചനയുണ്ട്. പുതിയ വെയിറ്റേജ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. പുതിയ വെയിറ്റേജ് പ്രകാരം സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തോതില്‍ റാങ്കില്‍ വ്യത്യാസം വരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പഴയ രീതി പ്രകാരം റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വന്നേക്കാം.
പ്രവേശന പരീക്ഷയുടെ സ്‌കോര്‍കാര്‍ഡും പുറത്തുവന്നതിന് ശേഷമാണ് പ്രോസ്പക്ടസില്‍ മാറ്റം വരുത്തിയത്. ഇത് നിയമപരമല്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പരീക്ഷയ്ക്ക് മുമ്പുള്ള പ്രോസ്പക്ടസ് വച്ചാണ് മുന്നോട്ടുപോകേണ്ടതായിരുന്നു ഇവരുടെ വാദം. ഇത് കോടതിയും ശരിവച്ചെന്നാണ് മനസിലാക്കുന്നത്.
അലോട്ട്‌മെന്റും പ്രവേശന നടപടികളും തുടങ്ങാനിരിക്കെയാണ് ഫലം റദ്ദാക്കാന്‍ കോടതി ഉത്തരവിട്ടത്. നിലവിലുള്ള വെയിറ്റേജ് പ്രകാരം മുന്നോട്ടുപോകണമെന്നും, നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നുമാണ് കോടതിയുടെ നിര്‍ദ്ദേശം. കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അപ്പീലിലും തിരിച്ചടിയുണ്ടായാല്‍ എന്ത് ചെയ്യുമെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.
സ്‌കോര്‍കാര്‍ഡ് പുറത്തുവന്നിട്ടും ഏറെ കാത്തിരിപ്പിന് ശേഷമാണ് ഫലപ്രഖ്യാപനമുണ്ടായത്. മുന്‍ മാര്‍ക്ക് ഏകീകരണ രീതികളില്‍ കേരള സിലബസുകാര്‍ പിന്തള്ളപ്പെടുന്നുവെന്ന ആക്ഷേപങ്ങള്‍ മൂലം പുതിയ ഫോര്‍മുല അംഗീകരിച്ചതിന് ശേഷം മാത്രമാണ് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. തമിഴ്‌നാട് മാതൃകയിലായിരുന്നു മാര്‍ക്ക് ഏകീകരണം നടപ്പിലാക്കിയത്.
മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും
മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും നീതി നടപ്പാക്കുകയാണ് ലക്ഷ്യം. നടപടിക്രമങ്ങള്‍ സുതാര്യമായിരുന്നു. കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ പ്രയാസം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും മന്ത്രി വിശദീകരിച്ചു.