Onam Sadhya: ഓണസദ്യ ആകാശത്താകാം; യുഎഇയില്‍ വിമാനങ്ങളിലും ആഘോഷം
Onam Special Meals on Flights: യുഎഇയില്‍ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലാണ് ഓണസദ്യ കഴിച്ച് നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് യാത്രക്കാര്‍ക്കായി ഈ ഗംഭീര ഓഫര്‍ ഒരുക്കിയത്.
ഭൂമിയ്ക്ക് മുകളില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ ഇന്ന് ഒട്ടേറെ വഴികളുണ്ട്. ആകാശത്ത് കൂടി സഞ്ചരിക്കുന്ന റെസ്‌റ്റോറന്റുകളും സര്‍വ്വസാധാരണം. എന്നാല്‍ ആകാശത്തിരുന്നൊരു ഓണസദ്യ കഴിച്ചാലോ? യാത്രക്കാര്‍ക്ക് ഓണരുചിയൊരുക്കാന്‍ വമ്പന്‍ പദ്ധതികളുമായി എത്തിയിരിക്കുകയാണ് വിമാനക്കമ്പനികള്‍.
യുഎഇയില്‍ നിന്നും കേരളത്തിലേക്കും മംഗളൂരുവിലേക്കുമുള്ള അന്താരാഷ്ട്ര വിമാനങ്ങളിലാണ് ഓണസദ്യ കഴിച്ച് നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകുക. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് യാത്രക്കാര്‍ക്കായി ഈ ഗംഭീര ഓഫര്‍ ഒരുക്കിയത്. സെപ്റ്റംബര്‍ 6 വരെയാണ് ഇത് ലഭിക്കുക.
എയര്‍ലൈനിന്റെ ഗൗര്‍മയര്‍ മെനുവിന്റെ ഭാഗമാണ് ഓണസദ്യ. ഇത് നിങ്ങള്‍ക്ക് വിമാന യാത്രയ്ക്ക് 18 മണിക്കൂര്‍ മുമ്പ് വരെ ബുക്ക് ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു. 25 ദിര്‍ഹമാണ് ഓണസദ്യയുടെ വില. വാഴയിലയ്ക്ക് സമാനമായ കസ്റ്റം പാക്കേജിലാകും സദ്യ.




മാത്രമല്ല സ്വര്‍ണ കസവ് മുണ്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അതേ ശൈലിയില്‍ രൂപകല്‍പ്പന ചെയ്ത പെട്ടിയിലാണ് സദ്യയെത്തുക. മെനുവില്‍ മട്ട അരി ചോറ്, നെയ്, പരിപ്പ് മിക്‌സഡ് വെജിറ്റബിള്‍ തോരന്‍, എരിശേര, അവിയല്‍, കൂട്ടുകറി, സാമ്പാര്‍. ഇഞ്ചി പുളി, മാങ്ങാ അച്ചാര്‍, ചിപ്‌സ്, ശര്‍ക്കര വരട്ടി, പായസം എന്നിവയുണ്ടാകും.
അബുദബി, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവയുള്‍പ്പെടെയുള്ള യുഎഇയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രതിവാരം 525 സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. കേരളത്തിനോടുള്ള ആദരസൂചകമായി എയര്‍ലൈനിന്റെ ബോയിങ് വിമാനങ്ങളിലൊന്നായ വിടി-ബിഎക്‌സ്എമ്മില്‍ കസവ് രൂപകല്‍പ്പനയിലുള്ള ടെയില്‍ ആര്‍ട്ടുമുണ്ട്.