Turkey Warship: പാകിസ്ഥാനിലേക്ക് യുദ്ധക്കപ്പല്‍ അയച്ച് തുര്‍ക്കി; കപ്പല്‍ കറാച്ചിയില്‍
Turkey Sends Warship To Pakistan: ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് തുറമുഖ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് പാകിസ്ഥാൻ നാവികസേന പറയുന്നു. കപ്പലിൽ നൂതന റഡാർ സംവിധാനങ്ങൾ, 76 ഗണ്‍, ആന്റി ഷിപ്പ് മിസൈല്‍, ടോര്‍പിഡോ ലോഞ്ചേഴ്‌സ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്

ടിസിജി ബുയുക്കഡ
പാകിസ്ഥാനിലേക്ക് തുര്‍ക്കി യുദ്ധക്കപ്പല്‍ അയച്ചതായി റിപ്പോര്‍ട്ട്. കപ്പല്‍ കറാച്ചി തുറമുഖത്ത് നങ്കൂരമിട്ടതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിലെ പാക് പങ്ക് വ്യക്തമായതിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായിരുന്നു. ഈ സാഹചര്യത്തില്‍ തുര്‍ക്കി യുദ്ധക്കപ്പല്‍ പാകിസ്ഥാനിലെത്തിയത് ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സാധാരണ സന്ദര്‍ശനമെന്ന് പാകിസ്ഥാന്‍ വിശദീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ നീക്കത്തെ ഇന്ത്യ സംശയത്തോടെയാണ് നോക്കികാണുന്നത്.
പരസ്പര ധാരണ മെച്ചപ്പെടുത്തുന്നതിനും സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് തുര്‍ക്കിയുടെ നീക്കമെന്നും, രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആഴത്തില്‍ വേരൂന്നിയ പരസ്പര വിശ്വാസവും തന്ത്രപരമായ പങ്കാളിത്തവും ഇത് വ്യക്തമാക്കുന്നുവെന്നും പാകിസ്ഥാൻ ഡയറക്ടറേറ്റ് ജനറൽ പബ്ലിക് റിലേഷൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
കപ്പൽ ഇന്ധനം നിറയ്ക്കാൻ വേണ്ടി മാത്രമായിരുന്നു നങ്കൂരമിട്ടതെന്നാണ് തുര്‍ക്കി വൃത്തങ്ങള്‍ പറയുന്നത്. തുർക്കി വ്യോമസേനയുടെ സി-130 വിമാനം നേരത്തെ പാകിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധക്കപ്പലായ ടിസിജി ബുയുക്കഡ എത്തിയത്. മെയ് 7 വരെ തുർക്കി കപ്പൽ കറാച്ചിയിൽ നങ്കൂരമിടുമെന്നാണ് റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് തുറമുഖ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് പാകിസ്ഥാൻ നാവികസേന പറയുന്നു. കപ്പലിൽ നൂതന റഡാർ സംവിധാനങ്ങൾ, 76 ഗണ്‍, ആന്റി ഷിപ്പ് മിസൈല്‍, ടോര്‍പിഡോ ലോഞ്ചേഴ്‌സ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. സമുദ്ര-വ്യോമയാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഹെലികോപ്റ്റർ ലാൻഡിംഗ് പാഡ്, ഹാംഗർ എന്നിവയും ഇതിലുണ്ട്.
2023ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ തുര്‍ക്കിക്ക് നിരവധി സഹായങ്ങള്‍ നല്‍കിയ രാജ്യമാണ് ഇന്ത്യ. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ ഇന്ത്യ ‘ഓപ്പറേഷൻ ദോസ്ത്’ ആരംഭിച്ചിരുന്നു. എൻഡിആർഎഫ് ടീമുകളെയും വ്യോമസേനാ വിമാനങ്ങളും ഇന്ത്യ അന്ന് വിന്യസിച്ചു.