Shine Tom Chacko: എല്ലാ അടിയും ഞാൻ നിർത്തി; ശീലങ്ങൾ മാറ്റാൻ ഡോക്ടർ പറഞ്ഞു: ഷൈൻ ടോം ചാക്കോ
Shine Tom Chacko On Withdrawal Symptoms: ലഹരി ഉപയോഗം നിർത്തിയതിന് ശേഷമുള്ള മാറ്റങ്ങൾ തുറന്നുപറഞ്ഞ് ഷെയിൻ ടോം ചാക്കോ. വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ടെന്നും ശീലങ്ങൾ മാറ്റാൻ ഡോക്ടർമാർ പറഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

ഷൈൻ ടോം ചാക്കോ
ലഹരി ഉപയോഗം നിർത്തിയതിൽ വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ടെന്ന് ഷൈൻ ടോം ചാക്കോ. നേരത്തെയുണ്ടായിരുന്ന ശീലങ്ങൾ മാറ്റാൻ ഡോക്ടർ പറഞ്ഞെന്നും അത് പിന്തുടർന്നാണ് വിത്ഡ്രോവൽ സിംപ്ടംസിനെ കൈകാര്യം ചെയ്യുന്നതെന്നും ഷൈൻ പറഞ്ഞു. അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിലാണ് ഷൈൻ ടോമിൻ്റെ വെളിപ്പെടുത്തൽ. വാഹനാപകടത്തിൽ പിതാവ് മരണപ്പെട്ടതിന് ശേഷം ഷൈൻ ടോമിൻ്റേതായി പുറത്തിറങ്ങുന്ന ആദ്യ ഇൻ്റർവ്യൂ ആണിത്. അപകടത്തിന് അഞ്ച് ദിവസം മുൻപാണ് ഇൻ്റർവ്യൂ ഷൂട്ട് ചെയ്തത്.
“എല്ലാ അടിയും ഞാൻ നിർത്തി. വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ട്. ആദ്യമൊക്കെ ഡബ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നമുക്കുണ്ടായിരുന്ന ശീലങ്ങളാണ്, ഇടക്ക് പോയി പുകവലിക്കുക. ഇപ്പോൾ ഡബ് ചെയ്യുന്ന സമയത്ത് ഈ ശീലങ്ങളൊക്കെ കട്ട് ചെയ്തു. അങ്ങനെ പൊയ്ക്കൊണ്ടിരിക്കുന്നത് കാരണ, ആ സമയം നമ്മൾ എൻഗേജ്ഡ് ആക്കി ഇരിക്കണം. അത് ഗെയിംസിലേക്ക് തിരിച്ചുവിടാനാണ് ഡോക്ടർമാർ പറയുന്നത്. അങ്ങനെ ഞാൻ അര മണിക്കൂർ ടെന്നീസ് കളിച്ചു. അത് കഴിഞ്ഞ് ഡബ് ചെയ്തു. അത് കഴിഞ്ഞ് അര മണിക്കൂർ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ വിത്ഡ്രോവൽ സിംപ്ടംസ് കൂടുതലായിട്ട് വരും.”- ഷൈൻ പറഞ്ഞു.
“ഡ്രഗ് എന്ന് പറയുന്നത് ഒരു കമ്പാനിയൻ ആണല്ലോ. ഇപ്പോൾ എല്ലാവരുടെ കമ്പാനിയനും മൊബൈൽ ഫോണാണ്. മൊബൈൽ ഫോൺ ഇല്ലെങ്കിൽ വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ടാവും. അതൊരു കമ്പാനിയൻ ആണല്ലോ. അതായത്, നമ്മുടെ പാർട്ണറിനെക്കാൾ വലിയ കമ്പാനിയനാണ് നമ്മുടെ ശീലങ്ങളും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും. ആ സ്പേസിനെ എൻഗേജ്ഡ് ആക്കി നിർത്തിക്കൊണ്ടിരിക്കണം. എന്നെക്കാളും മയക്കുമരുന്ന് ഉപയോഗത്തിൽ ബുദ്ധിമുട്ടിയത് എനിക്ക് ചുറ്റുമുള്ളവരാണ്.”- അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം ആറിനാണ് ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. സേലം-ബംഗ്ളൂരു ദേശീയ പാതയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനം ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷൈനെയും കൊണ്ട് ബെംഗളൂരുവിലെ ലഹരിവിമുക്ത കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ ഉണ്ടായ അപകടത്തിൽ പിതാവ് സിപി ചാക്കോ മരണപ്പെട്ടിരുന്നു.