Jassie Gift: ഫോര്‍ ദ പീപ്പിളില്‍ എങ്ങനെ ജാസി ഗിഫ്റ്റ് പാടി? ആ കഥ വെളിപ്പെടുത്തി ജയരാജ്
4 the people Movie: യങ്‌സ്‌റ്റേഴ്‌സിന്റെ സമീപനത്തില്‍ വ്യത്യസ്ത ഉണ്ടെങ്കില്‍ അവരെ ശല്യപ്പെടുത്താതെ സ്വാതന്ത്ര്യം കൊടുക്കാനാണ് താന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് ജയരാജ് പറഞ്ഞു. എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ മാത്രമേ പറയാറുള്ളൂ. ജാസി ഗിഫ്റ്റിന്റെ ശബ്ദം ഇഷ്ടപ്പെട്ടിരുന്നു

ജാസി ഗിഫ്റ്റ്, ജയരാജ്
ജയരാജ് സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫോര്‍ ദ പീപ്പിള്‍. ചിത്രത്തിനൊപ്പം അതിലെ പാട്ടുകളും അക്കാലത്ത് തരംഗമായി. ഗായകനും, സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ഫോര്‍ ദ പീപ്പിള്‍. അദ്ദേഹം പാടിയ ‘ലജ്ജാവതിയേ…’ എന്ന് തുടങ്ങുന്ന ഗാനം അന്ന് യുവതലമുറ ആഘോഷിച്ചു. ആ സിനിമയില്‍ പാടാന്‍ ജാസി ഗിഫ്റ്റിനെ എങ്ങനെയാണ് തിരഞ്ഞെടുത്തതെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ജയരാജ് വെളിപ്പെടുത്തി.
യങ്‌സ്‌റ്റേഴ്‌സിന്റെ സമീപനത്തില്‍ വ്യത്യസ്ത ഉണ്ടെങ്കില്‍ അവരെ ശല്യപ്പെടുത്താതെ സ്വാതന്ത്ര്യം കൊടുക്കാനാണ് താന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്ന് ജയരാജ് പറഞ്ഞു. എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ മാത്രമേ പറയാറുള്ളൂ. ജാസി ഗിഫ്റ്റിന്റെ ശബ്ദം ഇഷ്ടപ്പെട്ടിരുന്നു. ബീഭത്സ എന്ന ഹിന്ദി സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ ചെയ്യാന്‍ വേണ്ടി ‘സൗത്ത് പാക്കി’ല്‍ പാടുന്ന ഒരാളുണ്ടെന്ന് പറഞ്ഞ് സഹോദരന്‍ മഹേഷാണ് ജാസി ഗിഫ്റ്റിനെ പരിചയപ്പെടുത്തിയതെന്നും ജയരാജ് വെളിപ്പെടുത്തി.
അദ്ദേഹം ചെയ്തത് കേട്ടപ്പോള്‍ അതില്‍ ഉപയോഗിച്ചിരുന്ന ഒന്ന് രണ്ട് ശബ്ദം ആരുടേതാണെന്ന് ചോദിച്ചു. ‘സര്‍, അത് എന്റെ തന്നെയാണ്. വേണമെങ്കില്‍ മാറ്റാം’ എന്ന് പറഞ്ഞു. മാറ്റണ്ട, അത് റിപ്പീറ്റ് ചെയ്ത് അതിനകത്ത് ഇടാന്‍ പറഞ്ഞു. ആ ശബ്ദത്തോട് ഒരു ഹോണ്ടിങ് ഫീല്‍ വന്നു. അങ്ങനെ ഫോര്‍ ദ പീപ്പിള്‍ ചെയ്യുന്ന സമയത്ത് നിര്‍മാതാവ് സാബു ചെറിയാനോട് നമുക്ക് പുതിയൊരാളെ പരീക്ഷിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് ജാസിക്ക് ഓഫര്‍ കൊടുക്കുന്നതെന്നും ജയരാജ് വ്യക്തമാക്കി.
ജാസിയായിരിക്കും പാടുന്നതെന്ന് താന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ, അത് ജാസി അറിഞ്ഞില്ല. ജാസി പാടുന്ന ട്രാക്കുകള്‍ വേറൊരാളെ കൊണ്ട് പാടിക്കാന്‍ അദ്ദേഹം മദ്രാസിലേക്ക് പോയി. പക്ഷേ, ജാസി പാടിയ ട്രാക്ക് വെച്ച് താന്‍ ഷൂട്ടിങ് പൂര്‍ത്തീകരിച്ചിരുന്നു. പിന്നെ പാട്ടും ഹിറ്റായി. ആ നിമിഷത്തിലാണ് എല്ലാ പാട്ടുകളും ജാസിയെ കൊണ്ട് പാടിക്കാന്‍ തീരുമാനിച്ചതെന്നും ജയരാജ് പറഞ്ഞു.