Israel Strikes Iran: ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രം ആക്രമിച്ച് ഇസ്രായേല്‍; മിസൈലുകള്‍ തൊടുത്ത് ഇറാന്‍
Israel Strikes Iran Updates: ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവയുള്‍പ്പെടെ നിരവധി ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ വര്‍ഷിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഇറാന്റെ എണ്ണ ശാലയ്ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയത്.

ഇറാനില്‍ നിന്നുള്ള ദൃശ്യം
ടെഹ്‌റാന്‍: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഷഹ്‌റാന്‍ എണ്ണ സംഭരണ കേന്ദ്രം ആക്രമിച്ച് ഇസ്രായേല്‍. ഇസ്രായേല്‍ സൈന്യം ഇവിടെ ബോംബെറിഞ്ഞതായാണ് വിവരം. ബുഷെഹറിനടുത്തുള്ള ഒരു വാതക പാടവും അബാദാനിലെ എണ്ണ ശുദ്ധീകരണശാലയും ഇസ്രായേല്‍ ആക്രമിച്ചു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലൊന്നായ ഫോര്‍ഡോവില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നാണ് വിവരം.
ടെല്‍ അവീവ്, ജറുസലേം, ഹൈഫ എന്നിവയുള്‍പ്പെടെ നിരവധി ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ വര്‍ഷിച്ചു. ഇറാന്റെ എണ്ണ ശാലകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് നീക്കം. ഇറാന്റെ ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടതായി വിവരം. ഇസ്രായേല്‍ ആക്രമണം തുടരുകയാണെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ ഭരണകൂടം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
ഇസ്രായേലിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് മിസൈല്‍ പ്രയോഗിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണമൊന്നും തന്നെ ഉണ്ടായിട്ടില്ല. ഫൈറ്റര്‍ ജെറ്റ് ഇന്ധന, ഊര്‍ജ്ജ വിതരണ കേന്ദ്രങ്ങളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇസ്രായേലി അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായാണ് ഐആര്‍ജിസി അറിയിക്കുന്നത്.
അതേസമയം, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെട്ടു. ഇറാനിയന്‍ വിദേശകാര്യമന്ത്രിയുമായി യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് സംസാരിച്ചു. തിരിച്ചടി തുടരുമെന്ന് തന്നെയാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെ ആണെന്നും ഇറാന്‍ യൂറോപ്യന്‍ യൂണിയനെ അറിയിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇനി അമേരിക്കയുമായി ആണവ ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവ ഊര്‍ജ്ജ ഏജന്‍സിയുടെ പ്രമേയം ഇറാന്റെ ആണവ ഊര്‍ജ്ജ ശ്രമങ്ങളെ തകര്‍ക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും ഇറാന്‍ പറഞ്ഞു.