Kochi Ship Accident: കൊച്ചി കപ്പല്‍ അപകടം; കമ്പനിക്കെതിരെ കേസെടുത്ത് പോലീസ്
Police Filed Case Against MSC Elsa Company: മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്കുകള്‍ കൈകാര്യം ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അറുനൂറിലേറെ കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്ര നടത്തിയിരുന്നത്. ഇത് ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മുങ്ങുകയായിരുന്നു.

കൊച്ചി: വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്ക് വരുന്നതിനിടെ കൊച്ചി പുറങ്കടലില്‍ വെച്ച് കപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കേസെടുത്ത് പോലീസ്. എംഎസ്‌സി എല്‍സ 3 എന്ന കപ്പല്‍ കമ്പനിയെ ഒന്നാം പ്രതിയാക്കിയാണ് ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്. രണ്ടാം പ്രതി ഷിപ്പ് മാസ്റ്ററാണ്.
മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്കുകള്‍ കൈകാര്യം ചെയ്തുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. അറുനൂറിലേറെ കണ്ടെയ്‌നറുകളുമായാണ് കപ്പല്‍ യാത്ര നടത്തിയിരുന്നത്. ഇത് ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മുങ്ങുകയായിരുന്നു.
കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകളില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള ഹാനികരമായ രാസവസ്തുക്കള്‍ ഉണ്ടായിരുന്നു. മാത്രമല്ല കപ്പലില്‍ നിന്നുള്ള ഇന്ധന ചോര്‍ച്ചയും ഭീഷണിയായി. മെയ് 25നായിരുന്നു അപകടം. ലൈബീരിയന്‍ കപ്പലാണ് എല്‍സ.




അതേസമയം, കപ്പലില്‍ നിന്ന് ഇന്ധനം കടലിലേക്ക് ചോരുന്നത് തടയാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. മാത്രമല്ല ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോര്‍ച്ച മുങ്ങല്‍ വിദഗ്ധര്‍ പരിഹരിച്ചു. കൂടാതെ മറ്റൊരു സൗണ്ടിങ് പൈപ്പിന്റെ ക്യാപ് ഇളകിയിരുന്നതും പരിഹരിച്ചിട്ടുണ്ട്.
കപ്പലിന്റെ മെയിന്‍ എഞ്ചിന്‍ ല്യൂബ് ഓയില്‍ ടാങ്ക് 25 ലും 26 ലും ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. ഇത് അടയ്ക്കുന്നതിനായുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ ടിആന്‍ടി സാല്‍വേജില്‍ നിന്നുള്ള 12 മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി. നടപടികള്‍ വേഗത്തിലാക്കാന്‍ 12 പേരെ കൂടി എത്തിക്കും.
Also Read: Kochi Ship Accident: കൊച്ചിയിലെ കപ്പല്‍ അപകടം; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനം
48 മണിക്കൂറിനുള്ളില്‍ അത്യാധുനിക മുങ്ങല്‍ ഉപകരണങ്ങള്‍ എത്തിച്ച് കടലിനടിയിലുള്ള സാധനങ്ങള്‍ പുറത്തെത്തിക്കുകയും കപ്പലിലെ ടാങ്കുകളില്‍ നിന്ന് ഇന്ധനം മാറ്റുന്നതിനും വഴിയൊരുക്കും. ഉപകരണങ്ങള്‍ എത്തിച്ചതിന് ശേഷം മാത്രമേ ഇന്ധനം നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി.