Maniyanpilla Raju: ‘ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല, ഭ്രാന്താണെന്ന് തോന്നുന്നു’; ടിനി ടോമിനെതിരെ ആഞ്ഞടിച്ച് മണിയന്‍പിള്ള രാജു
Maniyanpilla Raju criticizes Tiny Tom for his remark about Prem Nazir: നസീര്‍ സാറിനെ ഇഷ്ടപ്പെടുന്ന വലിയൊരു ജനം ഇവിടെയുണ്ട്. അവരെല്ലാം ടിനിയെ കല്ലെറിയും. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. രണ്ട് പടം വന്നാല്‍ പരിസരമൊക്കെ മറന്ന്, പണ്ട് നടന്ന രീതിയൊക്കെ മറക്കുന്നവരാണ് ഇവരൊക്കെയുമെന്നും മണിയന്‍പിള്ള രാജു

നടന് പ്രേംനസീറിനെക്കുറിച്ച് ടിനി ടോം നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതോടെ നസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് ബഹദൂറിന്റെയും അടൂര്‍ ഭാസിയുടെയും വീട്ടില്‍ പോയി കരയുമായിരുന്നുവെന്ന പരാമര്‍ശമാണ് വിവാദമായത്. ടിനി ടോമിന്റെ പരാമര്‍ശത്തിനെതിരെ ചലച്ചിത്ര മേഖലയ്ക്കുള്ളില്‍ വരെ വിമര്‍ശനമുയര്‍ന്നു. ഒടുവില്‍ മാപ്പപേക്ഷിച്ച് ടിനി ടോമും രംഗത്തെത്തി. ഒരു സീനിയര്‍ താരമാണ് തനിക്ക് ഈ വിവരം തന്നതെന്നും, എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കൈ മലര്‍ത്തുവാണെന്നുമായിരുന്നു ടിനി ടോമിന്റെ വിശദീകരണം. പിന്നാലെ ആ സീനിയര്‍ താരം ആരാണെന്നു സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമായി. ഇത് മണിയന്‍പിള്ള രാജുവാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് മണിയന്‍പിള്ള രാജു.
സംവിധായകന്‍ ആലപ്പി അഷ്‌റഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മണിയന്‍പിള്ള രാജുവിന്റെ വിശദീകരണം. ഈ സംഭാഷണത്തിന്റെ ഓഡിയോ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. മണിയന്‍ പിള്ള രാജുവാണ് തനിക്ക് ഇത് പറഞ്ഞുതന്നതെന്ന് മമ്മി സെഞ്ചുറിയോട് ടിനിം ടോം പറഞ്ഞുവെന്നായിരുന്നു മണിയന്‍ പിള്ള രാജുവിനോട് ആലപ്പി അഷ്‌റഫ് പറഞ്ഞത്. അതിന്റെ വോയ്‌സ് തനിക്ക് ലഭിച്ചതായും അഷ്‌റഫ് അവകാശപ്പെട്ടു. ഇവനൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ലെന്ന് മണിയന്‍പിള്ള രാജു ആലപ്പി അഷ്‌റഫിനോട് പറഞ്ഞു.




”ഞാന്‍ അദ്ദേഹത്തോടൊപ്പം പത്തോ പതിനഞ്ചോ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത്രയും ദൈവതുല്യനായ ഒരാളെ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്ന് ഇന്റര്‍വ്യൂകളില്‍ ഞാന്‍ പറയാറുണ്ട്. ടിനി ടോം മണ്ടത്തരങ്ങള്‍ പറഞ്ഞ് മുമ്പും വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടുണ്ട്. എന്തിനാണ് ഇത്രയും മഹാനായ ഒരാളെക്കുറിച്ച് മോശമായിട്ട് പറയുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു”-മണിയന്‍പിള്ള രാജു പറഞ്ഞു.
നസീര്‍ സാറിനെ ഇഷ്ടപ്പെടുന്ന വലിയൊരു ജനം ഇവിടെയുണ്ട്. അവരെല്ലാം ടിനിയെ കല്ലെറിയും. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. രണ്ട് പടം വന്നാല്‍ പരിസരവും പണ്ട് നടന്ന രീതിയുമൊക്കെ മറക്കുന്നവരാണ് ഇവരൊക്കെയുമെന്നും മണിയന്‍പിള്ള രാജു വിമര്‍ശിച്ചു.
മാപ്പ് ചോദിച്ച് ടിനി ടോം
‘ഗോഡ് ഓഫ് മലയാളം സിനിമ, ലെജന്‍ഡ് ഓഫ് മലയാളം സിനിമ’ ആയ നസീര്‍ സാറിനെ ആരാധിക്കുന്ന നിരവധി പേരില്‍ ഒരാളാണ് താനെന്ന് ടിനി ടോം പറഞ്ഞു. ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതില്‍ ചെറിയൊരു ഭാഗം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് ടിനി ടോം ആരോപിച്ചു. നസീര്‍ സാറിനെ നേരിട്ട് കണ്ടിട്ട് പോലുമില്ല. സീനിയറായ ഒരാള്‍ തന്ന ഇന്‍ഫര്‍മേഷനാണ്. അദ്ദേഹം ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. അല്ലാതെ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ചെടുത്തതല്ല ഇതെന്നും ടിനി ടോം പറഞ്ഞു.