Kerala Plus One Admission 2025: പ്ലസ് വണ്‍ അപേക്ഷ ഇന്ന് മുതല്‍; അപേക്ഷിക്കേണ്ടത് എങ്ങനെ? എല്ലാം അറിയാം
Kerala Plus One Admission 2025 Complete Guide: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലൂടെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസും, യൂസര്‍ മാനുവലും നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം വേണം അയയ്ക്കാന്‍. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം

പ്രതീകാത്മക ചിത്രം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്ന് (മെയ് 14) മുതല്‍ 20 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. മെയ് 24ന് ട്രയല്‍ അലോട്ട്‌മെന്റ് നടക്കും. ജൂണ്‍ രണ്ടിനാണ് ആദ്യ അലോട്ട്‌മെന്റ്. രണ്ടാമത്തേത് ജൂണ്‍ 10നും, മൂന്നാമത്തേത് 16നും നടക്കും. ജൂണ്‍ 18ന് ക്ലാസുകള്‍ തുടങ്ങും. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24നാണ് ക്ലാസുകള്‍ തുടങ്ങിയത്. പ്രധാന ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തി ബാക്കിയുള്ള ഒഴിവുകള്‍ നികത്തും. ജൂലൈ 23ന് പ്രവേശന നടപടികള്‍ പൂര്‍ത്തിയാകും. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ആറു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേ പ്രവേശനം ഈ വര്‍ഷം മുതല്‍ ‘ഏകജാലക’ത്തിലൂടെയാണ്. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ടകളിലെ പ്രവേശനത്തിന് നിലവിലെ രീതി തുടരും.
എങ്ങനെ അയയ്ക്കാം?
hscap.kerala.gov.in എന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്‌സൈറ്റിലൂടെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റില്‍ പ്രോസ്‌പെക്ടസും, യൂസര്‍ മാനുവലും നല്‍കിയിട്ടുണ്ട്. ഇത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം വേണം അയയ്ക്കാന്‍. അപേക്ഷയിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. വിവരങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.
‘CREATE CANDIDATE LOGIN-SWS‘എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. മൊബൈല്‍ ഒടിപിയിലൂടെ പാസ്‌വേഡ് നല്‍കിയാകും കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇതിലൂടെയാണ്. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
പ്രവേശനത്തിലെ വിവിധ ഘട്ടങ്ങള്‍
- കാന്‍ഡിഡേറ്റ് ലോഗിന്‍
- ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കല്‍
- ട്രയല്‍ അലോട്ട്‌മെന്റ്
- ഓപ്ഷന്‍ പുനഃക്രമീകരണം
- അലോട്ട്‌മെന്റ്
- സ്‌കൂള്‍ പ്രവേശനം
- അപേക്ഷ സമര്‍പ്പിക്കുമ്പോള്‍
സ്‌കീമിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍
കാന്‍ഡിഡേറ്റ് ലോഗിനില്‍ പ്രേവശിച്ച് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല തിരഞ്ഞെടുക്കണം. തുടര്‍ന്ന് പേര് അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കേണ്ട ലോഗിന്‍ പേജ് ലഭ്യമാകും. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ സ്‌കീം കൃത്യമായി നല്‍കുക. വിശദാംശങ്ങള്‍ നല്‍കിയതിന് ശേഷം മൊബൈലില്‍ ഒടിപി ലഭിക്കും. അപേക്ഷാ നമ്പര്‍ എഴുതി സൂക്ഷിക്കണം. ഒടിപി കൊടുത്തു കഴിഞ്ഞ് പാസ്‌വേഡ് സൃഷ്ടിക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. പാസ്‌വേഡ് നല്‍കി ക്ലിക്ക് ചെയ്താല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രെഡന്‍ഷ്യല്‍ വിജയകരമായി സൃഷ്ടിക്കപ്പെടും.
തുടര്‍ന്ന് അപേക്ഷാ നമ്പര്‍, പാസ്‌വേഡ്, ജില്ല എന്നിവ നല്‍കിയാണ് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യേണ്ടത്. ലോഗിന്‍ ചെയ്തുകഴിയുമ്പോള്‍ സ്‌ക്രീനില്‍ ലഭ്യമാകുന്ന ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. പത്താംതരം പഠിച്ച സ്‌കൂളിന്റെ വിവരങ്ങള്‍, യോഗ്യതാ പരീക്ഷയിലെ വിവരങ്ങള്‍, പേര്, ജെന്‍ഡര്‍, കാസ്റ്റ്, കാറ്റഗറി തുടങ്ങിയ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം നല്‍കണം. ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കണം.
പ്രധാന തീയതികള്‍
- അപേക്ഷ സമര്‍പ്പിക്കേണ്ടത്: മെയ് 14 വൈകിട്ട് നാല് മുതല്‍
- അവസാന തീയതി: മെയ് 20
- ട്രയല്‍ അലോട്ട്‌മെന്റ്: മെയ് 24
- ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 2
- രണ്ടാം അലോട്ട്‌മെന്റ്: ജൂണ്‍ 10
- മൂന്നാം അലോട്ട്‌മെന്റ്: ജൂണ്‍ 16
- ക്ലാസുകള്‍ തുടങ്ങുന്നത്: ജൂണ്‍ 18
- പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുന്നത്: ജൂലൈ 23
സംശയമുണ്ടെങ്കില്‍
അപേക്ഷ സമര്‍പ്പിക്കല്‍, അലോട്ട്‌മെന്റ് തുടങ്ങിയവയെക്കുറിച്ച് സംശയങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌കൂള്‍തല ഹെല്‍പ് ഡെസ്‌കിനെ വിദ്യാര്‍ത്ഥികള്‍ക്ക് സമീപിക്കാം.