Narendra Modi: ഇറക്കുമതി കുറയ്ക്കാന്‍ സാധ്യമായതെല്ലാം നമ്മള്‍ ചെയ്യണം, വിദേശ കറന്‍സി അനാവശ്യമായി ചെലവഴിക്കരുത്: മോദി
Narendra Modi Calls for Lower Imports and Foreign Currency Savings Amid Middle East Crisis: ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയാക്കാന്‍ തങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയത്വവും ആഭ്യന്തര ഉത്പാദന ശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി രാജ്യം നിലവിലെ വെല്ലുവിളികളെ ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും പ്രധാനമന്ത്രി.

നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കാലഘട്ടത്തില്‍ വിദേശ കറന്‍സി അനാവശ്യമായി ചെലവഴിക്കുന്നത് പൗരന്മാര്‍ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വഡോദരയില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലമുണ്ടാകുന്ന തടസങ്ങളെയും ആഗോള ഊര്‍ജ വിപണിയില്‍ നേരിടുന്ന ചാഞ്ചാട്ടങ്ങളെയും കുറിച്ചുള്ള ആശങ്കകള്‍ അദ്ദേഹം പങ്കുവെച്ചു. അന്താരാഷ്ട്ര വിതരണ ശൃംഖലകളില്‍ ഒരു പ്രധാന പങ്കാളിയായി ഉയര്‍ന്നുവരാന്‍ ഇന്ത്യ നിരന്തരം ശ്രമിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
ആഗോള വിതരണ ശൃംഖലകളില്‍ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയാക്കാന്‍ തങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്വാശ്രയത്വവും ആഭ്യന്തര ഉത്പാദന ശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി രാജ്യം നിലവിലെ വെല്ലുവിളികളെ ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും പ്രധാനമന്ത്രി.
ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടും, അമിതമായി വിദേശനാണ്യം ഇവിടേക്ക് ഒഴുകുന്നത് ഉള്‍പ്പെടെ ഇല്ലാതാക്കിക്കൊണ്ടും സര്‍ക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയാണ് പൗരന്മാര്‍ വേണ്ടത്. ഇറക്കുമതിയുടെ ഉപയോഗം കുറയ്ക്കുന്നതിനും വിദേശ കറന്‍സി ചെലവഴിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നതിനും നാം എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
നേരത്തെയും ദേശീയ പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ ഇന്ത്യക്കാര്‍ ഐക്യത്തോടും ഉത്തരവാദിത്തതോടും കൂടി പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ത്യ യുദ്ധമോ വലിയ പ്രതിസന്ധിയോ നേരിടുമ്പോഴെല്ലാം, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് പൗരന്മാര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റാറുണ്ട്, ഇപ്പോഴും നമ്മളത് ചെയ്യണം.
വിദേശത്ത് നിന്ന് നിരവധി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ലക്ഷക്കണക്കിന് കോടി രൂപ വിദേശനാണ്യമായി ചെലവഴിക്കുന്നു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ആഗോള വിതരണ ശൃംഖലകളും ഗുരുതരമായ തടസം നേരിടുന്നു. ചെറുതും വലുതുമായ ശ്രമങ്ങള്‍ ഒരുപാട് ഉണ്ടാകണം. വിദേശത്ത് നിന്ന് വരുന്ന ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയും, വിദേശനാണ്യത്തിന്റെ ഉപയോഗത്തിന് അറുതി വരുത്തുകയും വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ഇന്ധം ഉപയോഗം കുറയ്ക്കാനായി ഇലക്ട്രിക് വാഹനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. സ്വര്‍ണം വാങ്ങുന്നത് മാറ്റിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാര്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രി മോദി നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇന്ത്യക്കാരെ മുഴുവന്‍ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്ത് ഉപയോഗത്തിലിരിക്കുന്ന പല സാധനങ്ങളും വേണ്ടെന്നാണ് അദ്ദേഹം പറയുന്നത്, അതില്‍ സ്വര്‍ണം, എണ്ണ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു.
പെട്രോള്‍-ഡീസല്‍ ഉപയോഗം കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുക, പൊതുഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക, ആഡംബരവും അനാവശ്യ ചെലവുകളും ഒഴിവാക്കുക, വിദേശ യാത്രകള്‍ കുറയ്ക്കുക, ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങിക്കാതിരിക്കുക, പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുക, ഓണ്‍ലൈന്‍ മീറ്റിങ്-വര്‍ക്ക് ഫ്രം ഹോം എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ അഭ്യര്‍ത്ഥനകളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ തുടങ്ങിയവയുടെയും സ്വര്‍ണത്തിന്റെയും ഉപയോഗം കുറയ്ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും മനസിലായി. ഇവ രണ്ടും ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുന്നു, അതിനാലാണ് പ്രധാനമന്ത്രി ഇവ വേണ്ടെന്ന് വെക്കാന്‍ പറയുന്നത്.
എന്നാല്‍ എല്ലാവരിലും സംശയം ഉളവാക്കുന്നത്, എന്തുകൊണ്ടാണ് അദ്ദേഹം പാചക എണ്ണ ഉപയോഗിക്കേണ്ടെന്ന് പറഞ്ഞതെന്ന കാര്യത്തിലാണ്. 2025-26 വര്‍ഷത്തില്‍ ഇന്ത്യ 19.5 ബില്യണ്‍ ഡോളര്‍ സസ്യ എണ്ണയാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്. വിദേശനാണ്യത്തിന്റെ വന്‍തോതിലുള്ള ഒഴുക്കിനെ ഇത് സൂചിപ്പിക്കുന്നു. എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നത് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കമ്മി കുറയുന്നത് രൂപയുടെ മേലുള്ള സമ്മര്‍ദവും ലഘൂകരിക്കുന്നു.
English Summary
Prime Minister Narendra Modi has urged citizens to reduce imports and avoid unnecessary foreign currency spending amid the Middle East crisis. He said responsible economic practices are important to protect India’s stability during global uncertainty.