JSK – Janaki vs State of Kerala Row: ‘സെൻസർ ബോർഡിനെ പിരിച്ചു വിടണം’; ‘ജെഎസ്‍കെ’ വിവാദത്തില്‍ വിനയന്‍
Director Vinayan on ‘JSK’ Censoring Controversy: നിരവധി തെറ്റായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സെൻട്രൽ സെൻസർ ബോർഡിനെ നിലയ്കു നിർത്താൻ ഇനിയും തയ്യാറായില്ലങ്കിൽ രാഷ്ട്രീയ ഭേദമെന്യേ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം സർക്കാരിന് നേരിടേണ്ടി വരുമെന്നാണ് വിനയൻ പറയുന്നത്.

Jsk Janaki Vs State Of Kerala Row
കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ‘ജെഎസ്കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന് സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ വിനയൻ. നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണമെന്നാണ് വിനയൻ പറയുന്നത്. നിരവധി തെറ്റായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സെൻട്രൽ സെൻസർ ബോർഡിനെ നിലയ്കു നിർത്താൻ ഇനിയും തയ്യാറായില്ലങ്കിൽ രാഷ്ട്രീയ ഭേദമെന്യേ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം സർക്കാരിന് നേരിടേണ്ടി വരുമെന്നാണ് വിനയൻ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്ര മന്ത്രിയും സർക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനമെന്നാണ് വിനയൻ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് 2010-ൽ ഉണ്ടായ അനുഭവവും സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുന്നു. യക്ഷിയും ഞാനും എന്ന സിനിമയുടെ സെന്‍സറിംഗ് സമയത്ത് താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം കുറിച്ചു. അന്നാണ് ആദ്യമായി സെൻസർ ഓഫീസിനു മുന്നിൽ സിനിമാക്കാർ സമരം നടത്തിയത് എന്നും എന്നാൽ ഇന്ന് സെൻസർ ചെയ്ത് സർട്ടിഫിക്കറ്റ് കൊടുക്കണമെന്ന് പറഞ്ഞാണ് നടക്കുന്നതെങ്കിൽ അന്ന് സെൻസർ ചെയ്തു കൊടുക്കരുത് എന്നായിരുന്നു മുദ്രാവാക്യമെന്നാണ് വിനയൻ പറയുന്നത്. ജൂൺ 30-ന് സെൻസർ ഓഫീസിനു മുന്നിൽ “ജാനകി” വിഷയത്തിലെ സമരത്തിനു നേതൃത്വം നൽകുന്ന സിനിമാ സംഘടനാ നേതാവ് തന്നെയായിരുന്നു തനിക്കെതിരെ സമരത്തിനും മുന്നിൽ നിന്നത് എന്നാണ് വിനയൻ പറയുന്നത്.
എന്നാൽ അന്ന് ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ ശക്തമായ നിലപാട് എടുത്തതുകൊണ്ട് തന്റെ സിനിമ സെൻസർ ചെയ്ത് തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞെന്നാണ് വിനയൻ പറയുന്നത്. അതുകൊണ്ട് ജെഎസ്കെ വിവാദത്തിൽ സെൻട്രൽ ഗവൺമെന്റ് കേന്ദ്ര സെൻസർ ബോർഡിനെ തിരുത്തേണ്ടതാണെന്നും നടപടി എടുക്കേണ്ടതാണെന്നും വിനയൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം.
രാജാവിനേക്കാൾ വലിയ രാജഭക്തി കാണിച്ചു കൊണ്ട്
നിരവധി തെറ്റായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന സെൻട്രൽ സെൻസർ ബോർഡിനെ നിലയ്കു നിർത്താൻ ഇനിയും തയ്യാറായില്ലങ്കിൽ രാഷ്ട്രീയ ഭേദമെന്നിയേ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകരിൽ നിന്ന് വലിയ പ്രതിഷേധം സർക്കാരിന് നേരിടേണ്ടി വരും..
“ജാനകി vs സ്റ്റേറ്റ് ഓഫ്കേരള” എന്ന സിനമയുടെ പേരിൽ നിന്ന് ജാനകി മാറ്റിയാലേ സെൻസർ സർട്ടിഫിക്കറ്റ് തരൂ എന്ന വിഢിത്തം നിറഞ്ഞ തീരുമാനം കോടതി ചവിറ്റു കൊട്ടയിലേക്ക് എടുത്തെറിയും മുൻപ് ശക്തമായ ഒരു തീരുമാനം എടുക്കുന്നതാണ് ഉചിതം..
കേന്ദ്ര മന്ത്രിയും സർക്കാരും അറിഞ്ഞായിരിക്കില്ല ഈ തീരുമാനം സെൻട്രൽ സെൻസർ ബോർഡ് ചെയർമാൻ എടുത്തിരിക്കുന്നതെന്നാണ് എന്റെ വിശ്വാസം.
ഞാനിങ്ങനെ പറയാൻ കാരണം 2010ൽ എന്റെ സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ഉണ്ടായ അനുഭവം വച്ചാണ്.. അന്ന് കേന്ദ്ര സെൻസർ ബോർഡിന്റെ ചെയർ പേഴ്സൺ ആയിരുന്ന പ്രശസ്ത ഹിന്ദി നടിയുടെ പക്ഷപാതവും പിടിവാശിയും മൂലം ഏറെ ബുദ്ധിമുട്ടിയ വ്യക്തിയാണ് ഞാൻ..
2010ൽ വിനയനെക്കൊണ്ട് ഇനി സിനിമയേ ചെയ്യിക്കില്ല എന്നു പറഞ്ഞ് മലയാള സിനിമയിലെ പ്രമാണിമാർ ചേർന്ന് എനിക്കു വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്ത് അവരെ ധിക്കരിച്ചുകെണ്ട് പുതിയ നടീനടൻമാരെയും ടെക്കനീഷ്യൻമാരെയും പങ്കെടുപ്പിച്ച് “യക്ഷിയും ഞാനും” എന്ന സിനിമ ഞാൻ ചെയ്തു. അതൊരു വലിയ വെല്ലുവിളി ആയിരുന്നു..
ആ സിനിമ പൂർത്തീകരിച്ച ശേഷം സെൻസർ ചെയ്യുവാനായി അന്നത്തെ തിരുവനന്തപുരം റീജണൽ സെൻസർ ഓഫീസർ ശ്രീ ചന്ദ്രകുമാർ എനിക്കു ഡേറ്റും തന്നു.. സെൻസറിനായി കേരള ഫിലിം ചേമ്പറിന്റെ NOC തരില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം.. ഞാൻ കേരളാ ഹൈക്കോടതിയിൽ പോയി കേസ് ഫയൽ ചെയ്തു. ജസ്റ്റീസ് ഡൊമനിക്ക് ഫിലിം ചേമ്പർ ഭാരവാഹികളെ നിശിതമായി വിമർശിച്ചുകൊണ്ട് വിധി പറഞ്ഞു.. ഒരു സിനിമാ സംഘടനയുടെയും NOC യോ സർട്ടിഫിക്കറ്റോ ഇല്ലാതെ ഏതു വ്യക്തിക്കും അയാളെടുക്കുന്ന സിനിമ സെൻസർ ചെയ്തു കൊടുക്കണം എന്നായിരുന്നു വിധി…
അതിൻ പ്രകാരം വീണ്ടും സെൻസറിനു ഡേറ്റു തന്നു..
എന്നെക്കൊണ്ട് സിനിമ ചെയ്യിക്കല്ലന്നു വാശിപിടിച്ച എന്റെ സിനിമാ സുഹൃത്തുക്കൾ വിട്ടുകൊടുക്കുമോ?.. അവർ തിരുവനന്തപുരത്ത് സെൻസർ ആഫീസിന്റെ മുന്നിൽ കുത്തിയിരുന്നു സമരം ചെയ്തു. ആദ്യമായി സെൻസർ ആഫീസിനു മുന്നിൽ സിനിമാക്കാർ സമരം നടത്തിയത് അന്നാണ്210 ജലൈയിൽ. അവർ മൈക്കു കെട്ടി എനിക്കെതിരെയും സെൻസർ ആഫീസർ ചന്ദ്രകുമാറിനെതിരെയും മുദ്രാവാക്യം വിളിച്ചു..
ഈ ജൂൺ മുപ്പതിനു സെൻസർ ആഫീസിനു മുന്നിൽ “ജാനകി” വിഷയത്തിലെ സമരത്തിനു നേതൃത്വം നൽകുന്ന സിനിമാ സംഘടനാ നേതാവു തന്നെ ആയിരുന്നു 2010 ലെ സമരത്തിനും മുന്നിൽ നിന്നത്.. അന്ന് സെൻസർ ചെയ്തു കൊടുക്കരുത് എന്നായിരുന്നു മുദ്രാവാക്യമെങ്കിൽ ഇന്ന് സെൻസർ ചെയ്ത് സർട്ടിഫിക്കറ്റ് കൊടുക്കണം..
എന്ന വ്യത്യാസമേയുള്ള..
അന്നാ സമരത്തിൽ അമ്മയിലെ നടീനടൻമാരോ സിനിമാ തൊഴിലാളികളോ ആരും പങ്കെടുത്തില്ല. പക്ഷേ നിർമ്മാണ രംഗത്തേം സംവിധാന രംഗത്തേം പ്രഗത്ഭരുടെ വൻ നിരതന്നെ ഉണ്ടായിരുന്നു..
സെൻസർ ആഫീസിനു മുന്നിൽ അവർ സമരം ചെയ്യുന്നതിനിടയിൽ റീജിയണൽ സെൻസർ ആഫീസർ എന്നെ ഫോണിൽ വിളിച്ചു.. യക്ഷിയും ഞാനും തൽക്കാലം സെൻസർ ചെയ്തു കൊടുക്കണ്ട എന്ന ചെയർ പേഴ്സൺന്റെ ഫാക്സ് അദ്ദേഹം വായിച്ചു കേൾപ്പിച്ചു..
ഞാനാകെ തളർന്നു പോയി…
പ്രശസ്ത ഹിന്ദി നടി കൂടിയായ ചെയർ പേഴ്സണെ സ്വാധീനിക്കാൻ കഴിവുള്ള മലയാളത്തിലെ ഒരു സംവിധായകനും അമിതാബ് ബച്ചനേക്കൊണ്ടു പോലും വിളിച്ചു പറയിക്കാൻ തക്ക ബന്ധമുള്ള നമ്മുടെ താരപ്രമുഖരും ഒന്നിച്ചു ശ്രമിച്ചതോടെ എന്റെ കാര്യം ഒരു തീരുമാനമായി.. യക്ഷിയും ഞാനും സെൻസർ ചെയ്യില്ല..
തീയറ്ററിൽ വരില്ല..
ഞാൻ പക്ഷേ പിന്തിരിഞ്ഞോടാനോ കാലുപിടിക്കാനോ തയ്യാറായില്ല..
അന്ന് കേന്ദ്രത്തിൽ UPA സർക്കാരാണ് ഭരിക്കുന്നത്..
കേരളത്തിലെ KPCC പ്രസിഡന്റ് മുഖാന്തിരം ഞാൻ കേന്ദ്ര മിനിസ്റ്ററിയുമായി ബന്ധപ്പെട്ടു.. സിനിമാ രംഗത്തെ എന്റെ നിലപാടുകളും,അതുമൂലം വൻ സ്വാധീന ശക്തികളോടു ഫൈറ്റ് ചെയ്യേണ്ടി വന്നതും ഒക്കെ വിശദമായി കോൺഗ്രസ്സ് നേതവ് ഡൽഹിയിൽ ധരിപ്പിച്ചു.. വിനയൻ ഒരു ഇടതു പക്ഷ സഹയാത്രികനായ കലാകാരനാണന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് അദ്ദേഹം എന്നെ പരിചയപ്പെടുത്തിയത്.
അന്നു കേരളം ഭരിച്ചിരുന്ന ഇടതു പക്ഷ സർക്കാരും മന്ത്രിയും എന്നെ സഹായിച്ചില്ല ,അവർ ശക്തിയുള്ള എതിർ പക്ഷത്തോടൊപ്പമായിരുന്നു എന്നത് ചരിത്ര സത്യം…
എന്റെ ഭാഗത്തെ ന്യായം മനസ്സിലാക്കിയ നിഷ്പക്ഷനായ അന്നത്തെ കേന്ദ്ര മന്ത്രി വിഷയത്തിൽ ഇടപെട്ടു.
എന്നാൽ മലയാള സിനിമയിലെ ഉന്നതരായ വിശിഷ്ട വ്യക്തിത്വങ്ങൾ എല്ലാം ഈ സംവിധായകന് എതിരാണ് അതിനാൽ ആ സിനിമയ്കുവേണ്ടി എന്തിനാണ് സമയം കളയുന്നത് എന്നാണ് ബഹുമാന്യ ആയ ചെയർ പേഴ്സൺ അന്നു ചോദിച്ചത്..
നിങ്ങൾക്ക് ആരെയെങ്കിലും തൃപ്തിപ്പെടുത്താൻ വേണ്ടിയിട്ടോ? അവരുടെ ഈഗോ നടപ്പാക്കാൻ വേണ്ടിയിട്ടോ അല്ല ആ സ്ഥാനത്തിരിക്കേണ്ടത്. സത്യം മനസ്സിലാക്കി പ്രവർത്തിക്കണം..
എന്ന ശക്തമായ നിലപാട് UPA സർക്കാർ എടുത്തതുകൊണ്ട് മാത്രമാണ് അന്ന് എന്റെ സിനിമ സെൻസർ ചെയ്ത് തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞത്..
മലയാള സിനിമയിലെ പ്രമാണിമാരും മാടമ്പിമാരും മുട്ടുകുത്തിപ്പോയ 2010 ജൂലൈയിലെ ആ സെൻസർബോർഡ് ഉപരോധിക്കൽ നാടകം അങ്ങനെ പൊളിഞ്ഞു യക്ഷിയും ഞാനും സെൻസർ ചെയ്തു ആഗസ്റ്റിൽ ഓണം റിലീസായി തീയറ്ററുകളിൽ വരികയും ചെയ്തു.. ആ വിഷയം സാന്ദർഭികമായി ഇവിടെ ഓർത്തു പോയതാണ്…
സെൻസർ ബോർഡിനു മുന്നിൽ സമരം എന്നു കേൾക്കുമ്പോൾ ഞാൻ ആദ്യം ഓർക്കുക എന്റെ സിനിമയ്കെതിരെ നടന്ന സമരം ആയിരിക്കുമല്ലോ?
മാത്രമല്ല ഇങ്ങനെ ഒക്കെയും ഇവിടെ നടന്നിരുന്നു എന്ന കാര്യം സിനിമയിലെ പുതിയ തലമുറയും അറിഞ്ഞിരിക്കണമല്ലോ?
ഇന്നത്തെ ഈ “ജാനകി” വിഷയത്തിലും സെൻട്രൽ ഗവൺമെന്റ് കേന്ദ്ര സെൻസർ ബോർഡിനെ തിരുത്തേണ്ടതാണ് , നടപടി എടുക്കേണ്ടതാണ്..
ഇക്കാര്യത്തിൽ ശ്രീ സുരേഷ് ഗോപി ശക്തമായി ഇടപെടണം.
രജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന വിദൂഷകൻമാരെ നിലയ്കു നിർത്തുക തന്നെ വേണം,