AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Shell Price: തേങ്ങയ്ക്ക് മാത്രമല്ല ചിരട്ടയ്ക്കുമുണ്ട് ‘പൊന്നുംവില’; കുതിപ്പ് തുടരുന്നു

Coconut Shell Price Hike Reason: തേങ്ങ വേര്‍തിരിച്ചെടുത്തതിന് ശേഷം ചിരട്ട ഒഴിവാക്കുകയോ അല്ലെങ്കില്‍ കത്തിക്കുകയോ ആണ് നമ്മുടെ രീതി. എന്നാല്‍ ഇങ്ങനെ ചാരമായി പോകുന്ന ചിരട്ടകള്‍ വലിയ വിലയ്ക്കാണ് വ്യാപാരികള്‍ ശേഖരിക്കുന്നത്.

Coconut Shell Price: തേങ്ങയ്ക്ക് മാത്രമല്ല ചിരട്ടയ്ക്കുമുണ്ട് ‘പൊന്നുംവില’; കുതിപ്പ് തുടരുന്നു
തേങ്ങ Image Credit source: DeAgostini/Getty Images
shiji-mk
Shiji M K | Published: 07 Jul 2025 10:20 AM

തേങ്ങയുടെ വില വര്‍ധനവും അതുവഴി വെളിച്ചെണ്ണയുടെ വില കുതിക്കുന്നതുമെല്ലാം ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. എന്നാല്‍ ഇവയ്ക്ക് രണ്ടിനുമിടയില്‍ ആരുമറിയാതെ ഉയര്‍ന്ന വിലയ്ക്ക് കയറ്റുമതി ചെയ്ത് പോകുന്ന മറ്റൊരു സാധനമുണ്ട്. അത് മറ്റാരുമല്ല, നമ്മുടെ സ്വന്തം ചിരട്ടയാണ്.

തേങ്ങ വേര്‍തിരിച്ചെടുത്തതിന് ശേഷം ചിരട്ട ഒഴിവാക്കുകയോ അല്ലെങ്കില്‍ കത്തിക്കുകയോ ആണ് നമ്മുടെ രീതി. എന്നാല്‍ ഇങ്ങനെ ചാരമായി പോകുന്ന ചിരട്ടകള്‍ വലിയ വിലയ്ക്കാണ് വ്യാപാരികള്‍ ശേഖരിക്കുന്നത്.

വീട്ടിലെത്തി ചിരട്ടകള്‍ വാങ്ങിക്കുന്നവരും നിരവധിയാണ്. കിലോയ്ക്ക് 30 രൂപ മുതല്‍ 50 രൂപ വരെയാണ് നിലവില്‍ ലഭിക്കുന്നത്. ചിരട്ട ഉപയോഗിച്ച് അടുപ്പ് കത്തിക്കാന്‍ മാത്രമല്ല സാധിക്കുന്നത് അതിനുമപ്പുറത്തേക്ക് ഒട്ടനവധി ഉപയോഗങ്ങള്‍ ഉണ്ട് എന്നത് തന്നെയാണ് വില വര്‍ധനവിന് കാരണമാകുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ചിരട്ടയ്ക്ക് കിലോയ്ക്ക് 5 രൂപ മുതല്‍ 10 രൂപ വരെയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ വെറും മാസങ്ങള്‍ കൊണ്ട് ചിരട്ട വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. കേരളത്തില്‍ നിന്നും ശേഖരിക്കുന്ന ചിരട്ട കര്‍ണാടക, തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്.

ആക്രി തൊഴിലാളികള്‍ ഉള്‍പ്പെടെ വീടുകളില്‍ നിന്നും ചിരട്ട ശേഖരിക്കുന്നത്. എന്നാല്‍ ഇവരില്‍ പലരും വീട്ടുകാര്‍ക്ക് തുച്ഛമായ വിലയാണ് നല്‍കുന്നത്. വിദ്യാര്‍ഥികളില്‍ പലരും ഓണ്‍ലൈനായി ചിരട്ട ശേഖരിച്ച് ബിസിനസ് ചെയ്യാന്‍ ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ചിരട്ടക്കരി വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെല്ലാമുണ്ട്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍, പല്ല് തേക്കുന്നതിനുള്ള പൊടി തുടങ്ങിയവയിലെല്ലാം ചിരട്ടക്കരി ചേര്‍ക്കുന്നു.

Also Read: Coconut Oil Price Hike: തൊട്ടാൽ പൊള്ളും വെളിച്ചെണ്ണ, കൊപ്രയും കിട്ടാനില്ല; വില റെക്കോർഡിലേക്ക്..

ഒരു ടണ്‍ ചിരട്ടയില്‍ നിന്ന് ഏകദേശം 300 കിലോഗ്രാം ഉത്തേജിത കരി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ചിരട്ട ഡിമാന്‍ഡ് വര്‍ധിക്കുമ്പോള്‍ കാസര്‍കോഡ് ബദിയഡുക്ക മുണ്ട്യത്തടുക്കയില്‍ നിന്ന് 25 ചാക്ക് ചിരട്ട മോഷ്ടിച്ചവര്‍ പിടിയിലായെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്.