Viral News: യുഎസില്‍ നിന്നും ജോലി പോയി നാട്ടിലെത്തി; ഇന്ത്യയില്‍ ജീവിക്കാനാകുന്നില്ലെന്ന് ടെക്കി
Techie Can't Live in India: കമ്പനിയിലെ പുനഃസംഘടനയുടെ ഭാഗമായി 2024ല്‍ ജോലി നഷ്ടപ്പെട്ടു. തന്റെ എച്ച്1ബി വിസയുടെ ആറ് വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിടലിന്റെ ഭാഗമായി തന്റെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ കമ്പനി റദ്ദാക്കി.

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: ജോലി നഷ്ടപ്പെട്ട് യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിയ ടെക്കി പങ്കുവെച്ച അനുഭവ കുറിപ്പ് വൈറലാകുന്നു. യുഎസില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി അവിടെ തന്നെ ജോലിയില്‍ പ്രവേശിച്ച സമയത്താണ് ഇയാള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്നത്. ഏകദേശം 10 വര്‍ഷത്തോളം യുഎസില്‍ താമസിച്ച ഇയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാനാകുന്നില്ലെന്ന് റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു.
കമ്പനിയിലെ പുനഃസംഘടനയുടെ ഭാഗമായി 2024ല്‍ ജോലി നഷ്ടപ്പെട്ടു. തന്റെ എച്ച്1ബി വിസയുടെ ആറ് വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിടലിന്റെ ഭാഗമായി തന്റെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ കമ്പനി റദ്ദാക്കി. തന്നോടൊപ്പം മറ്റ് 300 പേര്‍ക്കും ജോലി നഷ്ടമായെന്ന് യുവാവ് പറയുന്നു.
2024 ജനുവരിയില്‍ ഇന്ത്യയിലേക്ക് മടങ്ങി. ഒരു ദശാബ്ദകാലത്തെ രാജ്യത്തിന് പുറത്തുള്ള ജീവിതത്തിന് ശേഷം ഇന്ത്യയില്‍ താമസിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ തനിക്ക് കഴിഞ്ഞില്ല. ഇവിടേക്ക് താമസം മാറിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി. ഇതിനിടയില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ താമസിച്ചിട്ടുണ്ടെന്ന് പറഞ്ഞ ടെക്കി ഇന്ത്യയുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാത്തതിനുള്ള കാരണങ്ങളും നിരത്തി.
മോശം റോഡുകള്‍, മലിനീകരണം, മോശം അടിസ്ഥാന സൗകര്യങ്ങള്‍, അശ്രദ്ധമായ ഡ്രൈവിങ്, തെരുവുകളില്‍ മൂത്രമൊഴിക്കല്‍ തുടങ്ങിയവയാണ് കാരണങ്ങള്‍. ടെക്കി പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധിയാളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
സഹോദരാ നിങ്ങളുടെ വികാരം എനിക്ക് മനസിലാകും. 15 വര്‍ഷത്തിലധികം യുഎസില്‍ താമസിച്ചതിന് ശേഷം ഞാന്‍ 2023ലാണ് തിരിച്ചെത്തിയത്. എന്റെ ജിസി സ്റ്റാറ്റസ് പോലും ഉപേക്ഷിച്ചു. എന്നിരുന്നാലും പൊരുത്തപ്പെട്ട് പോകാന്‍ പലതും ചെയ്തിട്ടുണ്ട്. നിങ്ങളും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒരാള്‍ കുറിച്ചു.