IPL 2025: കാത്തിരുന്ന് കളിക്കാനിറങ്ങി, എല്ലാം മഴ തുലച്ചു; സച്ചിന്‍ ബേബിയുടെ കാത്തിരിപ്പ് ‘തുടരും’
Sachin Baby: മഴയില്‍ പൊലിഞ്ഞത് സണ്‍റൈസേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളുമായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി നിലവിലെ റണ്ണേഴ്‌സ് അപ്പുകള്‍ മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സും, രാജസ്ഥാന്‍ റോയല്‍സും നേരത്തെ പുറത്തായിരുന്നു

സച്ചിന് ബേബി, സണ്‍റൈസേഴ്‌സ് താരങ്ങള്‍
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒരു ‘സര്‍പ്രൈസ്’ ഉണ്ടായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ഒരു താരം ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നുവെന്ന സവിശേഷതയാണ് ഈ പ്ലേയിങ് ഇലവന്‍ ലിസ്റ്റിന് മാറ്റ് കൂട്ടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ഒരു തിരിച്ചുവരവ് നടത്താന്‍ സച്ചിന്‍ ബേബി കാത്തിരുന്നത് മൂന്നു വര്‍ഷവും ഏഴ് മാസവും 15 ദിവസവുമാണ്. അതായത് 1323 ദിനരാത്രങ്ങള്‍. 2021ലാണ് സച്ചിന്‍ അവസാനമായി ഐപിഎല്‍ കളിച്ചത്. അന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമായിരുന്നു.
പിന്നീട് പല താരലേലങ്ങള്‍ കടന്നുപോയി. ആഭ്യന്തര ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത താരമാകുമ്പോഴും, ഐപിഎല്ലിലേക്ക് താരത്തിന് വിളി വന്നില്ല. ഒടുവില്‍ 36-ാം വയസില്‍ തിരിച്ചുവരവ്. പക്ഷേ, ആ കാത്തിരിപ്പിന്റെ മധുരവും, പ്രതീക്ഷകളുടെ ശോഭയും ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ പെയ്ത തകര്‍പ്പന്‍ മഴയില്‍ ഒലിച്ചുപോയി.
മികച്ച തുടക്കമായിരുന്നു ഹൈദരാബാദിന്റേത്. ടോപ് ഓര്‍ഡറിലെ മൂന്ന് പേരെയും നായകന്‍ പാറ്റ് കമ്മിന്‍സ് മടക്കി. കരുണ്‍ നായര്‍-ഗോള്‍ഡന്‍ ഡക്ക്, ഫാഫ് ഡു പ്ലെസിസ്-3, അഭിഷേക് പോറല്‍-8 എന്നിവരായിരുന്നു ഇരകള്‍. പിന്നാലെയെത്തിയ കെഎല്‍ രാഹുലിനും, ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനും ഡല്‍ഹിയെ കരകയറ്റാനായില്ല. ജയ്‌ദേവ് ഉനദ്കതും, ഹര്‍ഷല്‍ പട്ടേലും ഈ വിക്കറ്റുകള്‍ പങ്കിട്ടു.
ഒടുവില്‍ പുറത്താകാതെ 41 റണ്‍സെടുത്ത (36 പന്തില്‍) ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും, 26 പന്തില്‍ 41 റണ്‍സെടുത്ത അശുതോഷ് ശര്‍മയുടെയും ബാറ്റിങ് മികവില്‍ ഡല്‍ഹി 133ലെത്തി. എന്നാല്‍ ഡല്‍ഹിയുടെ ബാറ്റിങ് കഴിഞ്ഞതും മഴ തകര്‍ത്തു പെയ്തു. ഒരു പന്ത് പോലും സണ്‍റൈസേഴ്‌സിന് നേരിടാനായില്ല. മഴ കൊടുത്ത പണിയില്‍ മത്സരം ഉപേക്ഷിച്ചു. വിജയലക്ഷ്യം അനായാസമായി മറികടക്കാമെന്ന സണ്‍റൈസേഴ്‌സ് മോഹങ്ങളും കെട്ടണഞ്ഞു. ഇനിയും മൂന്ന് മത്സരങ്ങള്‍ ബാക്കിയുണ്ട്. സച്ചിന് ഈ മത്സരങ്ങളില്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Read Also: IPL 2025: മലയാളി ടീമിലെത്തിയപ്പോൾ ഭാഗ്യവും ഒപ്പമെത്തി; ഡൽഹി ക്യാപിറ്റൽസിനെ പിടിച്ചുകെട്ടി സൺറൈസേഴ്സ്
സണ്‍റൈസേഴ്‌സ് ഔട്ട്
മഴയില്‍ പൊലിഞ്ഞത് സണ്‍റൈസേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളുമായിരുന്നു. മത്സരം ഉപേക്ഷിച്ചതോടെ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി നിലവിലെ റണ്ണേഴ്‌സ് അപ്പുകള്‍ മാറി. ചെന്നൈ സൂപ്പര്‍ കിങ്‌സും, രാജസ്ഥാന്‍ റോയല്‍സും നേരത്തെ പുറത്തായിരുന്നു. തകര്‍പ്പന്‍ താരങ്ങള്‍ അണിനിരന്ന ടീമായിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇത്തവണ സണ്‍റൈസേഴ്‌സിന് സാധിച്ചില്ല. 11 മത്സരങ്ങളില്‍ ജയിച്ചത് മൂന്ന് മത്സരത്തില്‍ മാത്രം. പോയിന്റ് പട്ടികയില്‍ എട്ടാമതാണ്.