Israel Strikes Iran: യുഎസ് പെന്റഗണിന് തുല്യം, ഇസ്രായേലിന്റെ കിരിയ ആക്രമിച്ച് ഇറാന്‍
Israel Strikes Iran Updates: ടെല്‍ അവീവിന്റെ ഹൃദയഭാഗത്തുള്ളതും ഇസ്രായേലിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നാഡീ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുമായി കിരിയ്‌ക്കെതിരെയുള്ള ആക്രമണം ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം
ടെല്‍ അവീവ്: ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 എന്ന പേരില്‍ ഇറാന്‍ ആരംഭിച്ച പ്രത്യാക്രമണം ഇസ്രായേലിന്റെ സൈനിക ആസ്ഥാനമായ കിരിയെയും ലക്ഷ്യം വെച്ചതായി റിപ്പോര്‍ട്ട്. ഇസ്രായേലിന്റെ പ്രധാന സൈനിക ആസ്ഥാനമാണ് ദി കിരിയ കോമ്പൗണ്ട്. ടെഹ്‌റാനില്‍ ഇസ്രായേലിന്റെ ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രത്യാക്രമണം.
ടെല്‍ അവീവിന്റെ ഹൃദയഭാഗത്തുള്ളതും ഇസ്രായേലിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നാഡീ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുമായി കിരിയ്‌ക്കെതിരെയുള്ള ആക്രമണം ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇസ്രായേലിന്റെ പെന്റഗണ്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിരിയ കോമ്പൗണ്ട് ടെല്‍ അവീവിലാണ് സ്ഥിതി ചെയ്യുന്നത്. ഐഡിഎഫ് ജനറല്‍ സ്റ്റാഫ്, പ്രതിരോധ മന്ത്രാലയം, പ്രധാന സൈനിക കമാന്‍ഡ്, ഇന്റലിജന്‍സ് സൗകര്യങ്ങള്‍ എന്നിവയും ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.
1948 മുതലാണ് ഐഡിഎഫിന്റെ ആസ്ഥാനമായി കിരിയ മാറിയത്. മുന്‍ പ്രധാനമന്ത്രി യിഝാക് റാബിന്റെ പേരിലുള്ള പ്രധാന ഐഡിഎഫ് താവളവും ഇവിടെയുണ്ട്. സൈനിക ആസൂത്രണം, രഹസ്യാന്വേഷണ ശേഖരണം, കമാന്‍ഡ് എന്നിവ ഏകോപിപ്പിക്കുന്ന മാര്‍ഗനിറ്റ്, മാറ്റകല്‍ ടാവറുകള്‍ പോലുള്ള ലാന്‍ഡ്മാര്‍ക്ക് ഘടനകളും കോമ്പൗണ്ടില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തെ ഏറ്റവും സെന്‍സിറ്റീവും കനത്ത സുരക്ഷയുള്ളതുമായ സ്ഥലങ്ങളിലൊന്നാണ് കിരിയ. ദേശീയ സുരക്ഷയ്ക്കും സൈനിക ഏകോപനത്തിനും ഇവിടം അത്യന്താപേക്ഷിതമാണ്.
അതേസമയം, ഇറാന്റെ ആക്രമണത്തെ ചെറുക്കുന്നതിനായി ഇസ്രായേല്‍ പ്രതിരോധ സേന അയേണ്‍ ഡോം, ആരോ ഇന്റര്‍സെപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള നൂതന മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചതായാണ് വിവരം. എങ്കിലും ഇസ്രായേലില്‍ ഒമ്പത് ഇടങ്ങളില്‍ എങ്കിലും മിസൈല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.