Kerala PSC Lab Assistant Exam 2025: ഹയര്‍ സെക്കന്‍ഡറി ലാബ് അസിസ്റ്റന്റ് മുഖ്യപരീക്ഷ നാളെ; ഈ കേന്ദ്രങ്ങളില്‍ പരീക്ഷയുള്ളവര്‍ ശ്രദ്ധിക്കണം
Kerala PSC Higher Secondary Education Laboratory Assistant Main Examination 2025: 99,456 പേര്‍ പ്രാഥമിക പരീക്ഷ വിജയിച്ചു. പേ സ്‌കെയില്‍ 24400-55200. ഓരോ ജില്ലകളിലേക്കുമായാണ് നിയമനം. എല്ലാ ജില്ലകളിലുമായി നൂറിലേറെ ഒഴിവുകളുണ്ട്. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരത്തും, കുറവ് ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കിയിലും പരീക്ഷ എഴുതും

പ്രതീകാത്മക ചിത്രം
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് പരീക്ഷയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നടത്തുന്ന മുഖ്യപരീക്ഷ നാളെ (ജൂണ്‍ 21) നടക്കും. ചില പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുണ്ട്. കോഴിക്കോട് ബേപ്പൂര്‍ ജിഎച്ച്എസ്എസിലെ സെന്റര്‍ ഒന്നിലെ ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കൊളത്തറ ഫറോക്ക് ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സെന്റര്‍ ഒന്നിലാണ് പരീക്ഷ എഴുതേണ്ടത്. രജിസ്റ്റര്‍ നമ്പര്‍ 1096958 മുതല്‍ 1097157 വരെയുള്ളവര്‍ക്കാണ് ഈ മാറ്റം. ജിഎച്ച്എസ്എസിലെ സെന്റര്‍ രണ്ടിലെ ഉദ്യോഗാര്‍ത്ഥികള്‍ ഫറോക്ക് ചെറുവണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സെന്റര്‍ രണ്ടിലും പരീക്ഷ എഴുതണം. രജിസ്റ്റര്‍ നമ്പര്‍ 1097158 മുതല്‍ 1097357 വരെയുള്ളവരാണ് സെന്റര്‍ നമ്പര്‍ രണ്ടില്‍ പരീക്ഷ എഴുതേണ്ടത്.
ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 3.30 വരെയാണ് പരീക്ഷ. ആദ്യ 30 മിനിറ്റ് ഐഡി കാര്‍ഡിന്റെയും, അഡ്മിഷന്‍ ടിക്കറ്റിന്റെയും വെരിഫിക്കേഷനുള്ളതാണ്. 447/2023 ആണ് തസ്തികയുടെ കാറ്റഗറി നമ്പര്‍. അഡ്മിറ്റ് കാര്‍ഡ് പിഎസ്‌സി നേരത്തെ പുറത്തുവിട്ടിരുന്നു. പ്രാഥമിക പരീക്ഷ വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരവരുടെ പിഎസ്‌സി പ്രൊഫൈലില്‍ നിന്നു അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിറ്റ് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കുകയും പാലിക്കുകയും വേണം. പരീക്ഷയുടെ സിലബസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
99,456 പേര്‍ പ്രാഥമിക പരീക്ഷ വിജയിച്ചു. പേ സ്‌കെയില്‍ 24400-55200. ഓരോ ജില്ലകളിലേക്കുമായാണ് നിയമനം. എല്ലാ ജില്ലകളിലുമായി നൂറിലേറെ ഒഴിവുകളുണ്ട്. ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ തിരുവനന്തപുരത്തും, കുറവ് ഉദ്യോഗാര്‍ത്ഥികള്‍ ഇടുക്കിയിലും പരീക്ഷ എഴുതും. കഴിഞ്ഞ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് പത്താംതല പ്രാഥമിക പരീക്ഷ നടത്തിയത്. ഇതിന് മുമ്പുണ്ടായിരുന്ന റാങ്ക് ലിസ്റ്റില്‍ നിന്നു 842-ഓളം നിയമനശുപാര്‍ശയുണ്ടായിരുന്നു. നിലവില്‍ ഏതാണ്ട് ഒരു വര്‍ഷത്തിലേറെയായി റാങ്ക് പട്ടികയില്ലാത്ത തസ്തികയാണിത്. അതുകൊണ്ട് തന്നെ, മുഖ്യപരീക്ഷയുടെ റാങ്ക് ലിസ്റ്റിന് അധികം കാലതാമസുണ്ടായേക്കില്ല.