AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Heinrich Klaasen: ‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം’; ഹെൻറിച്ച് ക്ലാസൻ ക്രിക്കറ്റ് മതിയാക്കി

Heinrich Klaasen retired from international cricket: ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ക്ലാസണ്‍ വിശദീകരിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു

Heinrich Klaasen: ‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം’; ഹെൻറിച്ച് ക്ലാസൻ ക്രിക്കറ്റ് മതിയാക്കി
ഹെൻറിച്ച് ക്ലാസൻImage Credit source: PTI
jayadevan-am
Jayadevan AM | Published: 02 Jun 2025 16:11 PM

ക്ഷിണാഫ്രിക്കന്‍ താരം ഹെൻറിച്ച് ക്ലാസൻ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വിരമിക്കല്‍ ദുഃഖകരമാണെന്നും, ഏറെ ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ക്ലാസണ്‍ വിശദീകരിച്ചു. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നെങ്കിലും തനിക്ക് പൂര്‍ണ സമാധാനം തോന്നുന്നുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ താരം പറഞ്ഞു. ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കുകയായിരുന്നു ചെറുപ്പം മുതലുള്ള സ്വപ്നം. അത് സാധിച്ചതാണ് ഏറ്റവും വലിയ കാര്യം. മികച്ച സൗഹൃദങ്ങളും ബന്ധങ്ങളും തനിക്ക് ലഭിച്ചെന്നും, അത് ജീവിതകാലം മുഴുവന്‍ വിലമതിക്കുമെന്നും ക്ലാസണ്‍ വ്യക്തമാക്കി.

പ്രോട്ടിയസിനായി (ദക്ഷിണാഫ്രിക്ക) കളിച്ചതിലൂടെ വലിയ താരങ്ങളെ കാണാനായി. അത് ജീവിതം മാറ്റിമറിച്ചു. അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സി ധരിക്കുന്നതിലേക്ക് താന്‍ കടന്നുവന്ന പാത മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായിരുന്നു. തന്നില്‍ വിശ്വാസം അര്‍പ്പിച്ച പരിശീലകരോട് എന്നും നന്ദിയുണ്ടാകുമെന്നും ക്ലാസണ്‍ വ്യക്തമാക്കി.

പ്രോട്ടിയസ് ബാഡ്ജ് ധരിക്കാന്‍ സാധിച്ചതാണ് വലിയ ബഹുമതി. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ഈ തീരുമാനം (വിരമിക്കല്‍) അതിന് അവസരം നൽകും. എപ്പോഴും പ്രോട്ടിയസിന്റെ വലിയ ആരാധകനായിരിക്കും, കരിയറിൽ തന്നെയും സഹതാരങ്ങളെയും പിന്തുണച്ച എല്ലാവർക്കും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു.

Read Also: Glenn Maxwell: ഏകദിനത്തിൽ ഇനി ‘ബിഗ് ഷോ’ ഇല്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഗ്ലെൻ മാക്സ്‌വൽ

4 ടെസ്റ്റുകൾ, 60 ഏകദിനങ്ങൾ, 58 ടി20 എന്നിവയുൾപ്പെടെ 102 മത്സരങ്ങളില്‍ ക്ലാസണ്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. വമ്പനടികള്‍ക്ക് പേരുകേട്ട താരം മികച്ച വിക്കറ്റ് കീപ്പറുമാണ്. 2018ലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഏകദിനത്തില്‍-2141, ടി20യില്‍-1000, ടെസ്റ്റില്‍-104 റണ്‍സുകള്‍ നേടിയിട്ടുണ്ട്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്. ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നുവെന്ന് ക്ലാസണ്‍ പ്രഖ്യാപിച്ചത്.