Donald Trump: ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും
Donald Trump imposes another 25 percent tariff on India: താരിഫ് വര്‍ധനവുമായി ബന്ധപ്പെട്ടുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവച്ചു. ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍ധനവ്

ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 25 ശതമാനം കൂടി വര്‍ധിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം കൂടി കണക്കിലെടുക്കുമ്പോള്‍ താരിഫ് ആകെ 50 ശതമാനമാകും. താരിഫ് വര്‍ധനവുമായി ബന്ധപ്പെട്ടുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവച്ചു. ഇന്ത്യയ്ക്ക് മേലുള്ള താരിഫ് 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് 25 ശതമാനം കൂടി കൂട്ടിയത്.
ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന താരിഫ് ഗണ്യമായി വർധിപ്പിക്കുമെന്ന് ചൊവ്വാഴ്ച സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ലെന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ വിമര്‍ശനം.
”അവര്‍ ഞങ്ങളുമായി ഇടപാടുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല. അതുകൊണ്ട് 25 ശതമാനത്തിലെത്തി (തീരുവ). അടുത്ത 24 മണിക്കൂറിനുള്ളില്‍ ആ നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കും”-എന്നായിരുന്നു സിഎൻബിസിയോട് ട്രംപ് പറഞ്ഞത്.
NEW: President Donald J. Trump just signed an Executive Order imposing an additional 25% tariff on India in response to its continued purchase of Russian oil.
Here is the text of the Order:
By the authority vested in me as President by the Constitution and the laws of the…
— Rapid Response 47 (@RapidResponse47) August 6, 2025
ആദ്യം പ്രഖ്യാപിച്ച താരിഫ് ഓഗസ്ത് ഏഴ് മുതലും, പുതിയ വര്‍ധനവ് 21 ദിവസത്തിന് ശേഷവും നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ റഷ്യന്‍ ഫെഡറേഷന്റെ എണ്ണ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പറയുന്നു.
വിദേശ പ്രതികാര നടപടികൾ ഉണ്ടായാൽ താരിഫില്‍ ഭേദഗതിയുണ്ടാകുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്. എന്നാല്‍ യുഎസിന്റേത് ഇരട്ടത്താപ്പാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഷ്യയുമായുള്ള യുഎസിന്റെ വ്യാപാരം ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നിലപാടിലെ ഇരട്ടത്താപ്പ് ഇന്ത്യ തുറന്നുകാട്ടിയത്.