Nilambur Kovilakam: ആനകളെ റേഷന്‍ കാര്‍ഡില്‍ ചേര്‍ത്ത കോവിലകം; നിലമ്പൂരിന്റെ ചരിത്രം
Nilambur By Election 2025: ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുമടമകളായിരുന്ന നിലമ്പൂര്‍ കോവിലകം, തമിഴ്‌നാടിന്റെ ഗൂഡല്ലൂര്‍ വരെ വ്യാപിച്ച് കിടന്നിരുന്നു. പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയും നിലമ്പൂര്‍ കോവിലകത്തിന്റെ സ്വന്തമായിരുന്നു ഒരു കാലത്ത്.

നിലമ്പൂര്‍ കോവിലകം
കേരളത്തിലെ കോവിലകങ്ങളെല്ലാം ഓര്‍മകളായി തുടങ്ങി. ചിലത് ചിതലുകള്‍ക്ക് വഴി മാറിയപ്പോള്‍ മറ്റ് ചിലത് റിസോര്‍ട്ടുകള്‍ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടു. എന്നാല്‍ ഇവിടെയാണ് നിലമ്പൂര്‍ കോവിലകത്തിന് പ്രസക്തിയേറുന്നത്. തന്റെ പ്രതാപത്തിന് ഒട്ടും മങ്ങലേല്‍ക്കാതെ ചാലിയാറിന്റെ കരയില്‍ തലയെടുപ്പോടെയുണ്ട് നിലമ്പൂര്‍ കോവിലകം.
നിലമ്പൂര്‍ കോവിലകം
മലപ്പുറം ജില്ലയിലെ തച്ചറക്കാവില്‍ സ്ഥിതി ചെയ്യുന്ന കോവിലകമാണ് നിലമ്പൂര്‍ കോവിലകം. കോഴിക്കോട് സാമൂതിരി രാജാവിന്റെ സാമന്തരാജാക്കന്മാരായിരുന്നു കോവിലകം ഭരിച്ചിരുന്നത്. 13ാം നൂറ്റാണ്ടില്‍ നെടിയിരുപ്പ് സ്വരൂപത്തില്‍ നിന്നും വന്ന ഏറാടിമാരാണ് നിലമ്പൂര്‍ കോവിലകം സ്ഥാപിച്ചത്.
ഏറനാട്ടിലെ ഏറ്റവും വലിയ ഭൂവുമടമകളായിരുന്ന നിലമ്പൂര്‍ കോവിലകം, തമിഴ്‌നാടിന്റെ ഗൂഡല്ലൂര്‍ വരെ വ്യാപിച്ച് കിടന്നിരുന്നു. പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ എന്ന ആനയും നിലമ്പൂര്‍ കോവിലകത്തിന്റെ സ്വന്തമായിരുന്നു ഒരു കാലത്ത്. എഴുപത്തിയൊന്ന് ആനകള്‍ വരെ മുറ്റത്ത് നിരന്ന് നിന്നിരുന്ന ചരിത്രമുണ്ട് നിലമ്പൂര്‍ കോവിലകത്തിന്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഏഴ് ആനകള്‍ക്ക് ഇവിടെ റേഷന്‍ കാര്‍ഡ് പോലും ഉണ്ടായിരുന്നുവെന്നും ചരിത്രം വ്യക്തമാക്കുന്നു. മാത്രമല്ല, കേരളത്തിലെ മറ്റ് കോവിലകങ്ങളെ അപേക്ഷിച്ച് ഇരുട്ടുമൂടിയ മുറികള്‍ ഇവിടെയില്ല. കേരളീയ വാസ്തുശാസ്ത്ര മാതൃകയില്‍ നിര്‍മിച്ച പതിനാറ് കെട്ടിന് പ്രൗഢി നല്‍കിയത് ബ്രിട്ടീഷ് ആര്‍ക്കിടെക്ചറിന്റെ സ്വാധീനമാണ്.
300 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള കോവിലകത്തിന്റെ മാറ്റ് ഒട്ടും ചോരാതെ കാത്ത് സൂക്ഷിക്കുന്നതിന് നിലമ്പൂര്‍ കാട്ടിലെ മരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. കോവിലകത്തിന്റെ പ്രൗഢമായ ഫര്‍ണിച്ചര്‍ ശേഖരം ഏവരുടെയും മനംകവരും.
ഇന്ന് അവിടെ ആര്‍ക്കും ചെന്ന് താമസിക്കാം. കോവിലകത്ത് ഒരു ഹോംസ്‌റ്റേ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഹോട്ടലിന്റെ ഛായയിലല്ല പ്രവര്‍ത്തനം എന്ന് മാത്രം. കോവിലകത്തിലെ രണ്ട് മുറികളായിരുന്നു സഞ്ചാരികള്‍ക്ക് താമസിക്കാനായി മാറ്റിയെടുത്തത്.