Bengaluru Stampede: ‘വിജയാഘോഷം ബുധനാഴ്ച നടത്തരുതെന്ന് പറഞ്ഞതാണ്, പക്ഷേ ഫ്രാഞ്ചൈസി സമ്മതിച്ചില്ല’: ആർസിബിയെ പ്രതിക്കൂട്ടിലാക്കി വെളിപ്പെടുത്തൽ
RCB Held Celebrations Ignoring Warning From The Police: ഐപിഎൽ വിജയാഘോഷം നടത്താൻ ആർസിബി വാശിപിടിച്ചതാണെന്ന് വെളിപ്പെടുത്തൽ. ആഘോഷം ഞായറാഴ്ച നടത്താമെന്ന് പറഞ്ഞെങ്കിലും ഫ്രാഞ്ചൈസി സമ്മതിച്ചില്ലെന്നാണ് വെളിപ്പെടുത്തൽ.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
ബെംഗളൂരു ചിന്നസ്വാമിയിലെ ആൾത്തിരക്കിൽ 11 പേർ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആരോപണം. വിജയാഘോഷം ഞായറാഴ്ച നടത്താമെന്ന് പറഞ്ഞതാണെന്നും ബുധനാഴ്ച തന്നെ ആഘോഷം നടത്തണമെന്ന് ഫ്രാഞ്ചൈസി വാശിപിടിച്ചു എന്നുമാണ് ആരോപണം. പോലീസിനെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബുധനാഴ്ച ആഘോഷങ്ങൾ നടത്തരുതെന്ന് ചൊവ്വാഴ്ച രാത്രി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസിയോടും സംസ്ഥാന സർക്കാരിനോടും ആവശ്യപ്പെട്ടിരുന്നു എന്ന് അധികൃതരെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ എല്ലാവരും വികാരവിക്ഷോഭത്തിലാണ്. അതൊന്ന് മാറിയിട്ട് ഞായറാഴ്ച ആഘോഷം നടത്താമെന്ന് പറഞ്ഞു. റാലി നടത്തരുതെന്നും ഒരു സ്ഥലത്ത് ഒരുമിച്ചുകൂടിയുള്ള പരിപാടി നടത്തണമെന്നും ആവശ്യപ്പെട്ടു. താരങ്ങളെ സ്റ്റേഡിയത്തിൽ എത്തിച്ച് പരിപാടി നടത്തണമെന്നായിരുന്നു തങ്ങളുടെ ആവശ്യം. എന്നാൽ, ഫ്രാഞ്ചൈസിക്ക് അത് സമ്മതമായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ – പാകിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ ഒരാഴ്ച തള്ളിവച്ചിരുന്നു എന്നാണ് ഫ്രാഞ്ചൈസി മറുപടി പറഞ്ഞത്. വിദേശതാരങ്ങളെ രാജ്യാന്തര മത്സരങ്ങൾക്കായി റിലീസ് ചെയ്യേണ്ടതുണ്ട്. അവർ ജൂൺ നാലിനോ അഞ്ചിനോ തിരികെ പോകുമെന്ന് ആർസിബി അറിയിച്ചു. അതുകൊണ്ട് തന്നെ നാലാം തീയതി തന്നെ പരിപാടി നടത്തണമെന്ന് ഫ്രാഞ്ചൈസി വാശിപിടിച്ചു. സർക്കാരും ഈ തീരുമാനത്തിനെ എതിർത്തില്ല. ഫ്രാഞ്ചൈസിയെ സർക്കാരെങ്കിലും തടഞ്ഞിരുന്നെങ്കിൽ ഈ അപകടം നടക്കുമായിരുന്നില്ല. ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ പോലീസ് കമ്മീഷണർ മുതൽ കോൺസ്റ്റബിൾമാർ വരെ തെരുവിലായിരുന്നു. എല്ലാവരും ആകെ ക്ഷീണിതരായി. ഇങ്ങനെ ഒരു ബഹളം ഇതുവരെ കണ്ടിട്ടില്ല എന്നും പോലീസ് അറിയിച്ചു.
ഈ മാസം നാലിന് വൈകുന്നേരമാണ് ആർസിബിയുടെ വിജയാഘോഷവും ദുരന്തവും നടന്നത്. ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ ആറ് റൺസിന് വീഴ്ത്തി ആർസിബി കിരീടം നേടുകയായിരുന്നു. റോഡ് ഷോയ്ക്കായി ടീമിനെ കാത്തുനിൽക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്.