Donald Trump Tariff Threat: സെപ്റ്റംബറോടെ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കണം, ഇല്ലെങ്കില്‍ 100% താരിഫ്; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
Donald Trump To Implement 100% Tariff on Russia: റഷ്യയുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം അസന്തുഷ്ടരാണ്. അതിനാല്‍ തന്നെ അവര്‍ക്കെതിരെ കഠിനമായ താരിഫുകള്‍ ചുമത്താന്‍ പോകുകയാണ്. 50 ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ഏകദേശം 100 ശതമാനം താരിഫുകള്‍ ചുമത്തും.

ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: യുക്രെയ്‌നുമായി സമാധാന കരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ റഷ്യയ്ക്ക് മേല്‍ താരിഫ് ചുമത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ദിവസത്തെ സമയമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് ട്രംപ് നല്‍കിയത്. ഇതിന് തയാറായില്ലെങ്കില്‍ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
റഷ്യയുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം അസന്തുഷ്ടരാണ്. അതിനാല്‍ തന്നെ അവര്‍ക്കെതിരെ കഠിനമായ താരിഫുകള്‍ ചുമത്താന്‍ പോകുകയാണ്. 50 ദിവസത്തിനുള്ളില്‍ ഒരു കരാറില്‍ എത്തിയില്ലെങ്കില്‍ ഏകദേശം 100 ശതമാനം താരിഫുകള്‍ ചുമത്തും. അതിനെ ദ്വിതീയ താരിഫുകള്‍ എന്ന് വിളിക്കുമെന്ന് നാറ്റോയുടെ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു.
പുടിനോട് തനിക്ക് കടുത്ത നിരാശയുണ്ടെന്നും ട്രംപ് ആവര്‍ത്തിച്ചു. മാസങ്ങള്‍ക്ക് മുമ്പ് അവരൊരു കരാറില്‍ എത്തിച്ചേരുമെന്നായിരുന്നു താന്‍ കരുതിയിരുന്നത്. ഇനി സെപ്റ്റംബറോടെ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഞങ്ങള്‍ ദ്വിതീയ താരിഫുകള്‍ ഏര്‍പ്പെടുത്താന്‍ പോകുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ കമ്പനികളില്‍ നിന്ന് വാങ്ങിയ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന സൈനിക ഉപകരണങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പണം നല്‍കി നാറ്റോ സഖ്യകക്ഷികള്‍ക്ക് എത്തിച്ചതിന് ശേഷം യുക്രെയ്‌നിലേക്ക് അയക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ദ്വിതീയ താരിഫുകള്‍ റഷ്യയുടെ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളും സ്ഥാപനങ്ങള്‍ക്കും മേല്‍ ലെവികള്‍ ചുമത്തുന്നതിന് വഴിവെക്കും. ചൈന, ബ്രസീല്‍, ഇന്ത്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ വാങ്ങിക്കുന്നുണ്ട്. അതിനാല്‍ തന്നെ താരിഫുകള്‍ ഈ രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാകും.