JSK Censor Board Controversy: ‘ജാനകി’ എന്ന പേരിന് എന്താണ് കുഴപ്പം? പ്രതി അല്ലല്ലോയെന്ന് കോടതി, നീതി തേടുന്ന ഇരയെന്ന് നിർമാതാക്കൾ
JSK Censor Board Controversy: ജാനകി എന്ന കഥാപാത്രം നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹർജി സമർപ്പിച്ചത്.

JSK
സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ജാനകി എന്ന പേരിനെ എതിർക്കുന്നത് എന്ത് കൊണ്ടാണെന്ന് മറുപടി നൽകാൻ സെൻസർ ബോർഡിനോട് ജസ്റ്റിസ് എന്‍. നഗരേഷിന്റെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു.
മറുപടി സത്യവാങ്മൂലമായി നൽകാനാണ് നിർദേശം. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കും. ജാനകി എന്ന പേരിന് എന്താണ് കുഴപ്പം, അതിൽ നിന്ദാപരമായ എന്താണുള്ളതെന്നും കോടതി ചോദിച്ചു. നിരവധി സിനിമകളുടെ പേരുകള്‍ക്ക് മതപരമായ ബന്ധമുണ്ട്. സംവിധായകരോടും അഭിനേതാക്കളോടും സൃഷ്ടികളില്‍ മാറ്റം വരുത്താനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.
ALSO READ: ‘സെൻസർ ബോർഡ് നിലപാട് ബാലിശം’ ; ജെഎസ്‍കെ’ വിവാദത്തില്‍ സെൻസർ ബോർഡിനെതിരെ സംഘപരിവാർ സംഘടനയായ തപസ്യ
‘ജാനകി’ എന്ന കഥാപാത്രം സിനിമയില്‍ പ്രതിയല്ലല്ലോ, പ്രതിയുടെ പേരായിരുന്നെങ്കില്‍ എതിര്‍പ്പ് മനസിലാക്കാമായിരുന്നു. ഇവിടെ നീതിക്കുവേണ്ടി പോരാടുന്ന നായികയാണ്. കൃത്യമായ മറുപടി സത്യവാങ്മൂലമായി നല്‍കണമെന്നും കോടതി സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ജാനകി എന്ന കഥാപാത്രം നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുന്ന ഇരയാണെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ കോസ്മോസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് ഹർജി സമർപ്പിച്ചത്. ജൂണ്‍ 12-ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിട്ടും ഇതുവരെ ലഭിച്ചില്ലെന്നും സിനിമയുടെ പേരും കഥാപാത്രത്തിന്റെ പേരും ‘ജാനകി’ എന്നായതാണ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കാന്‍ കാരണമെന്നാണ് അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.