Narendra Modi: 5,400 കോടിയിലധികം രൂപയുടെ പദ്ധതികള്‍; പ്രധാനമന്ത്രി ഗുജറാത്തിലേക്ക്
Narendra Modi Gujarat Visit: നഗരവികസനം, ഊര്‍ജ്ജം, റോഡുകള്‍, റെയില്‍വേ എന്നിവ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളിലും കണക്ടിവിറ്റിയിലുമാണ് സര്‍ക്കാര്‍ ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലേക്ക്. ഓഗസ്റ്റ് 25, 26 തീയതികളിലാണ് പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം. അഹമ്മദാബാദില്‍ 5,400 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും. ഇന്ന് വൈകീട്ടോടെയാണ് അദ്ദേഹം ഗുജറാത്തില്‍ എത്തുന്നത്. വൈകീട്ട് 6 മണിക്ക് അഹമ്മദാബാദിലെ ഖോടാല്‍ധാം മൈതാനത്ത് പൊതുപരിപാടിയില്‍ സംസാരിക്കും.
നഗരവികസനം, ഊര്‍ജ്ജം, റോഡുകള്‍, റെയില്‍വേ എന്നിവ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളിലും കണക്ടിവിറ്റിയിലുമാണ് സര്‍ക്കാര്‍ ഗുജറാത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രം പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വൈകീട്ട് ചേരുന്ന യോഗത്തില്‍ വെച്ച് പ്രധാനമന്ത്രി നിരവധി പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും മറ്റുള്ളവയ്ക്ക് തറക്കല്ലിടുകയും ചെയ്യും.
ഓഗസ്റ്റ് 26ന് രാവിലെ അദ്ദേഹം അഹമ്മദാബാദിലെ ഹന്‍സല്‍പൂരിലുള്ള സുസുക്കി മോട്ടോര്‍ പ്ലാന്റ് സന്ദര്‍ശിക്കും. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളുടെ പ്രാദേശിക ഉത്പാദനം ഉദ്ഘാടനം ചെയ്യും. കൂടാതെ സുസുക്കിയുടെ ആദ്യത്തെ ആഗോള ബാറ്ററി ഇലക്ട്രിക് വെഹിക്കിളായ ഇ വിറ്റാരയുടെ യൂറോപ്പ്, ജപ്പാന്‍ എന്നിവയുള്‍പ്പെടെയുള്ള നൂറിലധികം രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്യും.




റെയില്‍വേ മേഖലയില്‍ 1,400 കോടിയിലധികം രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 530 കോടിയിലധികം രൂപ ചെലവില്‍ 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മഹേശന-പാലന്‍പൂര്‍ റെയില്‍ പാത ഇരട്ടിപ്പില്‍, 860 കോടിയിലധികം രൂപ ചെലവില്‍ 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കലോല്‍-കാഡി-കറ്റോസന്‍ റോഡ് റെയില്‍പാതയുടെയും 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെച്രാജി-രാണുജ് റെയില്‍പാതയും പദ്ധതിയുടെ ഭാഗമാണ്.
ഈ പദ്ധതി നടപ്പാക്കുന്നതോടെ കണക്ടിവിറ്റി വര്‍ധിക്കുകയും യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ബിസിനസുകള്‍ക്കും സുഗമമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുകയും പ്രാദേശിക ഏകീകരണം വളരുകയും ചെയ്യുമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.