Kerala Gold Rate: ഇന്ത്യ-പാക് സംഘര്‍ഷം സ്വര്‍ണവിലയെ ‘തീ’ പിടിപ്പിക്കുമോ? വരും ദിവസങ്ങളില്‍ കാത്തിരിക്കുന്നതെന്ത്?
Kerala Gold Price Expectation: അന്താരാഷ്ട്ര തലത്ത് നിരക്ക് കുറയുമ്പോഴും, രാജ്യത്ത് വില വര്‍ധനവ് സംഭവിക്കുന്നതിന് ഇന്ത്യ-പാക് സംഘര്‍ഷവും ഒരു കാരണമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണവില വര്‍ധനവിന് അനുകൂല ഘടകമാണ്. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിലും അത് ലോകം കണ്ടു

സ്വര്‍ണവില
മെയ് മാസത്തിലെ ആദ്യ 10 ദിവസത്തെ സ്വര്‍ണവിലയിലെ ‘ട്രെന്‍ഡു’കള്‍ സാധാരണക്കാരന് ഞെട്ടല്‍ സമ്മാനിക്കുന്നതാണ്. മെയ് ഒന്നിന് 70,200 രൂപയായിരുന്നു പവന്റെ നിരക്ക്. മെയ് രണ്ടിന് ഇത് 70,040 ആയി കുറഞ്ഞത് ആശ്വാസവുമായി. എന്നാല്‍ അഞ്ചിന് വീണ്ടും 70,200-ലേക്ക് എത്തി. മെയ് എട്ടിന് 73,040 രൂപയായിരുന്നു പവന്റെ നിരക്ക്. എന്നാല്‍ അന്ന് ഉച്ചയ്ക്ക് 71,880 ആയി കുറഞ്ഞു. യുകെ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു ഒറ്റ ദിവസത്തെ ഈ ചാഞ്ചാട്ടത്തിന് കാരണം. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു അന്ന് സ്വര്‍ണവില കുറഞ്ഞത്. അന്ന് രാവിലെ സ്വര്‍ണം വാങ്ങിയവര്‍ക്ക് തിരിച്ചടി നല്‍കുന്നതായിരുന്നു ഈ മാറ്റം. എന്നാല്‍ മെയ് ഒമ്പതിന് സ്വര്‍ണവില വീണ്ടും 72,210 പിന്നിട്ടു. നിലവില്‍ 72,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 9045 രൂപയാണ് വില.
അന്താരാഷ്ട്ര നിരക്ക് കുറഞ്ഞിട്ടും സംസ്ഥാനത്ത് സ്വര്‍ണവില കൂടുകയായിരുന്നു. ഡോളറിനെതിരെ രൂപ നേരിട്ട വീഴ്ചയാണ് കാരണമായത്. താരിഫ് വിഷയത്തില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി യുഎസ് സമവായത്തിന് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ ശ്രമങ്ങള്‍ക്കിടയിലും പല മേഖലകളിലും കനത്ത താരിഫ് ചുമത്താനുള്ള ട്രംപിന്റെ നയം പുതിയ ആശങ്കകള്‍ക്ക് കാരണമായി.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കടക്കം താരിഫ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് നല്‍കുന്ന സൂചന. ട്രംപിന്റെ ഈ നിലപാട് സ്വര്‍ണവില മുന്നോട്ട് കുതിക്കുന്നതിന് കാരണമാകും. സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി ഇതോടെ കൂടുതല്‍ ശക്തമാകും.
ആര്‍ബിഐ അടക്കമുള്ള വിവിധ കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നതും തിരിച്ചടിയാണ്. യുഎസിന്റെ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് നിലനിര്‍ത്തിയേക്കുമെന്ന വെല്ലുവിളികളാണ് മറ്റൊരു തിരിച്ചടി. എന്നാല്‍ വിവിധ രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിച്ചാല്‍ അത് ആശ്വാസകരമാകും.
ഇന്ത്യ-പാക് സംഘര്‍ഷം എങ്ങനെ ബാധിക്കും?
അന്താരാഷ്ട്ര തലത്ത് നിരക്ക് കുറയുമ്പോഴും, രാജ്യത്ത് വില വര്‍ധനവ് സംഭവിക്കുന്നതിന് ഇന്ത്യ-പാക് സംഘര്‍ഷവും ഒരു കാരണമാണ്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സ്വര്‍ണവില വര്‍ധനവിന് അനുകൂല ഘടകമാണ്. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിലും അത് ലോകം കണ്ടു. സംഘര്‍ഷക്കാലത്ത് സുരക്ഷിത നിക്ഷേപം എന്ന സ്വര്‍ണത്തിന്റെ പെരുമ വര്‍ധിക്കും.
ഇതിനൊപ്പം, നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി-കടപ്പത്ര വിപണികളില്‍ വിദേശ നിക്ഷേപം കുറയുമോയെന്ന ആശങ്ക രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും കാരണമായതും തിരിച്ചടിയായി.