NICL AO Recruitment 2025: അടിസ്ഥാന ശമ്പളം 50925 രൂപ, എന്‍ഐസിഎല്ലില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാകാം
National Insurance Company Limited Recruitment 2025: ജനറലിസ്റ്റ് ഓഫീസേഴ്‌സ്, എംബിബിഎസ്, ലീഗല്‍, ഫിനാന്‍സ്, ഐടി, ഓട്ടോമൊബൈല്‍ എഞ്ചിനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. സ്പെഷ്യലിസ്റ്റ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 10 വർഷത്തേക്ക് അതേ സ്പെഷ്യലൈസേഷനിൽ തുടരേണ്ടതുണ്ട്

NICL
നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാകാന്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 266 ഒഴിവുകളുണ്ട്. ജൂലൈ മൂന്നാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആദ്യ ഘട്ട പരീക്ഷയും ജൂലൈയിലുണ്ടാകും. രണ്ടാം ഘട്ട പരീക്ഷ ഓഗസ്റ്റില്‍ നടത്താനാണ് തീരുമാനം. ജനറലിസ്റ്റ് ഓഫീസേഴ്‌സ്, എംബിബിഎസ്, ലീഗല്‍, ഫിനാന്‍സ്, ഐടി, ഓട്ടോമൊബൈല്‍ എഞ്ചിനിയേഴ്‌സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. സ്പെഷ്യലിസ്റ്റ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 10 വർഷത്തേക്ക് അതേ സ്പെഷ്യലൈസേഷനിൽ തുടരേണ്ടതുണ്ട്.
ഉദ്യോഗാർത്ഥി ഡ്യൂട്ടിയിൽ ചേരുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് പ്രൊബേഷനിലായിരിക്കും. പ്രൊബേഷൻ കാലയളവിൽ, ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന നോൺ-ലൈഫ് ‘ലൈസൻസേറ്റീവ് പരീക്ഷ’ പാസാകേണ്ടതുണ്ട്. ബോണ്ടും ബാധകമായിരിക്കും. 50,925 ആണ് ബേസിക് പേ. മെട്രോപൊളിറ്റൻ സെന്ററുകളിൽ ആകെ ശമ്പളം പ്രതിമാസം ഏകദേശം 90,000 രൂപയായിരിക്കും.
യോഗ്യതകള്‍
ഡോക്ടേഴ്‌സ് (എംബിബിഎസ്)
എം.ബി.ബി.എസ്/എം.ഡി./എം.എസ്. അല്ലെങ്കിൽ പി.ജി – അംഗീകൃത സർവകലാശാലയിൽ നിന്നുള്ള മെഡിക്കൽ ബിരുദം അല്ലെങ്കിൽ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദിഷ്ട മാനദണ്ഡപ്രകാരം അംഗീകരിച്ച തത്തുല്യമായ വിദേശ ബിരുദങ്ങൾ. ദേശീയ മെഡിക്കൽ കമ്മീഷനിൽ നിന്നോ ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിലിൽ നിന്നോ സാധുവായ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ലീഗല്‍
അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം/ബിരുദാനന്തര ബിരുദം. ബിരുദ പരീക്ഷയിൽ കുറഞ്ഞത് 60% മാര്‍ക്ക് വേണം.
ഫിനാന്‍സ്
ചാർട്ടേഡ് അക്കൗണ്ടന്റ് (ICAI) / കോസ്റ്റ് അക്കൗണ്ടന്റ് (ICWA). അല്ലെങ്കില്‍ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.കോം/എം.കോം ബിരുദം
ഐടി
അംഗീകൃത സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ഇ/ബി.ടെക്/എം.ഇ./എം.ടെക്/എം.സി.എ.
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്
ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ബി.ഇ./ ബി.ടെക്./ എം.ഇ./ എം.ടെക് അല്ലെങ്കില്‍ അംഗീകൃത സർവകലാശാലയിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ(കുറഞ്ഞത് ഒരു വർഷത്തെ കാലാവധി)യും ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്.
ജനറലിസ്റ്റ് ഓഫീസർമാർ
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം / ബിരുദാനന്തര ബിരുദം.
എങ്ങനെ അപേക്ഷിക്കാം?
21-30 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. 1000 രൂപയാണ് ഫീസ്, എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 250 രൂപ മതി. nationalinsurance.nic.co.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായും വായിക്കണം. തുടര്‍ന്ന് റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ അപേക്ഷിക്കാം.